കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പീഡനങ്ങളുടെ ഇര; ചെക്ക് കർദിനാൾ ഡൊമിനിക് ഡുക അന്തരിച്ചു

കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പീഡനങ്ങളുടെ ഇര; ചെക്ക് കർദിനാൾ ഡൊമിനിക് ഡുക അന്തരിച്ചു

പ്രാഗ്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്ന ധീരനായ വൈദികനും പ്രാഗിലെ മുൻ ആർച്ച് ബിഷപ്പുമായിരുന്ന കർദിനാൾ ഡൊമിനിക് ഡുക (82) അന്തരിച്ചു. വിശ്വാസ സംരക്ഷണത്തിനായി ഭരണകൂടത്തിനെതിരെ നിലകൊണ്ടതിലൂടെ ചെക്ക് റിപ്പബ്ലിക്കൻ സഭയുടെ ചരിത്രത്തിലെ നിർണായക വ്യക്തിത്വമായിരുന്നു കർദിനാൾ ഡൊമിനിക്.

1948 ൽ ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരം പിടിച്ചെടുത്തതോടെ കത്തോലിക്കാ സഭയ്ക്കും മറ്റ് മതസ്ഥാപനങ്ങൾക്കും കടുത്ത പീഡനങ്ങൾ നേരിടേണ്ടി വന്നു. ദേവാലയങ്ങൾ പിടിച്ചെടുക്കുകയും പ്രതികരിച്ച വൈദികരെ ജയിലിലടക്കുകയോ വധശിക്ഷയ്ക്ക് വിധേയരാക്കുകയോ ചെയ്തിരുന്ന കാലഘട്ടമായിരുന്നു അത്.

ഈ ഇരുണ്ട കാലത്താണ് ഡൊമിനിക് ഡുകയുടെ രഹസ്യ സഭാപ്രവർത്തനങ്ങൾ ആരംഭിച്ചത്. 1968 ൽ അദേഹം രഹസ്യമായി ഡൊമിനിക് ഓർഡർ സന്യാസ സമൂഹത്തിൽ ചേർന്നു. സന്യാസ സമൂഹത്തോടുള്ള ആദരസൂചകമായി 'ഡൊമിനിക്' എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

സഭാപ്രവർത്തനങ്ങളിൽ സജീവമായതോടെ 1970 ൽ അദേഹത്തെ വൈദിക ശുശ്രൂഷകളിൽ നിന്ന് ഭരണകൂടം വിലക്കി. എങ്കിലും 1975 ൽ സഭാപ്രവർത്തനങ്ങൾ തുടർന്നു. ഇതിന്റെ ഫലമായി 1981 മുതൽ 15 മാസക്കാലം ഡുകയ്ക്ക് ജയിൽ വാസം അനുഭവിക്കേണ്ടി വന്നു. പ്ലീസെനിലെ ബോറി ജയിലിൽ അടയ്ക്കപ്പെട്ട കർദിനാൾ ഡൊമിനിക് ഡുക അവിടെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായതായി റിപ്പോർട്ടുകളുണ്ട്.

കമ്മ്യൂണിസത്തിന്റെ പതനത്തിനു ശേഷം ഭരണകൂടം പിടിച്ചെടുത്ത പള്ളി സ്വത്തുക്കൾ തിരികെ ലഭിക്കുന്നതിനായുള്ള സുപ്രധാന കരാർ ചർച്ച ചെയ്യുന്നതിൽ ഡുക നിർണായക പങ്ക് വഹിച്ചു. അദേഹത്തിന്റെ ശ്രമഫലമായി കത്തോലിക്കാ സ്ഥാപനങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം ഉറപ്പാക്കാൻ കഴിഞ്ഞു.

1998 ൽ ബിഷപ്പായി നിയമിക്കപ്പെട്ട ഡുക ചെക്ക് ബിഷപ്പ് കോൺഫറൻസിന്റെ ചെയർമാനായും പ്രവർത്തിച്ചു. 2010 മുതൽ 2022 വരെ പ്രാഗിലെ ആർച്ച് ബിഷപ്പായിരുന്നു. 2012 ൽ ബെനഡിക്ട് പതിനാറാമൻ പാപ്പയാണ് ഡൊമിനിക് ഡുകയെ കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.