പ്രാഗിലെ ചാള്‍സ് യൂണിവേഴ്‌സിറ്റിയില്‍ വെടിവെയ്പ്; 15 മരണം, നിരവധി പേര്‍ക്ക് പരിക്ക്

പ്രാഗിലെ ചാള്‍സ് യൂണിവേഴ്‌സിറ്റിയില്‍ വെടിവെയ്പ്; 15 മരണം, നിരവധി പേര്‍ക്ക് പരിക്ക്

പ്രേഗ്: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ ചാള്‍സ് യൂണിവേഴ്‌സിറ്റിക്കു സമീപം അക്രമി നടത്തിയ വെടിവെയ്പില്‍ പത്ത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

അക്രമിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പ്രേഗില്‍ നിന്നും 21 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെ 24 കാരനായ യുവാവാണ് അക്രമിയെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാവിന്റെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല.

യുവാവിന്റെ പിതാവിനെ ഇന്ന ്‌രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റ് സ്ഥലങ്ങളില്‍ നടക്കുന്ന സമാനമായ കൊലപാതകങ്ങളില്‍ ആകൃഷ്ടനായാണ് യുവാവ് ക്രൂരകൃത്യം നടത്തിയതെന്നും ഏതെങ്കിലും അന്താരാഷ്ട്ര ഭീകരസംഘടനയുമായി യുവാവിന് ബന്ധമില്ലെന്നും പോലീസ് വെളിപ്പെടുത്തി.

പ്രാഗിലെ കൂട്ടവെടിവെയ്പില്‍ ചെക്ക് പ്രസിഡന്റ് പീറ്റര്‍ പവല്‍ അനുശോചനം അറിയിച്ചു. സംഭവം തന്നെ ഉലച്ചുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും ഉറ്റവരുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും തന്റെ എക്‌സ് അക്കൗണ്ടിലൂടെ അദ്ദേഹം അറിയിച്ചു.

ഒരു സ്‌ഫോടന ശബ്ദമാണ് ഉണ്ടായതെന്നും അക്രമി ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളിലായി നിലയുറപ്പിച്ചിരിക്കുകയായിരുന്നുവെന്നും ചെക്ക് റിപ്പബ്ലിക്കിലെ പ്രമുഖ ടിവി ചാനലായ നോവ റിപ്പോര്‍ട്ട് ചെയ്തു. ഒരു അക്രമി മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് റിപ്പോര്‍ട്ട്.

സംഭവസ്ഥലം സുരക്ഷിത മേഖലയായി തിരിച്ച പോലീസ് സംഘം പ്രദേശത്തെ ആളുകളോട് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും വിദഗ്ധ ചികില്‍സ നല്‍കുന്നതിനും ആരോഗ്യ പ്രവര്‍ത്തകരുടെയും അത്യാഹിത വിഭാഗത്തിന്റെയും കീഴില്‍ തീവ്ര ശ്രമം നടന്നുവരികയാണ്. ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് വെളിപ്പെടുത്തി.

വെടിവെയ്പിന്റെ ശബ്ദം കേട്ടുവെന്നും പിന്നാലെ പോലീസിന്റെ നിര്‍ദേശവുമെത്തിയെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ജോ ഹായ്‌ലന്‍ഡ് വെളിപ്പെടുത്തി. കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിക്കാന്‍ പ്രാഗിലെത്തിയതായിരുന്നു ഹായ്‌ലന്‍ഡ്. സുരക്ഷിതനായി ഹോട്ടലില്‍ തിരിച്ചെത്തിയ ഹായ്‌ലന്‍ഡിന് ഇപ്പോഴും സംഭവിച്ചതിനെകുറിച്ച് ഓര്‍ക്കുമ്പോള്‍ ഭയമാണ്.

ബ്രിട്ടീഷ് ദമ്പതികളായ ടോം ലീസിനും ഭാര്യ റേച്ചലിനും ഞെട്ടല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ല. നവദമ്പതികളായ ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു പ്രാഗില്‍. ചെക്ക് പോലീസിന്റെ നിര്‍ദേശം മനസിലാകാതെ ഇരുന്ന ഇരുവരും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കും മുന്‍പ് തന്നെ റെസ്റ്ററന്റിലെ വെളിച്ചമെല്ലാം അവിടുത്തെ ജീവനക്കാര്‍ കെടുത്തി.

കുറ്റാക്കൂരിരുട്ടില്‍ ഇരുവരെയും സമീപിച്ച ജീവനക്കാര്‍ ശാന്തരായിരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ തന്റെ ഭാര്യ ഇനിയും ഷോക്കില്‍ നിന്ന് വിമുക്തയായിട്ടില്ലെന്ന് ടോം പറയുന്നു.

തോക്കുമായി വേട്ടയാടുന്നത് ചെക് റിപ്പബ്ലിക്കില്‍ സര്‍വ സാധാരണമാണെങ്കിലും ഇത്തരം അനിഷ്ട സംഭവങ്ങള്‍ വളരെ വിരളമായേ സംഭവിക്കാറുള്ളു. ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ വെടിവെയ്പാണ് ഇന്ന് നടന്നത്.

ഇതിന് മുന്‍പ് 2019ലാണ് വെടിവെയ്പ് നടന്നത്. അന്ന് ഒസ്ട്രവയിലെ ഒരു ആശുപത്രിയില്‍ അക്രമി നടത്തിയ വെടിവെയ്പില്‍ നാലു പുരുഷന്‍മാരും രണ്ട് സ്ത്രീകളുമടക്കം ആറു പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് അക്രമിയും സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. 2015ല്‍ യുഹേഴ്‌സി ബ്രോഡിലെ ഒരു റസ്റ്ററന്റില്‍ അക്രമി നടത്തിയ വെടിവയ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.