IPL2020: ഇന്ന് ഐ പി എല്ലിൽ തുല്ല്യ ശക്തികളുടെ പോരാട്ടം

IPL2020: ഇന്ന് ഐ പി എല്ലിൽ തുല്ല്യ ശക്തികളുടെ പോരാട്ടം

ദുബായ് : ഐപിഎല്ലില്‍  ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. തുടര്‍ച്ചയായ രണ്ടാം ജയമാണ് ബാംഗ്ലൂര്‍ ലക്ഷ്യമിടുന്നത്. ഡല്‍ഹിയോട് സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്.ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത ഇരുടീമുകളും മികച്ച ടീമിനെയാണ് ഈ സീസണില്‍ അണിനിരത്തുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് (യു എ ഇ സമയം) മത്സരം. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ആര്‍സിബി ഇറങ്ങുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ ക്ഷീണത്തിലാണ്

കോലിപ്പട ആത്മവിശ്വാസത്തിൽ

എല്ലാ സീസണിലും തോറ്റ് തുടങ്ങുന്ന കോലിപ്പട ഇത്തവണ തകര്‍പ്പന്‍ ജയത്തോടെയാണ് 13ാം സീസണിലേക്കുള്ള വരവറിയിച്ചത്. എല്ലാ സീസണിലും ബൗളിങ് ടീമിന് തലവേദന സൃഷ്ടിക്കാറുണ്ടെങ്കിലും ഇത്തവണ ഡെയ്ല്‍ സ്‌റ്റെയിന്‍ എത്തിയതോടെ ഒരു പരിധിവരെ ഈ പ്രശ്‌നത്തിന് പരിഹാരമായി. പരിക്കേറ്റ ക്രിസ് മോറിസിന് കളിക്കാന്‍ സാധിക്കാത്തത് മാത്രമാണ് നിലവില്‍ ആര്‍സിബിയെ അലട്ടുന്ന പ്രശ്‌നം. സ്പിന്‍ ബൗളിങ്ങില്‍ യുസ്‌വേന്ദ്ര ചഹാല്‍ താളം കണ്ടെത്തിക്കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. എബി ഡിവില്ലിയേഴ്‌സ്,യുവതാരം ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ ശോഭിച്ചിരുന്നു. എന്നാല്‍ വിരാട് കോലി ഉള്‍പ്പെടുന്ന ബാറ്റിങ് നിര ഇനിയും ഫോമിലേക്കുയരേണ്ടതുണ്ട്.

ഇന്ന് ക്രിസ് ഗെയിൽ കളിക്കുമോ?

ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറില്‍ തോറ്റതിന്റെ ക്ഷീണം മറക്കാന്‍ ഇന്നത്തെ ജയം കിങ്‌സ് ഇലവന്‍ പഞ്ചാബിന് അത്യാവശ്യമാണ്. ബാറ്റിങ് നിരയാണ് ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയത്. മായങ്ക് അഗര്‍വാള്‍ ഒഴികെ മറ്റാര്‍ക്കും ബാറ്റിങ്ങില്‍ ശോഭിക്കാനായില്ല. കെ എല്‍ രാഹുല്‍,കരുണ്‍ നായര്‍,നിക്കോളാസ് പുരാന്‍,മായങ്ക് അഗര്‍വാള്‍,സര്‍ഫറാസ് ഖാന്‍ തുടങ്ങിയ ബാറ്റ്‌സ്മാന്‍മാരെല്ലാം ഫോമിലേക്കുയരേണ്ടതുണ്ട്. ക്രിസ് ഗെയ്‌ലിനെ ആദ്യ മത്സരത്തില്‍ പഞ്ചാബ് പുറത്തിരുത്തിയിരുന്നു. ആര്‍സിബിക്കെതിരേ മികച്ച റെക്കോഡുള്ള ഗെയ്ല്‍ ഇന്ന് കളിക്കാനുള്ള സാധ്യത കൂടുതലാണ്. ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിക്കും ഷെല്‍ഡോന്‍ കോട്രലിനുമൊപ്പം രവി ബിഷ്‌നോയിയും തരക്കേടില്ലാതെ പന്തെറിയുന്നുണ്ട്.

പഞ്ചാബും ബാംഗ്ലൂരും ഒപ്പത്തിനൊപ്പം 

പഞ്ചാബും ബാംഗ്ലൂരും നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ്. 12 കളി വീതം ഇരുടീമുകളും ജയിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് സീസണുകളില്‍ ആകെ ഏറ്റുമുട്ടിയ നാല് മത്സരങ്ങളിലും ആര്‍സിബി ആണ് ജയിച്ചത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂര്‍ 10 റണ്‍സിന് വിജയിച്ചിരുന്നു. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറില്‍ തോറ്റാണ് പഞ്ചാബ് എത്തുന്നത്.  

(ജെ കെ, സീന്യൂസ്‌ലൈവ്)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.