മോഡി ഗാരന്റിയില്‍ നിന്ന് വിദ്വേഷ പ്രചാരണത്തിലേയ്ക്ക്; തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാളി ബിജെപി

മോഡി ഗാരന്റിയില്‍ നിന്ന് വിദ്വേഷ പ്രചാരണത്തിലേയ്ക്ക്; തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാളി ബിജെപി

ന്യൂഡല്‍ഹി: 'ഇക്കുറി നാനൂറിനും മീതേ' എന്ന മുദ്രാവാക്യവുമായി അങ്കത്തിനിറങ്ങിയ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷത്തിന് മുകളിലാണെങ്കിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ഏഴ് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയെ മാത്രം മുന്നില്‍ നിര്‍ത്തിയുള്ള പോരാട്ടമാണ് എന്‍ഡിഎ മുന്നണി നടത്തിയത്. വികസിത ഭാരതം, മോഡി ഗാരന്റി എന്നിവയായാരുന്നു ആദ്യ ഘട്ടത്തിലെ മുദ്രാവാക്യങ്ങള്‍. മോദിയുടെ ഗാരന്റി എന്ന് റാലികളിലും പൊതു സമ്മേളനങ്ങളിലും നരേന്ദ്ര മോഡി തന്നെ വിളിച്ചു പറഞ്ഞു. പ്രവര്‍ത്തകരെ കൊണ്ട് ഏറ്റു പറയിപ്പിച്ചു.

എന്നാല്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് ശേഷം പോളിങ് ശതമാനത്തിലുണ്ടായ വീഴ്ചയ്ക്ക് പിന്നാലെ, രാജ്യം ഇന്നേവരെ കാണാത്ത വിധത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങളുമായാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്.

രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി രാജസ്ഥാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുസ്ലീം വിഭാഗത്തിനെതിരേ കടുത്ത വിദ്വേഷ പരാമര്‍ശം നടത്തി. കോണ്‍ഗ്രസ് വിജയിക്കുന്ന പക്ഷം അവര്‍ രാജ്യത്തിന്റെ സമ്പത്ത് 'നുഴഞ്ഞുകയറ്റക്കാര്‍ക്ക്' വിതരണം ചെയ്യുമെന്നും എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ള സംവരണം മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്, ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും വെവ്വേറെ ബജറ്റുകള്‍ തയ്യാറാക്കുമെന്നായിരുന്നു അഞ്ചാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി മുംബൈയിലെത്തിയ പ്രധാനമന്ത്രിയുടെ വാക്കുകള്‍. മാത്രമല്ല, അഞ്ചാം ഘട്ട വോട്ടെടുപ്പിന് തൊട്ടു മുന്‍പായി രാജ്യത്ത് ആദ്യമായി സിഎഎയ്ക്ക് കീഴില്‍ 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി.

സിഎഎയെ തങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് ബിജെപിയും എന്‍ഡിഎയും കണക്കാക്കുന്നത്. അതേസമയം പ്രതിപക്ഷം നഖശിഖാന്തമാണ് സിഎഎയെ എതിര്‍ക്കുന്നത്. തിരഞ്ഞെടുപ്പ് പുരോഗമിക്കുന്ന വേളയിലെ പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത് തീരെ കണക്കുകൂട്ടല്‍ ഇല്ലാതെയാണെന്ന് കണക്കാനാകില്ല.

തന്നെ ദൈവം അയച്ചതാണെന്ന പരാമര്‍ശവും ആറ്റന്‍ബറോയുടെ സിനിമയ്ക്ക് മുന്‍പ് ഗാന്ധിജിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന പരാമര്‍ശവും വലിയ വിമര്‍ശങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചിരുന്നു.

കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന പക്ഷം സാമ്പത്തിക സര്‍വേ നടപ്പാക്കുമെന്നും സ്ത്രീകളുടെ താലിമാല പോലും സുരക്ഷിതമായിരിക്കില്ലെന്നും മോഡി പറഞ്ഞിരുന്നു. ഇതെല്ലാം ഫലത്തില്‍ എന്‍ഡിഎ മുന്നണിക്ക് തിരിച്ചടിയായി.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.