കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വിട്ടയച്ച വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനര്‍വിചാരണ നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തു. കേസ് പുനര്‍ വിചാരണ ചെയ്യാന്‍ പോക്‌സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
പുനരന്വേഷണം വേണമെങ്കില്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിക്കണമെന്നും കോടതി വ്യക്തമാക്കി. കുട്ടികളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ അംഗീകരിച്ചാണ് വിധി. ആവശ്യമെങ്കില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണം. നാലു പ്രതികളും 20ന് വിചാരണക്കോടതിയില്‍ ഹാജരാകണം. പോക്‌സോ കോടതി ജഡ്ജിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പിന്നീടു മരിച്ച നിലയില്‍ കണ്ടെത്തിയെന്ന കേസില്‍ പാലക്കാട് പോക്‌സോ കോടതിയാണ് നേരത്തെ പ്രതികളെ വിട്ടയച്ചത്. ജഡ്ജിമാരായ എ. ഹരിപ്രസാദ്, എം.ആര്‍. അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ 2017 ജനുവരി 13നും ഒമ്പത് വയസുള്ള ഇളയ കുട്ടിയെ 2017 മാര്‍ച്ച് നാലിനും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസിന് ആധാരം.
വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നീ നാല് പ്രതികള്‍ക്കെതിരെ ആറ് കേസുകളാണുള്ളത്. രണ്ടു പെണ്‍കുട്ടികളെയും പീഡിപ്പിച്ച കേസില്‍ പ്രതിയായ പ്രദീപ് അപ്പീല്‍ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിരുന്നു. വലിയ മധു രണ്ട് പെണ്‍കുട്ടികളെയും പീഡിപ്പിച്ച കേസിലും, ചെറിയ മധുവും ഷിബുവും മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.
വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പോക്‌സോ കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സര്‍ക്കാര്‍ തുറന്നു സമ്മതിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.