'കൃത്യമായ പദ്ധതിയുണ്ട്, സ്ഥലവും സമയവും മാത്രം തീരുമാനിച്ചാല്‍ മതി'; ഇറാന് ഇസ്രയേലിന്റെ മുന്നറിയിപ്പ്: സ്ഥിതി രൂക്ഷമാകുന്നു, യു.എന്‍ അടിയന്തര യോഗം ഇന്ന്

'കൃത്യമായ പദ്ധതിയുണ്ട്, സ്ഥലവും സമയവും മാത്രം തീരുമാനിച്ചാല്‍ മതി'; ഇറാന് ഇസ്രയേലിന്റെ മുന്നറിയിപ്പ്: സ്ഥിതി രൂക്ഷമാകുന്നു, യു.എന്‍ അടിയന്തര യോഗം ഇന്ന്

ടെല്‍ അവീവ്: മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേല്‍.

'ഞങ്ങളെ ആക്രമിച്ചതോടെ ഇറാന്‍ കഴിഞ്ഞ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി ഞങ്ങള്‍ ഉടന്‍ കൊടുക്കും. ഈ തെറ്റിന് ഇറാന്‍ വലിയ വില നല്‍കേണ്ടി വരും'- ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

വ്യക്തമായ പദ്ധതി തങ്ങള്‍ക്കുണ്ടെന്നും അനന്തര ഫലം ഇറാന്‍ നേരിടേണ്ടി വരുമെന്നും ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരിയും മുന്നറിയിപ്പ് നല്‍കി.

'ഞങ്ങളുടെ പക്കല്‍ കൃത്യമായ പദ്ധതികളുണ്ട്. ഞങ്ങള്‍ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും തന്ത്രങ്ങളനുസരിച്ച് പ്രവര്‍ത്തിക്കും'- ഡാനിയല്‍ ഹഗാരി പറഞ്ഞു.

അതേസമയം ഇറാനെതിരേയുള്ള പ്രതിരോധത്തില്‍ ഇസ്രയേലിന് പിന്തുണ നല്‍കാന്‍ യു.എസ് സൈന്യത്തോട് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. ഇസ്രയേലിനെ ലക്ഷ്യം വെച്ചുള്ള മിസൈലുകള്‍ വെടിവെച്ചിടാനും സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ ചേര്‍ന്ന അടിയന്തര സുരക്ഷാ യോഗത്തിന് ശേഷമാണ് അദേഹം സൈന്യത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയത്. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ചേര്‍ന്നാണ് അടിയന്തിര സുരക്ഷാ യോഗം വിളിച്ച് ചേര്‍ത്തത്.

ജോ ബൈഡനും കമല ഹാരിസും വൈറ്റ് ഹൗസിലെ പ്രത്യേക മുറിയില്‍ ആക്രമണം നിരീക്ഷിക്കുന്നുണ്ടെന്നും കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എന്‍.എസ്.സി വക്താവ് സീന്‍ സാവെറ്റ് എക്‌സിലൂടെ അറിയിച്ചു.

അതിനിടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ യു.എന്‍ രക്ഷാ സമിതി ന്യൂയോര്‍ക്കില്‍ ഇന്ന് അടിയന്തിര യോഗം ചേരും. മേഖലയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തര യോഗം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.