'മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം; ജയിലില്‍ കിടന്നും മത്സരിക്കാം': ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

 'മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം; ജയിലില്‍ കിടന്നും മത്സരിക്കാം': ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് കോടതി അഭിപ്രായപ്പെട്ടു. മുസ്ലീം എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇബ്രാഹിം കുഞ്ഞ് അനുമതി തേടിയിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. മല്‍സരിക്കാനുള്ള അപേക്ഷ പിന്‍വലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും മുന്‍ മന്ത്രി തയ്യാറാകണം. ആരോഗ്യ കാര്യങ്ങള്‍ പരിഗണിക്കാച്ചാണ് ജാമ്യം നല്‍കാന്‍ ആലോചിച്ചത്. എന്നാല്‍ മത്സരിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. ജയിലില്‍ പോയാലും മത്സരിക്കാം. ഇത്തരം ആവശ്യങ്ങളുമായി കോടതിക്ക് മുന്നില്‍ വരരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ജയിലില്‍ പോയാല്‍ ജീവനോടെ തിരിച്ച് വരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ പറഞ്ഞത്.

എന്നാല്‍ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷയില്‍ പരസ്പര വിരുദ്ധങ്ങളായ വാദങ്ങളാണ് ഇബ്രാഹിം കുഞ്ഞ് ഉന്നയിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്‌നമാണ് നേരത്തേ ചൂണ്ടിക്കാട്ടിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം വിദഗ്ദ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് നല്‍കാന്‍ അനുവദിക്കണമെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ പറഞ്ഞു.

ജാമ്യാപേക്ഷ കോടതി ഇനി വെള്ളിയാഴ്ച പരിഗണിക്കും. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായി വികെ ഇബ്രാഹിംകുഞ്ഞിനെ കഴിഞ്ഞ മാസം 18 നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇബ്രാംഹീം കുഞ്ഞിനെ ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അര്‍ബുദ ബാധിതനാണെന്ന് വ്യക്തമാക്കിയ ഇബ്രാഹിം കുഞ്ഞ് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.