'ഏകവ്യക്തി നിയമം ഭരണഘടന വിഭാവനം ചെയ്തത്; നടപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്': നിലപാട് ആവര്‍ത്തിച്ച് മോഡി

 'ഏകവ്യക്തി നിയമം ഭരണഘടന വിഭാവനം ചെയ്തത്; നടപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്': നിലപാട് ആവര്‍ത്തിച്ച് മോഡി

ഭോപ്പാല്‍: ഏകവ്യക്തി നിയമം ഭരണഘടന വിഭാവനം ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭോപ്പാലിലെ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

നിയമത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് വ്യത്യസ്ത നിയമം ശരിയാണോ. സുപ്രീം കോടതി ഏകവ്യക്തി നിയമം നടപ്പാക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു സമുദായത്തിന് എതിരായ കാര്യമല്ല ഏക വ്യക്തിനിയമം.

ഇത് മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഈ പ്രീണന നയം തുടരുന്നത്. ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും തുല്യ അവകാശമാണ് നല്‍കുന്നത്. ഓരോ വ്യക്തികള്‍ക്കും ഓരോ നിയമത്തിനനുസരിച്ച് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാഖ് മൂലം കുടുംബങ്ങള്‍ ദുരിതത്തിലാകുന്നു. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ പോലും മുത്തലാഖ് നിര്‍ത്തലാക്കിയിട്ടുണ്ട്. മുത്തലാഖിന് വേണ്ടി വാദിക്കുന്നവര്‍ മുസ്ലീം സ്ത്രീകളോട് കടുത്ത അനീതിയാണ് കാണിക്കുന്നത്. മുത്തലാഖ് സ്ത്രീകളെ മാത്രമല്ല മുഴുവന്‍ കുടുംബങ്ങളെയും നശിപ്പിക്കും.

ഏറെ പ്രതീക്ഷയോടെയാണ് വീട്ടുകാര്‍ മകളെ വിവാഹം ചെയ്ത് അയക്കുന്നത് എന്നാല്‍ മുത്തലാഖ് ചൊല്ലി തിരിച്ചയക്കുമ്പോള്‍ ആ കുടുംബം തകര്‍ന്നു പോകുന്നു. മുസ്ലീം പെണ്‍കുട്ടികളെ മുത്തലാഖിന്റെ കുരുക്കിലാക്കാനാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് താന്‍ എവിടെ പോയാലും മുസ്ലീം സഹോദരിമാര്‍ ബിജെപിക്കും തനിക്കുമൊപ്പം നില്‍ക്കുന്നതെന്ന് അദേഹം പറഞ്ഞു.

പൊതുയോഗത്തില്‍ കേരളത്തിനെതിരെയും മോഡി രൂക്ഷ വിമര്‍ശനം നടത്തി. കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ പട്ടിക വിഭാഗക്കാര്‍ക്ക് ഇടമില്ലെന്നും പല പട്ടിക വിഭാഗങ്ങളെയും വികസനത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതായും മോഡി പറഞ്ഞു.

ചില പട്ടികവര്‍ഗ വിഭാഗങ്ങളുടെ പേര് എടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം. കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന്റെ ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളം ഉള്‍പ്പടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിന് തയ്യാറാകുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.