ദൈവദാസൻ മോൺ. ജോസഫ് പഞ്ഞിക്കാരൻ ഇനി ധന്യൻ; ആതുര സേവനത്തിന്റെ പുണ്യമുഖത്തിന് വത്തിക്കാന്റെ അംഗീകാരം

ദൈവദാസൻ മോൺ. ജോസഫ് പഞ്ഞിക്കാരൻ ഇനി ധന്യൻ; ആതുര സേവനത്തിന്റെ പുണ്യമുഖത്തിന് വത്തിക്കാന്റെ അംഗീകാരം

വത്തിക്കാൻ സിറ്റി : മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (ധർമഗിരി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും ആതുര സേവന രംഗത്തെ പ്രമുഖനുമായ ദൈവദാസൻ മോൺ. ജോസഫ് പഞ്ഞിക്കാരനെ ധന്യ പദവിയിലേക്ക് ഉയർത്തി. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ സംഘം ചരിത്രകാരന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും പഠനങ്ങൾ പരിശോധിച്ച ശേഷമാണ് ഇദേഹത്തെ ധന്യനായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികളിലെ പ്രധാന ഘട്ടമാണിത്.

1888 ൽ ചേർത്തലയിൽ ജനിച്ച ജോസഫ് പഞ്ഞിക്കാരൻ, സുറിയാനി കത്തോലിക്കർക്കിടയിൽ നിന്ന് എം.എ ബിരുദം നേടിയ ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു. പൗരോഹിത്യത്തിന് ശേഷം അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നെങ്കിലും പാവപ്പെട്ടവരുടെയും രോഗികളുടെയും ക്ഷേമത്തിനായി ആ പദവി ഉപേക്ഷിച്ച് പ്രേഷിത പ്രവർത്തനത്തിനിറങ്ങുകയായിരുന്നു. കോതമംഗലത്ത് അദേഹം സ്ഥാപിച്ച 'ധർമ്മഗിരി' ആശുപത്രി കേരളത്തിലെ ആതുരസേവന ചരിത്രത്തിലെ നാഴികക്കല്ലാണ്.

പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ ഡോക്ടർമാർക്ക് പുറമെ സമർപ്പിതരായ സന്യാസിനിമാരുടെ സേവനം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞാണ് 1944 ൽ മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് എന്ന സന്യാസിനീ സമൂഹത്തിന് രൂപം നൽകിയത്. ഇന്ന് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഈ സമൂഹത്തിലെ സിസ്റ്റർമാർ സേവനം ചെയ്യുന്നുണ്ട്.

1949 നവംബർ നാലിന് അന്തരിച്ച മോൺ. പഞ്ഞിക്കാരനെ 2010 ജൂലൈ 18 ന് ദൈവദാസനായി പ്രഖ്യാപിച്ചിരുന്നു. 2015 ജൂൺ 23 ന് രൂപതാതല പഠനങ്ങൾ പൂർത്തിയാക്കി മുഴുവൻ രേഖകളും വത്തിക്കാനു സമർപ്പിച്ചിരിന്നു. മോൺ. പഞ്ഞിക്കാരന്റെ മധ്യസ്ഥതയിൽ നടന്ന അത്ഭുത പ്രവൃത്തികൾ കൂടി വത്തിക്കാൻ സ്ഥിരീകരിക്കുന്നതോടെ വാഴ്ത്തപ്പെട്ടവനായും തുടർന്ന് വിശുദ്ധനായും ഉയർത്തപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.