കൊച്ചി: ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പാലം തുറന്നു നല്‍കിയതും തുര്‍ന്നുണ്ടായ അറസ്റ്റുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ഉദ്ഘാടനം വെറുമൊരു ചടങ്ങ് മാത്രമാണന്നിരിക്കെ പാലം തുറക്കാന്‍ മുഹൂര്‍ത്തം നോക്കി കാത്തിരിക്കുകയാണ് ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍.
മുഖ്യമന്ത്രി കാലെടുത്തു വച്ചാല്‍ മാത്രമേ ഉദ്ഘാടനം ആകൂ എന്നുണ്ടോ? ഒരു ഭിക്ഷക്കാരന്‍ കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേ..? ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലം - ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
വൈറ്റിലയിലും കുണ്ടന്നൂരും ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. നിര്‍മാണം പൂര്‍ത്തിയായിട്ടും രണ്ടും കിടക്കുകയാണ്. തിരഞ്ഞെടുപ്പു വരുമ്പോഴേയ്ക്കുള്ള വിലപേശലിനു വേണ്ടി വച്ചോണ്ടിരിക്കുകയാണ് സര്‍ക്കാര്‍. അവസാനം പ്രശ്‌നങ്ങളുണ്ടായി ജനങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് ജനുവരി ഒമ്പതിന് തുറക്കുമെന്ന തീയതി പ്രഖ്യാപിച്ചത്. അന്നു തന്നെ ഉദ്ഘാടനം നടക്കുമെന്ന് പോലും പറയാനാവില്ല.
വോട്ടിനു വേണ്ടി, എന്തോ വലിയ കാര്യം ചെയ്‌തെന്നു പറഞ്ഞ് വിലപേശാന്‍ വച്ചിരിക്കുകയാണ് പാലങ്ങള്‍. പാലം തുറക്കുന്നതിനു മുമ്പ് ഭാരം കയറ്റി പരിശോധിക്കണം എന്നൊന്നും എങ്ങും പറഞ്ഞിട്ടില്ല. ശാസ്ത്രീയമായി പണിതു കഴിഞ്ഞാല്‍ ഭാരം കയറ്റി പരിശോധന നടത്തേണ്ട കാര്യമില്ല. അതും കഴിഞ്ഞിട്ടും ദിവസങ്ങളായി. എന്നിട്ടും തുറന്നു നല്‍കാത്തപ്പോള്‍ ജനങ്ങള്‍ കയ്യേറുന്നതില്‍ തെറ്റില്ല. അത് ജനങ്ങളുടെ പ്രതിഷേധമാണ്. ജനുവരി ഒമ്പത് എന്ന ഒരു തീയതി പറഞ്ഞ സ്ഥിതിക്ക് ജനങ്ങള്‍ നാലു ദിവസത്തിനു വേണ്ടി ഒരു ബഹളം ഉണ്ടാക്കേണ്ട കാര്യമില്ലായിരുന്നു. അതുവരെ കാത്തിരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൊതുമുതല്‍ നശിപ്പിച്ചെന്നു പറഞ്ഞ് കേസെടുത്താല്‍ അത് നിലനില്‍ക്കില്ല. കാരണം എന്താണ് നശിപ്പിച്ചത് എന്നു പറയണം. പാലത്തിലൂടെ പോയാല്‍ പൊതുമുതല്‍ നശിക്കുമോ? മുഖ്യമന്ത്രി വന്ന് പാലത്തേല്‍ കയറിയാലേ നശിക്കാതിരിക്കൂ എന്നുണ്ടോ? ജനങ്ങള്‍ അവിടെ ഒരു നാശവുമുണ്ടാക്കിയതായി അറിയില്ല. നാശമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ കേസെടുക്കണം. അല്ലെങ്കില്‍ അത് പൊതു സ്ഥലമാണ്. അതിലൂടെ വണ്ടി പോയതല്ലേ ഉള്ളൂ. ജനങ്ങളോട് വൈരനിര്യാതന ബുദ്ധിയോടെയുള്ള പെരുമാറ്റമാണ് ഈ കേസെടുക്കല്‍.
പാലത്തില്‍ ജനങ്ങളെയാണ് ആദ്യം കയറേണ്ടത്. ആരും കയറ്റാതിരുന്നപ്പോള്‍ അവര്‍ തനിയെ കയറി. അത് അതിക്രമിച്ചു കടക്കല്‍ ആവില്ല. അതിനു വകുപ്പില്ല. ഈ കുറ്റങ്ങളൊന്നും വരില്ല. ജനങ്ങളോട് വൈരാഗ്യം കാണിക്കലാണ്. അതിനാണ് കേസെടുക്കുന്നത്. ഇത് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധമാണെന്നു മനസിലാക്കി ഒമ്പതാം തീയതി എങ്കിലും പാലം തുറക്കാന്‍ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കെമാല്‍ പാഷ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.