'കേരളത്തില്‍ എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍ക്കാരിന് കണക്കില്ല; വലിയ റിസോര്‍ട്ടുകള്‍ പ്രകൃതിക്ക് ആഘാതമുണ്ടാക്കും': മാധവ് ഗാഡ്ഗില്‍

'കേരളത്തില്‍ എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍ക്കാരിന് കണക്കില്ല; വലിയ റിസോര്‍ട്ടുകള്‍ പ്രകൃതിക്ക് ആഘാതമുണ്ടാക്കും': മാധവ് ഗാഡ്ഗില്‍

കല്‍പ്പറ്റ: കേരളത്തിലെ ക്വാറികളില്‍ അധികവും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. മാധവ് ഗാഡ്ഗില്‍. കേരളത്തില്‍ എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് സര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ കണക്കുകള്‍ പോലുമില്ല. വലിയ റിസോര്‍ട്ടുകള്‍ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുന്നുവെന്നും അദേഹം വ്യക്തമാക്കി.

പ്രകൃതി സംരക്ഷണ സമിതി കല്‍പറ്റയില്‍ നടത്തുന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനത്തില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് മാധവ് ഗാഡ്ഗില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എല്‍പ്പിക്കണമെന്ന് പറഞ്ഞ മാധവ് ഗാഡ്ഗില്‍ തേയില തോട്ടങ്ങള്‍ ലേബര്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റികള്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.

റിസോട്ടുകളുടെ പ്രവര്‍ത്തനവും പ്രകൃതിക്ക് ദോഷമാണ്. ഗോവ മോഡലിലുള്ള ഹോം സ്റ്റേ ടൂറിസം വയനാട്ടിലും നടപ്പാക്കണം. കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ക്ക് കാരണം പ്രകൃതി ചൂഷണമാണന്ന് വയനാട് ദുരന്തത്തിന്റെ പിറ്റേന്ന് മാധവ് ഗാഡ്ഗില്‍ വിമര്‍ശിച്ചിരുന്നു.

അനിയന്ത്രിതമായ നഗരവല്‍ക്കരണം, ടൂറിസം പ്രവര്‍ത്തനം, വീടുകള്‍, ഹോംസ്റ്റേകള്‍, സെന്‍സിറ്റീവ് സോണിലെ റോഡുകളുടെ നിര്‍മ്മാണം, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലനിരകളിലെ മരങ്ങള്‍ മുറിക്കല്‍, അറബിക്കടലിന്റെ താപനില വര്‍ധിക്കുന്നതുമൂലമുള്ള മേഘവിസ്ഫോടനം, അനധികൃത ഖനനം തുടങ്ങിയവയെല്ലാം ഇതിനു പിന്നിലെ കാരണങ്ങളാണെന്നും ഗാഡ്ഗില്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് അദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ അടക്കം മുമ്പ് ഉണ്ടായ ഇത്തരം പ്രകൃതി ദുരന്തങ്ങളില്‍ പുനരധിവാസം കൃത്യമായി ഉണ്ടായിട്ടില്ലെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.