കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗം; മന്ത്രിയും വിസിയും തമ്മില്‍ വാക്പോര്

 കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗം; മന്ത്രിയും വിസിയും തമ്മില്‍ വാക്പോര്

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലും തമ്മില്‍ വാക്പോര്. മന്ത്രി അജണ്ട വായിച്ചതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. യോഗം വിളിച്ച് ചേര്‍ത്തത് താനാണ് എന്നായിരുന്നു വിസിയുടെ വാദം. പിന്നാലെ യോഗം പിരിച്ചുവിട്ടതായി മന്ത്രി അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല.

പൊലീസിന്റെ കനത്ത സുരക്ഷയിലാണ് ഇന്ന് രാവിലെ 11 ന് കേരള സര്‍വകലാശാലയുടെ സെനറ്റ് യോഗം ആരംഭിച്ചത്. സെനറ്റ് യോഗത്തില്‍ ഗവര്‍ണറുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നതിനെതിരെ എസ്.എഫ്.ഐയുടെയും ഇടത് സംഘടനകളുടെയും പ്രതിഷേധം ഉണ്ടാകുമെന്ന ഭീഷണിയെ തുടര്‍ന്ന് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കനത്ത സുരക്ഷയാണ് സെനറ്റ് ഹാളിലും യൂണിവേഴ്സിറ്റി ആസ്ഥാനത്തും പൊലീസ് ഒരുക്കിയത്.

സ്ഥിരം വിസിയെ നിയമിക്കുന്നതിനായി സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നല്‍കുന്നതിനായാണ് യോഗം വിളിച്ച് ചേര്‍ത്തത്. സെനറ്റ് യോഗത്തിനായി രാവിലെ എട്ടിന് തന്നെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 11 പേരും സെനറ്റ് ഹാളില്‍ എത്തിയിരുന്നു. പ്രോ വിസിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. എം. വിന്‍സെന്റ് എംഎല്‍എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് തുടങ്ങി 106 പേരാണ് സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങള്‍.

എസ്.എഫ്.ഐ പ്രവര്‍ത്തകരും ഇടതു സംഘടനകളും തങ്ങളെ സെനറ്റ് യോഗങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗങ്ങളില്‍ ഏഴ് പേര്‍ സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതി സമീപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.