ഇന്ത്യ പാകിസ്ഥാനുമായി യുദ്ധത്തിനിറങ്ങിയാല്‍ ശ്രദ്ധ വടക്കന്‍ പ്രദേശത്തായിരിക്കുമെന്നും ആ സമയത്ത് തെക്കു നിന്ന് ആക്രമിച്ച് ദക്ഷിണേന്ത്യ പിടിച്ചെടുക്കാമെന്നും പിഎഫ്ഐ സ്റ്റഡി ക്ലാസ്.
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ). ഇന്ത്യ-പാക് യുദ്ധമുണ്ടായാല്‍ ദക്ഷിണേന്ത്യ പിടിച്ചെടുക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നുവെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന് എതിരായ കേസ് പരിഗണിക്കുന്ന ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് എന്‍ഐഎ അതീവ ഗുരുതരമായ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നും എന്‍ഐഎ പറഞ്ഞു.
ഇക്കാര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് എന്‍ഐഎയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാഹുല്‍ ത്യാഗി കോടതിയെ അറിയിച്ചു.
ഇന്ത്യ പാകിസ്ഥാനുമായി യുദ്ധത്തിനിറങ്ങിയാല്‍ ശ്രദ്ധ വടക്കന്‍ പ്രദേശത്തായിരിക്കുമെന്നും ആ സമയത്ത് തെക്കു നിന്ന് ആക്രമിച്ച് ദക്ഷിണേന്ത്യ പിടിച്ചെടുക്കുമെന്ന് പിഎഫ്ഐ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നുവെന്ന് ഒരു സംരക്ഷിത സാക്ഷി മൊഴി നല്‍കിയിട്ടുണ്ടെന്നും എന്‍ഐഎയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
ഇന്ത്യയില്‍ ഇസ്ലാം അപകടത്തിലാണെന്ന പ്രചാരണം നടത്തി പോപ്പുലര്‍ ഫ്രണ്ട് ഹിന്ദുക്കള്‍ക്കെതിരെ ശത്രുതയും വിദ്വേഷവും വളര്‍ത്തുകയായിരുന്നു. അത്തരം പ്രചാരണത്തിന് വഴങ്ങുന്ന മുസ്ലീം യുവാക്കളെ തിരിച്ചറിയുകയും ജിഹാദില്‍ പങ്കെടുക്കുന്നതിന് അവരെ തീവ്രവാദികളാക്കുകയും ചെയ്തുവെന്നും എന്‍ഐഎയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഐ.എസില്‍ ചേരാനും ഇന്ത്യയില്‍ ഖിലാഫത്തും ശരിയത്ത് നിയമവും സ്ഥാപിക്കാനും പിഎഫ്ഐ അംഗങ്ങളെ പ്രേരിപ്പിച്ചു എന്നും എന്‍ഐഎ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
ബോംബ് നിര്‍മാണ സാമഗ്രികള്‍, ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള വസ്തുക്കള്‍ അടങ്ങിയ രേഖകള്‍, കൈയില്‍ പിടിക്കാവുന്ന മറൈന്‍ റേഡിയോ സെറ്റുകള്‍, ഐഎസ് അനുകൂല വീഡിയോകള്‍ ഉള്ള പെന്‍ ഡ്രൈവുകള്‍, വെടിമരുന്ന്, ആയുധങ്ങള്‍ എന്നിവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.