ശബരിമലയിലെ പ്ലാസ്റ്റിക് വിലക്കിൽ ഇളവില്ല

ശബരിമലയിലെ പ്ലാസ്റ്റിക് വിലക്കിൽ  ഇളവില്ല

കൊച്ചി: പ്ലാസ്റ്റിക് ഉപയോഗിക്കുന്ന കാര്യത്തിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ശബരിമലയിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനുള്ള വിലക്ക് താൽക്കാലികമായി നീക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. കോവിഡ് എന്നും ഉണ്ടായിരിക്കില്ലെന്നും പ്ലാസ്റ്റിക് മൂലമുള്ള ദുരിതം കാലങ്ങളോളം തുടരുമെന്നും ഓർമ്മിപ്പിച്ചുകൊണ്ട് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് ടി ആർ രവിയും അടങ്ങിയ ഡിവിഷണൽ ബെഞ്ചാണ് ആവശ്യം തള്ളിയത്.

മണ്ഡലകാലത്ത് ഫെയ്സ് ഷീൽഡ്, മാസ്ക്, ഗ്ലൗസ്, പ്ലാസ്റ്റിക് കുപ്പികൾ, ഹാൻഡ് സാനിറ്റൈസർ, എന്നിവ കൊണ്ടുപോകാനായി ഇളവു നൽകണമെന്നായിരുന്നു ആവശ്യം. 2015 ലും 2018 ലുമായി രണ്ട് ഉത്തരവിലൂടെയാണ് ഹൈക്കോടതി ശബരിമലയിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് വിലക്കിയത്. കോവിഡ് സാഹചര്യം കണക്കിലെടുത്തു തന്നെയാണ് സർക്കാർ ശബരിമലയിലേക്ക് ഭക്തരെ അനുവദിച്ചത്. പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീക്കുന്നത് പോലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാതെ എല്ലാം മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. ദേവസ്വം ജീവനക്കാരെയും ശബരിമലയിൽ നിയോഗിച്ചിരിക്കുന്ന മറ്റു ജീവനക്കാരെയും  കർശന നിയന്ത്രണത്തോടെ പ്ലാസ്റ്റിക് ഉപയോഗിക്കാൻ അനുവദിക്കണമെന്ന ദേവസ്വം അഭിഭാഷകന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.