ചർച്ചകളിലൂടെ സമാധാനം കൈവരിക്കാം; അഞ്ച് ഭൂഖണ്ഡങ്ങളിലും അരങ്ങേറുന്ന സംഘർഷങ്ങളെക്കുറിച്ച് അവലോകനവുമായി ഫ്രാൻസിസ് മാർപ്പാപ്പ

ചർച്ചകളിലൂടെ സമാധാനം കൈവരിക്കാം; അഞ്ച് ഭൂഖണ്ഡങ്ങളിലും അരങ്ങേറുന്ന സംഘർഷങ്ങളെക്കുറിച്ച്   അവലോകനവുമായി ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: ആണവ ഭീഷണിയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്ന ഈ കാലഘട്ടത്തിൽ നമുക്ക് ഒരുമിച്ച് സമാധാനം കെട്ടിപ്പടുക്കാമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. വത്തിക്കാനിലേക്കുള്ള വിവിധ നയതന്ത്ര പ്രതിനിധികൾക്ക് ജനുവരി ഒൻപതാം തിയതി അനുവദിച്ച കൂടിക്കാഴ്ച്ചയിൽ നടത്തിയ പ്രഭാഷണത്തിലാണ് സംഭാഷണത്തിലൂന്നിയ സമാധാന പ്രക്രിയകളുടെ പ്രാധാന്യത്തെ ഫ്രാൻസിസ് പാപ്പ എടുത്തു പറഞ്ഞത്.

വത്തിക്കാനുമായി ഒന്നിച്ചു പ്രവർത്തിക്കുന്ന നയതന്ത്ര വിഭാഗത്തിന്റെ ഉദ്യോഗസ്ഥരുമായി എല്ലാ വർഷവും നടത്തുന്ന കൂടിക്കാഴ്ച്ച ഇത്തവണ തിങ്കളാഴ്ച രാവിലെ പത്തുമണിക്കായിരുന്നു നടന്നത്. സമ്മേളനത്തിൽ ഉക്രെയിനിലെ "വിവേചനരഹിതമായ യുദ്ധത്തിന് അടിയന്തിര അന്ത്യം" നൽകണമെന്നും വധശിക്ഷയും ഗർഭഛിദ്രവും നിർത്തലാക്കണമെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു.

കൂടിക്കാഴ്ച്ചയിൽ നയതന്ത്ര വിഭാഗ കൂട്ടായ്മയുടെ നേതാവ് ഡോ. ജോർജെസ് പൊളിദെസ്, മാർപ്പാപ്പയെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് ഫ്രാൻസിസ് മാർപാപ്പ എല്ലാവരുടെയും സാന്നിധ്യത്തിന് നന്ദി പറഞ്ഞുകൊണ്ട് തന്റെ പ്രഭാഷണം ആരംഭിച്ചു.


വാർഷിക പുതുവർഷ യോഗത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ അന്താരാഷ്ട്ര വിഷയങ്ങളെ അഭിസംബോധന ചെയ്തു. നമ്മുടെ ലോകം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികൾ മാർപ്പാപ്പ എടുത്തുകാട്ടി. ഉക്രെയ്നിലെ യുദ്ധം മൂലം ബോംബുകൾ കൊണ്ട് മാത്രമല്ല, പട്ടിണിയും തണുപ്പും മൂലം ആളുകൾ മരിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് പാപ്പ വ്യക്തമാക്കി.

ബ്രസീൽ, പെറു, ഹെയ്തിയി എന്നിവിടങ്ങളിലെ രാഷ്ട്രീയ-സാമൂഹിക സംഘർഷങ്ങൾ, ഇസ്രായേലികൾക്കും ഫലസ്തീനികൾക്കുമിടയിലുള്ള അക്രമങ്ങൾ, ഇറാനിലെ വധശിക്ഷ, അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് എന്നീ വിഷയങ്ങളിലേക്കും മാർപ്പാപ്പ നയതന്ത്ര പ്രതിനിധികളുടെ ശ്രദ്ധ ക്ഷണിച്ചു.

കൂടാതെ സിറിയയിലും യെമനിലും നിരന്തരമായി മാരകമായ കുഴിബോംബുകളെ ഭയന്ന് ജീവിക്കുന്ന ജനലക്ഷങ്ങൾ, ആഫ്രിക്കയിൽ തീവ്രവാദം, തെക്കൻ കോക്കസസിലെ സംഘർഷങ്ങൾ, ലെബനനിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി, മെഡിറ്ററേനിയനെ ശ്മശാനമാക്കി മാറ്റിയ കുടിയേറ്റത്തിലൂടെ ഉണ്ടാകുന്ന ദാരുണ ദുരന്തങ്ങൾ എന്നിങ്ങനെയുള്ള പ്രതിസന്ധികളെക്കുറിച്ചും മാർപ്പാപ്പ പരാമർശിച്ചു.

മൂന്നാം ലോകമഹായുദ്ധം

ലോകം മുഴുവൻ ഏറിവരുന്ന വിഭാഗീയതകളുടെയും യുദ്ധങ്ങളുടെയും നടുവിൽ സമാധാനത്തിനായുള്ള വലിയ ആവശ്യം എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പാപ്പ തന്റെ വാക്കുകൾ ആരംഭിച്ചത്. അഞ്ച് ഭൂഖണ്ഡങ്ങളിൽ ഇന്ന് സംഘർഷങ്ങളും പിരിമുറുക്കങ്ങളും അരങ്ങേറുന്ന പ്രശ്‌നബാധിത പ്രദേശങ്ങളെ പരാമർശിച്ച് ആഗോള സാഹചര്യത്തെക്കുറിച്ച് പാപ്പ ഒരു അവലോകനം നടത്തി.

ഉയർന്നുവരുന്ന യാഥാർത്ഥ്യം "മൂന്നാം ലോകമഹായുദ്ധത്തിലേക്ക്" വിരൽ ചൂണ്ടുന്ന ഒന്നാണെന്നും എല്ലാ സംഘർഷങ്ങൾക്കും യഥാർത്ഥത്തിൽ ആഗോള സ്വഭാവമാണ് ഉള്ളതെന്നും ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കി.

ലോകത്തിലെ സംഘർഷങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് സമാധാനം കെട്ടിപ്പടുക്കാനും ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കാനും മാർപ്പാപ്പ ആഹ്വാനം ചെയ്തു. "ഉയർന്ന രാഷ്ട്രീയ സാമൂഹിക ധ്രുവീകരണം" കാരണം വിവിധ രാജ്യങ്ങളിൽ "സ്വാതന്ത്ര്യത്തിന്റെ വിശാലത ദുർബലമായിക്കൊണ്ടിരിക്കുകയാണ്.

പെറുവിലും ഹെയ്തിയിലും ഇപ്പോൾ ബ്രസീലിലും ഭരണകൂട സ്ഥാപനങ്ങൾക്കെതിരായി നടക്കുന്ന ആക്രമണങ്ങൾ ഇത്തരം ധ്രുവീകരണം കൊണ്ടുവരുന്ന "പിരിമുറുക്കങ്ങളും അക്രമവും നിറഞ്ഞ" സാഹചര്യങ്ങളുടെ ഉദാഹരണങ്ങളാണ്. "പക്ഷപാതപരമായ ചിന്താ രീതികളെ മറികടക്കേണ്ടതും പൊതുനന്മയുടെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ടതും നിലവിലെ സാഹചര്യത്തിൽ ആവശ്യമാണ്" എന്നും മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു.

ചൈന കരാർ

എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ നിര്യാണത്തിൽ അംബാസഡർമാർക്ക് നൽകിയ അനുശോചന സന്ദേശങ്ങൾക്ക് നന്ദി പറഞ്ഞ ഫ്രാൻസിസ് പാപ്പ "വലിയ വിഭജനങ്ങൾക്കും യുദ്ധങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന ഈ ലോകത്ത് സമാധാനത്തിനായി ആഹ്വാനം" ചെയ്തു.

സംഭാഷണങ്ങൾക്കായി നയതന്ത്ര മേഖലയിൽ ഓരോരുത്തരും നൽകുന്ന സംഭാവനകളെ പാപ്പാ അഭിനന്ദിച്ചു. പൊതുതാല്പര്യങ്ങൾ സംരക്ഷിക്കപ്പെടുവാൻ എല്ലാവരും യോജിച്ചുനിൽക്കണമെന്നും അതിനായി വിനയാന്വിതമായ മനസോടെ മറ്റുള്ളവരെ ചേർത്തുപിടിക്കണമെന്നും പാപ്പ പറഞ്ഞു.

"ബഹുമാനത്തോടെയും ക്രിയാത്മകവുമായ ചർച്ചകളുടെ പശ്ചാത്തലത്തിൽ" ചൈനയ്ക്കും വത്തിക്കാനും ഇടയിലുള്ള ബിഷപ്പുമാരുടെ നിയമനങ്ങൾ സംബന്ധിച്ച താൽക്കാലിക കരാറിന്റെ വിപുലീകരണവും മാർപ്പാപ്പ പരാമർശിച്ചു.

"കത്തോലിക്ക സഭയുടെയും ചൈനീസ് ജനതയുടെയും ജീവിതത്തിന്റെ നന്മയ്ക്കായി ഈ സഹകരണ ബന്ധം വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ" ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ആണവ ഭീഷണി

ക്യൂബൻ മിസൈൽ പ്രതിസന്ധിയുടെ പേരിൽ ഒരു ആണവയുദ്ധത്തിന്റെ ഭീഷണി നിലനിൽക്കുന്ന സമയത്ത് ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ എഴുതിയ 'ഭൂമിയിൽ സമാധാനം' (Pacem in Terris) എന്ന ചാക്രിക ലേഖനത്തെക്കുറിച്ചും മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

ലേഖനത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അതിലെ വാക്കുകൾ ഫ്രാൻസിസ് പാപ്പ അടിവരയിട്ടു പറഞ്ഞു. ഭൂമുഖത്തെ മുഴുവൻ നശിപ്പിക്കുന്ന അണുബോംബുകൾ ഉപയോഗിച്ചുകൊണ്ടുള്ള യുദ്ധങ്ങൾ ആ ചാക്രികലേഖനത്തിൽ പ്രതിപാദിക്കപ്പെടുമ്പോൾ ഇന്നും ഇതേ വെല്ലുവിളികളുടെ നടുവിലാണ് നാം കഴിയുന്നതെന്ന് ഓർക്കണമെന്ന് മാർപ്പാപ്പ പറഞ്ഞു.

"സംവാദം വിജയിക്കുമെന്ന് തെളിയിക്കപ്പെട്ടിരുന്നില്ലെങ്കിൽ അന്ന് മാനവികത സ്വന്തം ഉന്മൂലനത്തിൽ നിന്ന് ഒരു ചുവട് മാത്രം അകലെയാകുമായിരുന്നു..... ഖേദകരമെന്നു പറയട്ടെ, ഇന്നും ആണവ ഭീഷണി ഉയർന്നുവരുന്നു. ലോകം ഒരിക്കൽ കൂടി ഭയവും വേദനയും അനുഭവിക്കുന്നു" പാപ്പ വ്യക്തമാക്കി.

"ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് അധാർമികമാണ്." കാരണം ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ നിരീക്ഷിച്ചതുപോലെ "ഏതെങ്കിലും ആകസ്മികവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങളാൽ ഒരു കൊടും തീപിടുത്തം ഉണ്ടായേക്കുമെന്നത് തള്ളിക്കളയാനാകില്ല" എന്ന് ഫ്രാൻസിസ് പാപ്പ ഉറപ്പിച്ചു പറഞ്ഞു. ആണവായുധങ്ങൾ ഉയർത്തുന്ന അപകടസാധ്യതകളും "യുദ്ധം മൂലം ഉണ്ടാകുന്ന ഭയാനകമായ കൊലയും നാശങ്ങളെക്കുറിച്ചും" മാർപ്പാപ്പ വിശദീകരിച്ചു.


മാത്രമല്ല ഇറാൻ ആണവ കരാറിനെക്കുറിച്ചുള്ള ചർച്ചകളിലെ സ്തംഭനാവസ്ഥയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പ്രത്യേക ഉത്കണ്ഠ പ്രകടിപ്പിക്കുകയും "കൂടുതൽ സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്നതിന്" ഉടനടി പരിഹാരം പ്രതീക്ഷിക്കുന്നുവെന്നും പാപ്പ പറഞ്ഞു.

മൂന്നാം ലോകമഹായുദ്ധത്തിന്റെ സാദ്ധ്യതകൾ ഇന്ന് ലോകം മുഴുവൻ അനുഭവിക്കുന്നു. എല്ലാ ഭൂഖണ്ഡങ്ങളിലും യുദ്ധത്തിന്റെ ദുരിതങ്ങൾ മനുഷ്യരെ നിസ്സഹായരാക്കുന്നു. അതിനാൽ സത്യത്തിന്റെയും, നീതിയുടെയും, സഹാനുഭവത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും എല്ലാ തലങ്ങളിലും സമാധാനം ഉറപ്പിക്കുവാനുള്ള വലിയ വിളിയാണ് ഓരോ നയതന്ത്ര ഉദ്യോഗസ്ഥർക്കും ഉള്ളതെന്ന് മാർപ്പാപ്പ എടുത്തു പറഞ്ഞു.

ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണം

മാർപാപ്പ പിന്നീട് തന്റെ ചിന്തകൾ ഉക്രെയ്നിൽ കേന്ദ്രീകരിക്കുകയും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായി ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. ഇത്തരം പ്രവർത്തികളിലൂടെ " വെടിവെയ്‌പ്പ് മൂലവും ആക്രമണങ്ങൾ മൂലവും മാത്രമല്ല, വിശപ്പും തണുത്തുറഞ്ഞ കാലാവസ്ഥ മൂലവും നിരപരാധികളായ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാകുന്നു."

"ഇന്ന് ഈ യുക്തിരഹിതമായസംഘർഷം ഉടനടി അവസാനിപ്പിക്കണം എന്ന എന്റെ അഭ്യർത്ഥന പുതുക്കാൻ ഞാൻ ബാധ്യസ്ഥനാണ്. കാരണം യുദ്ധം ആരംഭിച്ചതോടെ ഊർജം, ഭക്ഷ്യ ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ പ്രത്യാഘാതങ്ങൾ മൂലം യൂറോപ്പിലും പുറത്തും, പ്രത്യേകിച്ച് ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവപ്പെടുന്നു" മാർപ്പാപ്പ കൂട്ടിച്ചേർത്തു.

വധശിക്ഷ നിർത്തലാക്കണം

ലോകത്തെ പിരിമുറുക്കം നിലനിൽക്കുന്ന മറ്റ് മേഖലകളിലേക്കും മാർപ്പാപ്പ നയതന്ത്ര പ്രതിനിധികളുടെ ശ്രദ്ധ ക്ഷണിച്ചു. സ്ത്രീകളുടെ മാന്യതയെ കൂടുതൽ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രകടനങ്ങളെ എതിർത്തുനില്ക്കാൻ വധശിക്ഷ നടപ്പിലാക്കുന്ന ഇറാനെ ഫ്രാൻസിസ് പാപ്പ പരാമർശിച്ചു. ദിവസങ്ങൾക്ക് മുമ്പ് പോലും ഈ രാജ്യത്ത് ഏതാനും വധശിക്ഷകൾ നടപ്പിലാക്കിയിരുന്നു.

"വധശിക്ഷ ഒരു പ്രത്യേക രാജ്യത്തിന്റെ നീതിക്കായി ഉപയോഗിക്കാൻ കഴിയില്ല. കാരണം അത് ഇരകൾക്ക് നീതി നൽകുന്നില്ല, മറിച്ച് പ്രതികാര ദാഹം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ, ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും നിയമനിർമ്മാണത്തിൽ നിന്നും വ്യക്തികളുടെ അന്തസ്സിനെ ആക്രമിക്കുന്ന, അസ്വീകാര്യമായ വധശിക്ഷ അവസാനിപ്പിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു."

ഒരു വ്യക്തിക്ക് അവന്റെ അവസാന നിമിഷം വരെ പശ്ചാത്തപിക്കാനും പാപത്തിൽ നിന്നും പിന്തിരിയാനും സാധിക്കുമെന്ന വസ്തുത നമുക്ക് അവഗണിക്കാനാവില്ലെന്നും മാർപ്പാപ്പ ഓർമിപ്പിച്ചു.

രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ

ദാരിദ്ര്യവും ഉപരോധവും ഇപ്പോഴും അനുഭവിക്കുന്ന സിറിയയിലേക്ക് മാർപ്പാപ്പ ശ്രദ്ധ തിരിച്ചു. “ഭരണഘടനാപരമായ പരിഷ്‌കാരങ്ങൾ ഉൾപ്പെടെയുള്ള ആവശ്യമായ മാറ്റങ്ങളിലൂടെയാണ് ആ രാജ്യത്തിന്റെ പുനർജന്മം ഉണ്ടാകേണ്ടത്” പാപ്പ പറഞ്ഞു.

അതേ വേദനയോടെ ഫലസ്തീനികൾക്കും ഇസ്രായേലികൾക്കും ഇടയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ചും മാർപ്പാപ്പ സംസാരിച്ചു. രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധികൾ മൂലം അനവധി നിരപരാധികളായ ഇരകൾ വേദനിക്കേണ്ടി വരുന്നുവെന്നും രാജ്യങ്ങൾ തമ്മിൽ "പരസ്പര അവിശ്വാസം" ഉണ്ടാക്കുകയും ചെയ്തുവെന്നും പാപ്പ വ്യക്തമാക്കി.

ജറുസലേമിന്റെ നിലവിലുള്ള സ്ഥിതി പരിഹരിച്ച് രാജ്യത്തിന് ബഹുമാനിക്കപ്പെടാനുമുള്ള അവസരം ഉണ്ടാക്കണമെന്ന് ആഹ്വാനം ചെയ്ത പാപ്പ അതേ സമയം വത്തിക്കാൻ ഇതിനകം പ്രകടിപ്പിച്ച ഒരു നിലപാട് വീണ്ടും ഉറപ്പിച്ചു പറഞ്ഞു.

"ഇസ്രായേൽ, ഫലസ്തീൻ ഭരണകൂടങ്ങളുടെ അധികാരികൾ അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ എല്ലാ പ്രസക്തമായ പ്രമേയങ്ങൾക്കും അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം അതിന്റെ എല്ലാ വശങ്ങളിലും നടപ്പിലാക്കുന്നതിനായി നേരിട്ട് സംവദിക്കാനുള്ള ധൈര്യവും ദൃഢനിശ്ചയവും വീണ്ടെടുക്കാൻ കഴിയുമെന്ന് ഞാൻ പ്രത്യാശ പ്രകടിപ്പിക്കുന്നു."

ആഫ്രിക്ക, കോക്കസസ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ വെല്ലുവിളികൾ

ആഫ്രിക്ക, കോക്കസസ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ വെല്ലുവിളികളെക്കുറിച്ചും ഫ്രാൻസിസ് മാർപ്പാപ്പ വിശദീകരിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അവസ്ഥയിലേക്ക് നയതന്ത്ര പ്രതിനിധികളുടെ ശ്രദ്ധ ക്ഷണിച്ച മാർപ്പാപ്പ ജനുവരി അവസാനം ഈ രാജ്യത്തേക്ക് "സമാധാനത്തിന്റെ തീർത്ഥാടകനായി" എത്തുമെന്നും വ്യക്തമാക്കി.

കൂടാതെ രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ തുടരുന്ന അക്രമങ്ങൾ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ പാപ്പ ദക്ഷിണ സുഡാനിലെ ജനങ്ങളുടെ സമാധാനത്തിനായുള്ള മുറവിളിയിൽ താനും ഒന്നുചേരുന്നുവെന്നും കൂട്ടിച്ചേർത്തു.

തുടർന്ന് തെക്കൻ കോക്കസസിൽ "വെടിനിർത്തലിനും സൈനികരും സാധാരണക്കാരുമായ തടവുകാരെ മോചിപ്പിക്കാനും" ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തു. കൂടാതെ വെടിനിർത്തൽ ഉണ്ടായിട്ടും കുഴിബോംബുകൾ മൂലം സാധാരണക്കാർ മരിക്കാനിടയായ യെമനിലെ സ്ഥിതിവിശേഷത്തെ പാപ്പ അപലപിച്ചു.

എത്യോപ്യയിലെ മാനുഷിക പ്രതിസന്ധിയെ നേരിടാനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താൻ മാർപ്പാപ്പ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.

സുഡാൻ, മാലി, ചാഡ്, ഗിനിയ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ നടക്കുന്ന പരിവർത്തന പ്രക്രിയകൾ "മേഖലകളിലെ ജനവിഭാഗങ്ങളുടെ ന്യായമായ അഭിലാഷങ്ങളെ മാനിച്ച്" നടക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച മാർപ്പാപ്പ ബുർക്കിന ഫാസോ, മാലി, നൈജീരിയ എന്നിവിടങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് തന്റെ ആശങ്കകൾ പ്രകടിപ്പിച്ചു.


ഏഷ്യയിലേക്ക് തിരിയുമ്പോൾ "രണ്ട് വർഷമായി അക്രമവും കഷ്ടപ്പാടും മരണവും അനുഭവിച്ച" മ്യാൻമറിനെക്കുറിച്ചും ഇച്ഛാശക്തിയും പ്രതിബദ്ധതയും ശക്തിപ്പെടുത്തുന്ന കൊറിയൻ ഉപദ്വീപിനെക്കുറിച്ചും മാർപ്പാപ്പ തന്റെ ആശങ്ക പ്രകടിപ്പിച്ചു. മുഴുവൻ കൊറിയൻ ജനതയ്ക്കും സമാധാനവും സമൃദ്ധിയും ആഗ്രഹിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചുചേർത്തു.

സമഗ്രമായ നിരായുധീകരണം

എല്ലാ സംഘട്ടനങ്ങളും പുതിയതും കൂടുതൽ നൂതനവുമായ ആയുധങ്ങളുടെ ഉൽപാദനത്തിലേക്കാണ് വഴിതുറക്കുന്നതെന്നും മാർപ്പാപ്പ പറഞ്ഞു. അതുമൂലമുണ്ടാകുന്ന മാരകമായ അനന്തരഫലങ്ങൾ നാം മനസിലാക്കണം. ആയുധങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ സമാധാനം ഉറപ്പാക്കാൻ കഴിയില്ലെന്ന വാദത്താൽ ഇത്തരം പ്രവർത്തങ്ങൾ ന്യായീകരിക്കപ്പെടുന്നുവെന്നും മാർപ്പാപ്പ വിശദീകരിച്ചു.

"മരണത്തിന്റെ ഉപകരണങ്ങൾ പെരുകുന്നിടത്ത് സമാധാനം സാധ്യമല്ലാത്തതിനാൽ, ഈ ചിന്താരീതി മാറ്റുകയും സമഗ്രമായ നിരായുധീകരണത്തിലേക്ക് നീങ്ങുകയും ചെയ്യേണ്ടത് ആവശ്യമാണ്" ഫ്രാൻസിസ് പാപ്പ ഉദ്ബോധിപ്പിച്ചു.

സ്ത്രീകളോടുള്ള ബഹുമാനം

"സമാധാനത്തിന്റെ നൂലുകൾ പുതിയതായി നെയ്തെടുക്കാൻ" സത്യം, നീതി, സ്വാതന്ത്ര്യം, ഐക്യദാർഢ്യം എന്നിവയിൽ നിന്ന് വീണ്ടും ആരംഭിക്കാൻ മാർപ്പാപ്പ തന്റെ വാക്കുകളിലൂടെ ഏവരെയും ക്ഷണിക്കുന്നു. ഒന്നാമതായി മനുഷ്യ വ്യക്തി എന്ന നിലയിൽ ഓരോ സ്ത്രീകളുടെയും "ജീവിക്കാനും ശാരീരിക സമഗ്രതയ്ക്കുമുള്ള അവകാശം" നാം മാനിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറയുന്നു.

ഈ കാലഘട്ടത്തിൽ പോലും പല രാജ്യങ്ങളിലും സ്ത്രീകൾ "രണ്ടാം തരം പൗരന്മാരായി" കണക്കാക്കപ്പെടുന്നു. അല്ലെങ്കിൽ "അക്രമത്തിനും ദുരുപയോഗത്തിനും വിധേയരായി പഠിക്കാനും ജോലി ചെയ്യാനും അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്താനും കഴിയാതെ ജീവിക്കുന്ന അനേകം സ്ത്രീകൾ ഉണ്ട്.

ആരോഗ്യപരിരക്ഷയും ആവശ്യത്തിനുള്ള ഭക്ഷണം പോലും നിഷേധിക്കപ്പെടുന്ന സ്ത്രീകളും ധാരാളം, ഇത് പ്രത്യേകിച്ചും ആശങ്ക ഉണ്ടാക്കുന്നതാണെന്ന് പാപ്പ പറഞ്ഞു. "സ്ത്രീകൾക്ക് സമൂഹത്തിൽ ജീവിതത്തിനും സമാധാനത്തിന്റെ ആദ്യ സഖ്യകക്ഷികളാകാനും അതുല്യമായ സംഭാവന നൽകാൻ കഴിയും" എന്നും മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു.

അബോർഷൻ വേണ്ട

സമാധാനം എന്ന ആശയം മുന്നോട്ട് വെക്കുന്നത് ജീവൻ സംരക്ഷിക്കുക എന്നത് കൂടിയാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കി. "അബോർഷൻ ചെയ്യാനുള്ള അവകാശം ഉന്നയിക്കുന്നവർ അമ്മയുടെ ഉദരത്തിൽ പോലും ഒരു കുഞ്ഞിന്റെ ജീവൻ അപകടത്തിലായിരിക്കുന്നു" എന്ന് മാർപ്പാപ്പ പറയുന്നു.

"ആർക്കും മറ്റൊരു മനുഷ്യന്റെ ജീവന്റെന്മേൽ അവകാശം ഉന്നയിക്കാൻ കഴിയില്ല. പ്രത്യേകിച്ച് ശക്തിയില്ലാത്തതും പൂർണ്ണമായും പ്രതിരോധമില്ലാത്തതുമായ ഭ്രൂണത്തിന്റെ ജീവന് മേൽ."

"നല്ല ഇച്ഛാശക്തിയുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും മനഃസാക്ഷി, പ്രത്യേകിച്ച് രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾ ഉള്ളവർ, ദുർബലരായവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രോഗികളെയും വികലാംഗരെയും വൃദ്ധരെയും ഒറ്റപ്പെടുത്തുന്ന ദൗർഭാഗ്യകരമായ പ്രവർത്തികൾക്കെതിരെ പോരാടുന്നതിനും മുന്നോട്ട് വരണം" എന്നും ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തു.


അടിസ്ഥാനപരമായി "ജീവനോടുള്ള ഭയം" ഒരു കുടുംബം സൃഷ്ടിക്കുന്നതിലും കുട്ടികളെ ലോകത്തിലേക്ക് കൊണ്ടുവരുന്നതിലും ഭയം സൃഷ്ടിക്കുന്നുവെന്നും മാർപ്പാപ്പ നിരീക്ഷിക്കുന്നു. ജനനനിരക്കിലെ അപകടകരമായ വീഴ്ചയുടെ ഉദാഹരണമാണ് ഇറ്റലിയെന്നും പാപ്പ ചൂണ്ടിക്കാണിക്കുന്നു.

"അജ്ഞതയും മുൻവിധിയുമാണ് ഭയം വളർത്തുന്നത്. അങ്ങനെ ആളുകൾ എളുപ്പത്തിൽ മാനസിക സംഘർഷങ്ങളിലേക്ക് അധപതിക്കും" പാപ്പ കൂട്ടിച്ചേർത്തു.

ഭയത്തിന്റെ മറുമരുന്ന് വിദ്യാഭ്യാസം

ഭയത്തിന്റെ മറുമരുന്ന് വിദ്യാഭ്യാസമാണെന്നും ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കുന്നു. "വിദ്യാഭ്യാസത്തിന്റെ ശരിയായ പ്രവർത്തനത്തിന് എപ്പോഴും വ്യക്തിയോടും അവന്റെ അല്ലെങ്കിൽ അവളുടെ സ്വാഭാവിക ശരീരഘടനയോടും സമഗ്രമായ ബഹുമാനവും ഒപ്പം അസ്വാഭാവികവും ആശയക്കുഴപ്പം നിറഞ്ഞതുമായ ചിന്തകൾ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. "

"അഫ്ഗാൻ സ്ത്രീകൾക്ക് സംഭവിക്കുന്നതുപോലെ ജനസംഖ്യയുടെ ഒരു ഭാഗം വിദ്യാഭ്യാസത്തിൽ നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല."

മാത്രമല്ല വിദ്യാഭ്യാസത്തിനായുള്ള പൊതു സംഭാവനകളും ആയുധങ്ങൾക്കുള്ള ചെലവുകളും തമ്മിലുള്ള ലജ്ജാകരവും ആനുപാതികമല്ലാത്തതുമായ ബന്ധം മാറ്റാൻ ധൈര്യം കണ്ടെത്തണമെന്ന് മാർപ്പാപ്പ രാജ്യങ്ങളോട് ശക്തമായ അഭ്യർത്ഥന നടത്തി.

മതസ്വാതന്ത്ര്യം

മതസ്വാതന്ത്ര്യത്തിന്റെ സാർവത്രിക അംഗീകാരത്തിനും മാർപാപ്പ ശക്തമായി ആഹ്വാനം ചെയ്തു. കാരണം "ജനങ്ങൾ തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്നതിനാൽ പീഡിപ്പിക്കപ്പെടുന്നു എന്നത് വിഷമകരമാണ്." ക്രിസ്ത്യാനികൾ ന്യൂനപക്ഷമല്ലാത്ത രാജ്യങ്ങളിൽ പോലും ഇത് സംഭവിക്കുന്നു.

"മതസ്വാതന്ത്ര്യം എന്നത് ആരാധനാസ്വാതന്ത്ര്യമായി മാത്രം ചുരുക്കാൻ കഴിയില്ല. കരണം മാന്യമായ ഒരു ജീവിതരീതിക്ക് ആവശ്യമായ ഏറ്റവും ചെറിയ ഘടകങ്ങളിൽ ഒന്നാണ് മതസ്വാതന്ത്ര്യം. ഈ അവകാശം സംരക്ഷിക്കാനും ഓരോ വ്യക്തിയും പൊതുനന്മയ്ക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ഉറപ്പാക്കാനും സർക്കാരുകൾക്ക് കടമയുണ്ട്."

വാസ്തവത്തിൽ മതം വ്യത്യസ്‌ത ജനങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും സംവാദത്തിനും അവസരങ്ങൾ പ്രദാനം ചെയ്യുന്നുവെന്ന് 2019 ൽ അബുദാബിയിൽ ഒപ്പുവച്ച മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖ അനുസ്മരിച്ചുകൊണ്ട് മാർപ്പാപ്പ സ്ഥിരീകരിച്ചു.

ബഹുമുഖവാദം

ഈ വിഭജിത ലോകത്തിന് വേണ്ടത് ചർച്ചകളിലൂടെയുള്ള നീതിയാണെന്നും ഫ്രാൻസിസ് മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു. ഉക്രെയ്‌നിലെ സംഘർഷം വ്യക്തമാക്കുന്നത്പോലെ, ശക്തമായി സ്ഥാപിച്ച വ്യവസ്ഥകളിൽ അത് ബഹുമുഖവാദമായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നും മാർപ്പാപ്പ ചൂണ്ടിക്കാട്ടി.

"ഇത് ഫലപ്രദമായി പ്രവർത്തിക്കാൻ അനുവദിക്കുന്ന സംഘടനകളുടെ പരിഷ്കരണം ആവശ്യപ്പെടുന്നു. അതിലൂടെ അവർക്ക് എല്ലാവരുടെയും ആവശ്യങ്ങളുടെയും സംവേദനക്ഷമതയുടെയും യഥാർത്ഥ പ്രതിനിധികളാകാനും ചിലർക്ക് കൂടുതൽ ഭാരം നൽകുന്ന നടപടിക്രമങ്ങൾ ഒഴിവാക്കാനും കഴിയും."

"ഇത് സഖ്യങ്ങൾ ഉണ്ടാക്കുന്നതല്ല, മറിച്ച് എല്ലാവർക്കും സംഭാഷണത്തിൽ പങ്കാളികളാകാൻ അവസരമൊരുക്കുകയാണ് ചെയ്യുന്നത്" എന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

പ്രത്യയശാസ്ത്ര കോളനിവൽക്കരണം

കുടിയേറ്റക്കാർക്കും നിരായുധീകരണത്തിനും ആഹ്വാനം ചെയ്യുന്ന അല്ലെങ്കിൽ ദാരിദ്ര്യത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എതിരായ "സ്തുത്യർഹമായ സംരംഭങ്ങൾ" അനുസ്മരിച്ചുകൊണ്ട്, "ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ വലിയ നന്മ കൈവരിക്കാൻ കഴിയും" എന്ന് ഫ്രാൻസിസ് മാർപ്പാപ്പ ഉറപ്പുനൽകി.

"എങ്കിലും അടുത്ത കാലത്തായി വിവിധ അന്താരാഷ്ട്ര ചര്‍ച്ചാവേദികളിൽ ധ്രുവീകരണത്തിൽ വർദ്ധനവ് കാണുകയും ഒരൊറ്റ ചിന്താഗതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടു. ഇത് സംഭാഷണത്തെ തടസ്സപ്പെടുത്തുകയും കാര്യങ്ങൾ വ്യത്യസ്തമായി കാണുന്നവരെ പാർശ്വവത്കരിക്കുകയും ചെയ്യുന്നു."

"പുരോഗമനത്തെ" പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില നിലപാടുകളിൽ നിന്ന് വിയോജിക്കുന്നവരോട് അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്ന പ്രത്യയശാസ്ത്ര സമഗ്രാധിപത്യം കൂടുതൽ ദൃശ്യമാകുന്നതിന്റെ അപകടസാധ്യതയെക്കുറിച്ച് മാർപ്പാപ്പ മുന്നറിയിപ്പ് നൽകി.


ഇത്തരം സമീപനങ്ങൾ വാസ്തവത്തിൽ, ചിന്താ സ്വാതന്ത്ര്യത്തിന്റെയും മനസ്സാക്ഷി സ്വാതന്ത്ര്യത്തിന്റെയും ലംഘനത്തിലൂടെ മനുഷ്യരാശിയുടെ മൊത്തത്തിലുള്ള പിന്നോക്കാവസ്ഥയിലേക്ക് നയിക്കുമെന്ന് തോന്നുന്നുവെന്നും പാപ്പ വ്യക്തമാക്കി. "പ്രത്യയശാസ്ത്ര കോളനിവൽക്കരണത്തിന്റെ രൂപങ്ങൾ" എന്ന് ഫ്രാൻസിസ് മാർപ്പാപ്പ മുൻകാലങ്ങളിൽ വിളിച്ചത് ഇതിനെയാണ്.

"സാമ്പത്തിക സഹായം നൽകുന്നതിനെ അത്തരം ആശയങ്ങളുടെ സ്വീകാര്യതയുമായി" നേരിട്ട് ബന്ധിപ്പിക്കാൻ അവർക്ക് കഴിയുമെന്ന് പാപ്പ പറയുന്നു. "അധികാര ബന്ധങ്ങളുടെ അടിസ്ഥാനം" സ്ഥാപിച്ചുകൊണ്ട് അവർ അന്താരാഷ്ട്ര ഓർഗനൈസേഷനുകളിലെ ആന്തരിക സംവാദത്തെ ബുദ്ധിമുട്ടിക്കുന്നു.

കുടിയേറ്റക്കാരെ സഹായിക്കുക

ലോകമെങ്ങും ഐക്യദാർഢ്യത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു. കാരണം പകർച്ചവ്യാധി നമുക്ക് കാണിച്ചുതന്നതുപോലെ "ഒറ്റയ്ക്ക് ആർക്കും രക്ഷിക്കാപ്പെടാനാവില്ല."

"നാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു ലോകത്തിലാണ് ജീവിക്കുന്നത്. അതിനാൽ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ എല്ലാവർക്കും അനന്തരഫലങ്ങൾ ഉണ്ടാക്കുന്നു." പ്രത്യേകിച്ചും കുടിയേറ്റ വിഷയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാർപ്പാപ്പ ആഹ്വാനം ചെയ്തു.

"നമുക്ക് ആലോചനയില്ലാതെ മുന്നോട്ട് പോകാൻ കഴിയുന്ന ഒരു പ്രശ്നമല്ല കുടിയേറ്റം. അവിടെ മെഡിറ്ററേനിയൻ കടലിലേക്ക് മാത്രം നാം നോക്കേണ്ടതുണ്ട്. കടലിൽ "നഷ്‌ടപ്പെട്ട ഓരോ ജീവിതങ്ങളും നാഗരികതയുടെ കപ്പൽ തകർച്ചയുടെ പ്രതീകമാണ്."

"യൂറോപ്പിൽ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനും സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സമന്വയിപ്പിക്കുന്നതിനും അനുയോജ്യമായ നയങ്ങൾ രൂപീകരിക്കേണ്ടതുണ്ട്. കുടിയേറ്റത്തിനും അഭയത്തിനും വേണ്ടിയുള്ള പുതിയ ഉടമ്പടിയുടെ അംഗീകാരത്തിലൂടെ ഒരു ചട്ടക്കൂട് ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്" എന്നും മാർപ്പാപ്പ പറഞ്ഞു.

ജോലിയും പരിസ്ഥിതിയും

"ബിസിനസിലും ജോലിയിലും എല്ലാവരുടെയും അന്തസ്സ് പുനസ്ഥാപികാണാമെന്നും ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തു. തൊഴിലാളികളെ ഒരു ചരക്കായി പരിഗണിക്കുന്ന എല്ലാത്തരം ചൂഷണങ്ങളെയും ചെറുക്കേണ്ടത് ആവശ്യമാണ്.

കൂടാതെ പാക്കിസ്ഥാനിൽ സംഭവിച്ചതുപോലെ കാലാവസ്ഥാ വ്യതിയാനം വിനാശമുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് നമ്മുടെ ഭൂമിക്കായി പ്രവർത്തിക്കാനും മാർപ്പാപ്പ ആഹ്വാനം ചെയ്തു.

നമ്മുടെ അയൽക്കാരും സഹോദരങ്ങളും

ഓരോ രാജ്യങ്ങളുടെ പ്രദേശിക വിപുലീകരണമോ പ്രതിരോധത്തിനുള്ള ശേഷിയോ എന്തുതന്നെയായാലും അവർ സമാധാനം കെട്ടിപ്പടുക്കുന്നതിന് മറ്റ് രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയും അഖണ്ഡതയുടെയും സുരക്ഷയുടെയും ലംഘനത്തിന് ഒരു സ്ഥാനവും ഉണ്ടാകരുതെന്നും ഫ്രാൻസിസ് പാപ്പ പ്രത്യേകം ഓർമിപ്പിച്ചു.

"ഓരോ സമൂഹത്തിലും നമ്മുടെ അയൽക്കാരനെ സ്വാഗതം ചെയ്യാനും ആലിംഗനം ചെയ്യാനും നമുക്ക് കഴിയണം. ഒരു സഹോദരനോ സഹോദരിയോ എന്നതിലുപരി ആക്രമിക്കാനുള്ള ശത്രുവായി കണക്കാക്കുന്ന അടിച്ചമർത്തലിന്റെയും ആക്രമണത്തിന്റെയും സംസ്കാരം അവസാനിപ്പിച്ചെങ്കിൽ മാത്രമേ ഇത് സംഭവിക്കൂ" മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ഒരിക്കൽക്കൂടി തന്റെ നന്ദിയും, സ്നേഹവും അറിയിച്ച ഫ്രാൻസിസ് മാർപ്പാപ്പ പുതുവത്സരത്തിന്റെ ഭാവുകങ്ങൾ കൂടിയിരുന്നവർക്കും അവർ പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങൾക്കും നൽകികൊണ്ട് തന്റെ വാക്കുകൾ ഉപസംഹരിച്ചു.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.