ജീവിതത്തിൻ്റെ അർത്ഥം നഷ്ടപ്പെട്ടതായി തോന്നുമ്പോഴും ചുറ്റുമുള്ളതെല്ലാം ഇരുൾ നിറഞ്ഞതായി കാണപ്പെടുമ്പോഴും ക്രിസ്തീയമായ ആനന്ദം നിലനിൽക്കുന്നു: ലിയോ പതിനാലാമൻ മാർപാപ്പ

ജീവിതത്തിൻ്റെ അർത്ഥം നഷ്ടപ്പെട്ടതായി തോന്നുമ്പോഴും ചുറ്റുമുള്ളതെല്ലാം ഇരുൾ നിറഞ്ഞതായി കാണപ്പെടുമ്പോഴും ക്രിസ്തീയമായ ആനന്ദം നിലനിൽക്കുന്നു: ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: ജീവിതത്തിൻ്റെ അർത്ഥം നഷ്ടപ്പെട്ടതായി തോന്നുമ്പോഴും ചുറ്റുമുള്ളതെല്ലാം ഇരുൾ നിറഞ്ഞതായി കാണപ്പെടുമ്പോഴും ക്രിസ്തീയമായ ആനന്ദം നിലനിൽക്കുമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ആഗമനകാലത്തെ മൂന്നാം ഞായറാഴ്ച തടവുകാരുടെ ജൂബിലിയോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ത്രികാലജപ പ്രാർത്ഥന നയിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പ.

'ചങ്ങലകളാൽ ബന്ധിതനായിരുന്നപ്പോഴും സത്യത്തിനും നീതിക്കും വേണ്ടി ശബ്ദമുയർത്തിയ ഒരു പ്രവാചകനെ സുവിശേഷത്തിൽ നാം കാണുന്നു.' തൻ്റെ പ്രസംഗത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട സ്നാപക യോഹന്നാൻ്റെ ശക്തിയുടെയും ധീരതയുടെയും ചിത്രം എടുത്തുകാട്ടിയാണ് പരിശുദ്ധ പിതാവ് വിചിന്തനങ്ങൾ ആരംഭിച്ചത്.

പ്രത്യാശ കൈവിടാതെ തടവറയ്ക്കുള്ളിൽനിന്നു പോലും അദ്ദേഹം ചോദ്യങ്ങളുയർത്തി. സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസരങ്ങളിൽ പോലും പ്രവാചകരിലൂടെ സംസാരിക്കുന്ന ദൈവവചനത്തെ നിശബ്ദമാക്കാനാവില്ല എന്നതിൻ്റെ അടയാളമായി സ്നാപകയോഹന്നാൻ മാറി.

താൻ പ്രതീക്ഷിച്ച വിധമല്ല ക്രിസ്തുവിൻ്റെ പ്രവൃത്തികൾ എന്നു കേട്ട യോഹന്നാൻ, ജയിലിലായിരുന്നെങ്കിലും ദൂതരെ അയച്ച് 'വരാനിരിക്കുന്നവൻ നീ തന്നെയോ, അതോ മറ്റൊരാളെ കാത്തിരിക്കണമോ' (മത്തായി 11:3) എന്ന് യേശുവിനോട് ചോദിക്കുന്നു. സത്യവും നീതിയും അന്വേഷിക്കുന്നവരും സ്വാതന്ത്ര്യവും സമാധാനവും കാംക്ഷിക്കുന്നവരുമായ അനേകർ നൂറ്റാണ്ടുകളിലൂടെ ഇതേ ചോദ്യം തന്നെ ആവർത്തിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

ക്രിസ്തുവിൻ്റെ സ്വയം വെളിപ്പെടുത്തൽ

പ്രത്യുത്തരമായി യേശു നൽകുന്നത്, തന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള ഒരു സൈദ്ധാന്തിക നിർവചനമല്ല പിന്നെയോ, തൻ്റെ പ്രവൃത്തികൾ കണ്ടു മനസ്സിലാക്കാനുള്ള ഒരു ക്ഷണമായിരുന്നു. തൻ്റെ സ്നേഹവും ശുശ്രൂഷകളും ഏറ്റുവാങ്ങിയവരിലേക്കാണ് അവിടുന്ന് നമ്മുടെ ശ്രദ്ധ തിരിക്കുന്നത്.

'അന്ധർ കാണുന്നു, ബധിരർ കേൾക്കുന്നു, ഊമർ സംസാരിക്കുന്നു' എന്നിങ്ങനെ താൻ ചെയ്യുന്ന കാര്യങ്ങളിലൂടെയാണ് ക്രിസ്തു താനാരാണെന്ന് പ്രഖ്യാപിച്ചത്. അവ മിശിഹായിലൂടെയുള്ള രക്ഷയുടെ പ്രവർത്തനനിരതവും ദൃശ്യവുമായ അടയാളങ്ങളായിരുന്നെന്ന് പാപ്പാ എടുത്തുപറഞ്ഞു.

രോഗങ്ങളാലും അവ മൂലമുള്ള ഭ്രഷ്ടുകളാലും മനുഷ്യർ വികലമാക്കിയ ദൈവിക പ്രതിച്ഛായ യേശു ഉടച്ചുവാർത്തു. 'പ്രതികരണശേഷി പൂർണമായി നഷ്ടപ്പെട്ട' മരിച്ചവർ പോലും ഉയിർപ്പിക്കപ്പെട്ടു. ഇതാണ് സുവിശേഷത്തിന്റെ കാതൽ എന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

നിരാശയിൽനിന്ന് വിടുതൽ

നിരാശയുടെയും സഹനങ്ങളുടെയും തടവറയിൽനിന്ന് യേശുവിന്റെ വാക്കുകൾ നമ്മെ സ്വതന്ത്രരാക്കുന്നു. എല്ലാ പ്രവചനങ്ങളും അവിടുന്നിൽ പൂർത്തീകരിക്കപ്പെടുകയും ചെയ്തു. ദൈവമഹത്വം ദർശിക്കാനായി മനുഷ്യരാശിയുടെ കണ്ണുകൾ തുറന്നത് ക്രിസ്തുവാണെന്ന് മാർപാപ്പ പറഞ്ഞു.

അക്രമവും വിദ്വേഷവും മൂലം അടിച്ചമർത്തപ്പെടുകയും നിശബ്ദരാക്കപ്പടുകയും ചെയ്തവർക്ക് ദൈവം യേശുവിലൂടെ ശബ്ദം നൽകി. സത്യത്തിനുനേരെ ജനതകളുടെ ചെവിയടച്ചുകളയുന്ന പ്രത്യയശാസ്ത്രങ്ങളെ അവിടുന്ന് പരാജയപ്പെടുത്തി. ശാരീരിക രോഗങ്ങൾ അവിടുന്ന് സുഖപ്പെടുത്തുകയും അവയെ കുറിച്ചുള്ള മിഥ്യാധാരണകൾ തിരുത്തുകയും ചെയ്തു

ആഗമനകാലം - പ്രതീക്ഷയുടെയും ജാഗരൂകതയുടെയും

ഈ ആഗമനകാലത്ത് വിശ്വാസികൾക്ക് ഉണ്ടായിരിക്കേണ്ട രണ്ട് അടിസ്ഥാന മനോഭാവങ്ങളെക്കുറിച്ച് പരിശുദ്ധ പിതാവ് വ്യക്തമാക്കി. രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പ്, ദൈവം ലോകത്തിൽ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള ജാഗരൂകത എന്നിവയാണവ. ആഗമന കാലത്തെ മൂന്നാം ഞായർ 'ആനന്ദത്തിന്റെ ഞായർ' എന്നുകൂടി അറിയപ്പെടുന്ന കാര്യം പാപ്പാ അനുസ്മരിച്ചു.

ഇത് പരീക്ഷണങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സന്തോഷമല്ല മറിച്ച്, ജീവിതത്തിൻ്റെ അർത്ഥം നഷ്ടപ്പെട്ടതായി തോന്നുമ്പോഴും ചുറ്റുമുള്ളതെല്ലാം ഇരുൾ നിറഞ്ഞതായി കാണപ്പെടുമ്പോഴും നിലനിൽക്കുന്ന ഒരു ആനന്ദമാണ് - ഈ വാക്കുകളോടെ ലിയോ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.