ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ വരണം എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഐഎസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു.
കേരളത്തില്‍ ദിവസങ്ങള്‍ തങ്ങി പാര്‍ട്ടി നേതാക്കളുടേയും ഘടകകക്ഷി നേതാക്കളുടേയും അഭിപ്രായങ്ങളും പരാതികളും കേട്ട ശേഷമാണ് താരിഖ് അന്‍വര്‍ വിശദമായ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ചത്. വയനാട് എംപികൂടിയായ രാഹുല്‍ ഗാന്ധി കേരളത്തില്‍ കൂടുതല്‍ സജീവമാകണം എന്നും റിപ്പോര്‍ട്ടില്‍ താരിഖ് അന്‍വര്‍ എടുത്ത് പറയുന്നുണ്ട്. രാഹുല്‍ ഗാന്ധി നിലവില്‍ കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങളില്‍ കാര്യമായി ശ്രദ്ധിക്കുന്നില്ല. ഇക്കാര്യത്തില്‍ സോണിയ ഗാന്ധി തന്നെ ഇടപെടണം എന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
കെപിസിസി നേതൃ മാറ്റത്തെപ്പറ്റി സൂചിപ്പിക്കാത്ത റിപ്പോര്‍ട്ടില്‍ ജില്ലാ, ബ്ലോക്ക് , മണ്ഡലം, തലങ്ങളില്‍ നേതൃമാറ്റം വേണമെന്നും പുന:സംഘടന ഉടന്‍ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തരീഖ് അന്‍വറിന്റെ റിപ്പോര്‍ട്ട് പരിഗണിക്കപ്പെടുകയാണെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന് തത്കാലം ഭീഷണിയില്ലെന്ന് പറയാം. സംസ്ഥാന തലത്തില്‍ സംഘടനയ്ക്ക് കൂട്ടായ നേതൃത്വം വേണമെന്ന് മാത്രമാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടിലുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. അത് തിരിച്ചുകൊണ്ടുവരണം.അതിനുള്ള നടപടികള്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കണം. ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം ഉറച്ചു നിന്ന ക്രൈസ്തവ, മുസ്ലീം വോട്ടുകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൈവിട്ടുപോയി എന്ന വിലയിരുത്തലും താരീഖ് അന്‍വറിന് ഉണ്ട്. മധ്യതിരുവിതാംകൂറില്‍ ക്രൈസ്തവ വോട്ടുകള്‍ നഷ്ടപ്പെട്ടതാണ് യുഡിഎഫിന്റെ വലിയ തിരിച്ചടിയ്ക്ക് വഴിവച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പൊതുവേയുള്ള വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.