ഫാഷൻ നഗരമായ പാരീസിൽ ഫോട്ടോ പ്രദർശനവുമായി മലയാളി വൈദികൻ

ഫാഷൻ നഗരമായ പാരീസിൽ ഫോട്ടോ പ്രദർശനവുമായി മലയാളി വൈദികൻ

ഫാഷൻ നഗരം എന്ന് പേരുകേട്ട പാരീസിലെ നഗരഹൃദയത്തിൽ യൂറോപ്പിലെ അതിസുന്ദരമായ പ്രകൃതിദൃശ്യ കാഴ്ചകളുടെ വശ്യത കാണികൾക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് അൽജോ കരേരക്കാട്ടിൽ എന്ന യുവ വൈദികൻ. ഫോട്ടോഗ്രാഫിയെ നെഞ്ചോട് ചേർത്ത് പഠന നാളുകളിൽ തന്നെ ഇറ്റലിയിലെ മിലാനിൽ ഉള്ള ലൈബ്രറിയിൽ ഒരുക്കിയ രണ്ട് ഫോട്ടോ പ്രദർശനങ്ങൾ, പാരീസിൽ നടത്തിയ ഇന്ത്യൻ പോർട്രേറ്റ് ഫോട്ടോ പ്രദർശനം എന്നിവയ്ക്ക് ശേഷമാണ് യൂറോപ്യൻ പ്രകൃതി കാഴ്ചകൾ പുതുമയുടെ വ്യത്യസ്ത്തത നിറഞ്ഞ കണ്ണുകളിലൂടെ പകർത്തിയ തന്റെ  സ്വപ്നതുല്യമായ ആറാമത്തെ പ്രദർശനത്തിന് ഒരുങ്ങുന്നത്.

ഫ്രാൻസീസ് മാർപ്പാപ്പയുടെ "ലൗദാത്തോ സീ" എന്ന ചാക്രിക ലേഖനമാണ് ഈ പ്രകൃതി സൗന്ദര്യം ചിത്രശേഖരണത്തിന് പിറകിലെ പ്രചോദനം എന്നാണു ഫാ.അൽജോയുടെ വിശദീകരണം.

യൂറോപ്പിലെ ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള ഉള്ള ചിത്രങ്ങൾ ആണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കുവാനും അടുത്തറിയുവാനും ഈ ചിത്രങ്ങളിലൂടെ ആസ്വാദകർക്കും കഴിയട്ടെ എന്നാണ് അദ്ദേഹത്തിൻറെ പ്രതീക്ഷയും.

ഫോട്ടോഗ്രാഫിയിൽ പറയത്തക്ക ഗുരു ഒന്നുമില്ലാത്ത ഫാദർ അൽജോ ഈ മേഖലയിലെ ഏകലവ്യൻ ആണെന്ന് നിസംശയം പറയാം.  യൂട്യൂബിലെ വീഡിയോകളിലൂടെ അറിഞ്ഞ കാര്യങ്ങൾക്കൊപ്പം തൻ്റെ ഇച്ഛാശക്തിയും ആവേശവും ചേർത്തുവെച്ച് ക്യാമറ കണ്ണുകളിലൂടെ പരീക്ഷണം നടത്തി മനസ്സിലാക്കിയെടുത്ത അനുഭവ സമ്പത്തുകളുടെ ആകെത്തുകയാണ് ഓരോ ചിത്രവും. ഇൻസ്റ്റാഗ്രാമിലെ "അൽജോ ഐ-പിക്ക്സ്" എന്ന അക്കൗണ്ടിലാണ്  ഈ കത്തോലിക്ക പുരോഹിതൻ താൻ പകർത്തിയ മനോഹര ഫോട്ടോകൾ പങ്കുവക്കുന്നത്.

തൃശ്ശൂർ ജില്ലയിലെ നെടുപുഴ എന്ന ഗ്രാമത്തിൽ, കരേരക്കാട്ടിൽ പോൾ-അൽഫോൻസ ദമ്പതികളുടെ മകനായ അൽജോ 2009 ൽ തൃശ്ശൂർ അതിരൂപതക്ക് വേണ്ടി വൈദിക പട്ടം സ്വീകരിച്ചു. ദൈവശാസ്ത്രത്തിൽ ഉപരിപഠനത്തിനായി ഇപ്പോൾ പാരിസിൽ ഉള്ള ഫാ. അൽജോ സ്വന്തം അഭിരുചികളെ വളർത്തിയെടുക്കാൻ എങ്ങനെ നവ മാധ്യമങ്ങളെ എങ്ങിനെ ഉപയോഗിക്കാം എന്നതിന് ഉത്തമ മാതൃകയും പ്രചോദനവുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.