ഫ്രാന്‍സില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം, ആര്‍ക്കും ഭൂരിപക്ഷമില്ല; തൂക്കുമന്ത്രിസഭക്ക് സാധ്യത

 ഫ്രാന്‍സില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം, ആര്‍ക്കും ഭൂരിപക്ഷമില്ല; തൂക്കുമന്ത്രിസഭക്ക് സാധ്യത

പാരിസ്: ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. ഇടതു സഖ്യമായ ന്യൂ പോപുലര്‍ ഫ്രണ്ടാണ് (എന്‍.എഫ്.പി) മുന്നിട്ടുനില്‍ക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മുന്നിട്ടു നിന്ന വലതുപക്ഷമായ നാഷണല്‍ റാലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മിതവാദി സഖ്യം രണ്ടാംസ്ഥാനത്താണ്. ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ തൂക്കുമന്ത്രിസഭ വന്നേക്കും. ഇടത് സഖ്യം മിതവാദി സഖ്യവുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനാണ് സാധ്യത.

ഞായറാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ മരീന്‍ ലെ പെന്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ റാലി (ആര്‍.എന്‍) സഖ്യമായിരുന്നു മുന്നിലെത്തിയിരുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോഴാണ് ആര്‍.എന്‍ സഖ്യത്തിന്റെ ലീഡ് കുറഞ്ഞത്.

577 അംഗ നാഷനല്‍ അസംബ്ലിയില്‍ അധികാരത്തിലെത്താന്‍ 289 സീറ്റാണ് വേണ്ടത്. ഇടതു സഖ്യത്തിന് 181 സീറ്റുകള്‍ നേടാനായപ്പോള്‍ മാക്രോണിന്റെ സെന്‍ട്രിസ്റ്റ് അലയന്‍സ് 160 സീറ്റുകളും മറൈന്‍ ലെ പെന്നിന്റെ നാഷണല്‍ റാലി 143 സീറ്റുമാണ് നേടിയത്. പുതിയ സര്‍ക്കാരുണ്ടാക്കാനായി പൂര്‍ണഫലം വരുംവരെ കാത്തിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് ഫലം മാക്രോണിനും തിരിച്ചടിയാണ്. ജീവിത ചെലവ് വളരെധികം വര്‍ധിച്ചതും, സര്‍ക്കാര്‍ സര്‍വീസുകളുടെ പരാജയവുമെല്ലാം മാക്രോണിന്റെ വീഴ്ച്ചയ്ക്ക് കാരണമായിട്ടുണ്ട്.

ആഗോള നയതന്ത്ര വിഷയങ്ങളിലും ഉക്രെയ്ന്‍ യുദ്ധ വിഷയത്തിലുമടക്കം ഫ്രാന്‍സ് എടുക്കുന്ന നിലപാടുകളില്‍ കാര്യമായ വ്യത്യാസം ഇടത് സര്‍ക്കാര്‍ വന്നാല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ഫ്രാന്‍സിനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം. നാറ്റോ ഉച്ചകോടിക്ക് രണ്ട് ദിവസവും പാരീസ് ഒളിമ്പിക്സിന് മൂന്ന് ആഴ്ചയും മുന്‍പാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം ഭൂരിഭാഗം ഫ്രഞ്ച് പൗരന്മാര്‍ക്കും ആശ്വാസമേകുന്നതാണെന്നും ഫ്രഞ്ച് പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും ഇടതുപക്ഷ നേതാവ് ജീന്‍ ലൂക്ക് മെലന്‍ചോണ്‍ ആവശ്യപ്പെട്ടു. അതേസമയം ഫലസൂചനകള്‍ വന്നതോടെ ഫ്രാന്‍സില്‍ പലയിടത്തും സംഘര്‍ഷം ഉടലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.