സ്റ്റോക്ഹോം: രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ടിവിയും ഫോണും കാണാൻ നൽകരുതെന്ന് മാതാപിതാക്കൾക്ക് കർശന നിർദേശം നൽകി സ്വീഡിഷ് സർക്കാർ. രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ ഡിജിറ്റൽ മീഡിയയിൽ നിന്നും ടെലിവിഷൻ കാണുന്നതിൽ നിന്നും പൂർണമായും വിലക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
രണ്ട് വയസിനും അഞ്ചു വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി ഒരു മണിക്കൂർ മാത്രമെ സ്‌ക്രീൻ ടൈം അനുവദിക്കാൻ പാടുള്ളൂ. ആറിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി രണ്ട് മണിക്കൂർ മാത്രമെ സ്‌ക്രീൻ ടൈം അനുവദിക്കാവൂവെന്നും നിർദേശത്തിൽ പറയുന്നു. 13നും 18നും ഇടയിൽ പ്രായമുള്ള കൗമാരക്കാരുടെ സ്‌ക്രീൻ ടൈം രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയായി പരിമിതപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്.
13നും 16നും ഇടയിൽ പ്രായമുള്ള കൗമാരക്കാരായ കുട്ടികൾ സ്‌കൂൾ സമയത്തിന് പുറമെ ശരാശരി ആറര മണിക്കൂർ സമയം ഫോണിന് മുന്നിൽ ചിലവഴിക്കുന്നുണ്ടെന്ന് സ്വീഡിഷ് ആരോഗ്യമന്ത്രി ജേക്കബ് ഫോസ്‌മെഡ് പറഞ്ഞു. ‘‘കുട്ടികൾ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. അവരുടെ സാമൂഹിക ഇടപെടലുകളും വളരെയധികം കുറഞ്ഞു. ആവശ്യത്തിന് ഉറങ്ങാതെയിരിക്കുന്ന സാഹചര്യവുമുണ്ട്. രാജ്യത്തെ 15 വയസ് പ്രായമുള്ള പകുതിയിലധികം കുട്ടികളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്നും’’ മന്ത്രി ചൂണ്ടിക്കാട്ടി.
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകരുതെന്നും രാത്രിയിൽ അവരുടെ മുറിയിൽ ഫോണുകളും ടാബ്‌ലെറ്റും വയ്ക്കരുതെന്നും ആരോഗ്യ മന്ത്രാലയം മാതാപിതാക്കളോട് നിർദേശിച്ചിട്ടുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.