തിരുവനന്തപുരം: യാഥാർഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തി ബജറ്റിന്റെ വിശ്വാസ്യതയാണ് മന്ത്രി കെ.എൻ ബാലഗോപാൽ തകർത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തിയും പ്രതിപക്ഷത്തെ വിമർശിച്ചും ബജറ്റിന്റെ പവിത്രതയും ഇല്ലാതാക്കി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയ വിമർശനത്തിന് വേണ്ടിയുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ തരംതാഴ്ത്തി. ബജറ്റിന്റെ ആദ്യാവസാനം പ്രതിപക്ഷത്തെ വിമർശിക്കുകയാണ്. പ്രതിപക്ഷത്തെ വിമർശിക്കാൻ മറ്റെന്തെല്ലാം അവസരങ്ങളുണ്ട്.
നടപ്പ് സാമ്പത്തിക വർഷം തീരാൻ ഒന്നര മാസം മാത്രം ബാക്കി നിൽക്കെ പ്ലാൻ എക്‌സ്‌പെൻഡിച്ചറിന്റെ 55 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ഈ സാഹചര്യത്തിൽ പ്ലാൻ അലോക്കേഷന് എന്ത് വിശ്വാസ്യതയാണുള്ളത്? ലൈഫ് മിഷന് കഴിഞ്ഞ വർഷം 717 കോടി ബജറ്റിൽ പ്രഖ്യാപിച്ചിട്ട് 3.76 ശതമാനം മാത്രമാണ് അനുവദിച്ചതെന്നും പ്രതിരക്ഷ നേതാവ് പറഞ്ഞു.
ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള വ്യാജരേഖ മാത്രമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇടതു സർക്കാരിന്റെ സാമ്പത്തിക നയങ്ങളും ധൂർത്തും അഴിമതിയും കാരണമാണ് കേരളം കടക്കെണിയിലായത്. അതിനെ മറച്ചുവച്ചും അഴിമതികളെ വൈള്ള പൂശിയും സർക്കസ് കാണിച്ച ധനമന്ത്രി തെറ്റുകളിൽ നിന്ന് പാഠം പഠിക്കുന്നില്ലെന്നാണ് ബജറ്റ് പ്രസംഗം തെളിയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളിലെ ഒരംശം പോലും നടപ്പാക്കിയിട്ടില്ല. ഇത്തവണയും ഒന്നും നടപ്പാവാൻ പോകുന്നില്ല. മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ സൂത്രപ്പണി തന്നെയാണ് ബാലഗോപാലും നടത്തുന്നത്. സ്വകാര്യ സർവ്വകലാശാലകളേയും വിദേശ സർവ്വകലാശാലകളെയും അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തുന്ന ധനമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ ജനങ്ങളെ സി.പി.എം ദീർഘകാലമായി പറഞ്ഞുപറ്റിച്ചുകൊണ്ടിരുന്ന വഞ്ചനയുടെ നേർരേഖയാണ് കേരള ബജറ്റെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എംപി. സമ്പൂർണ സ്വകാര്യവത്കരണമാണ് ബജറ്റിന്റെ മുഖമുദ്ര. കിഫ്ബിയെ അന്ത്യശ്വാസം വലിക്കാൻ വിട്ട് സി.പി.എം ഇതുവരെ എതിർത്ത സ്വകാര്യമൂലധനമാണ് സർക്കാരിന് ആശ്രയം.
യു.ഡി.എഫിന്റെ കാലത്ത് കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനം നടന്നപ്പോൾ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ടി.പി ശ്രീനിവാസനെ പരസ്യമായി മർദിച്ചവരാണ് ഇപ്പോൾ വിദേശ സർവകലാശാലകളും സ്വകാര്യ സർവകലാശാലയും പ്രഖ്യാപിച്ചത്. സ്വാശ്രയ കോളജ് സമരത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ദശാബ്ദങ്ങളായി ശരശയ്യയിൽ കഴിയുന്ന പുഷ്പനോടും സമരത്തിലും പ്രക്ഷോഭത്തിലും ജീവിതം നഷ്ടപ്പെട്ട പതിനായിരങ്ങളോടും സി.പി.എം മാപ്പു പറയണമെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിൻറെ വികസനത്തിനും വളർച്ചയ്ക്കും വേണ്ട ഒന്നും ബജറ്റിൽ ഇല്ല. കേരളത്തിലെ കർഷകരെ സഹായിക്കാൻ ഒരു പ്രഖ്യാപനവും മുന്നോട്ട് വച്ചിട്ടില്ല വെറും വാചക കസർത്ത് മാത്രമാണ് ബജറ്റിലുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ. ബജറ്റിലെ നിരീക്ഷണങ്ങൾ പലതും വസ്തുതാ വിരുദ്ധമാണ്. സാമ്പത്തികമായി തകർന്ന കേരളത്തെ രക്ഷിക്കാനുള്ള ഒന്നും ബജറ്റിലില്ല. ക്ഷേമ പെൻഷൻ മാസങ്ങളായി മുടങ്ങി കിടക്കുന്നു. സാധാരക്കാരെ സംബന്ധിച്ച് ഒരു പ്രതീക്ഷയും ബജറ്റ് നൽകുന്നില്ല. റബർ താങ്ങുവില പത്ത് രൂപ മാത്രം ഉയർത്തിയത് തട്ടിപ്പാണ്. സാധാരക്കാരനെ ദ്രോഹിക്കുന്ന ബജറ്റാണെന്നും അദേഹം കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.