കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇ.ഡിക്ക് കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. സ്‌പെഷ്യല്‍ ഇന്‍വെസിറ്റിഗേഷന്‍ ടീം (എസ്‌ഐടി) ഉന്നയിച്ച എതിര്‍പ്പ് മറികടന്നാണ് കോടതി നിര്‍ദേശം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇ.ഡി അന്വേഷിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു സര്‍ക്കാരും ദേവസ്വം ബോര്‍ഡും എസ്‌ഐടിയും സ്വീകരിച്ചത്. സ്വര്‍ണക്കൊള്ള പുറത്തു വന്ന് ദിവസങ്ങള്‍ക്കകം തന്നെ കേസ് രേഖകളുടെ പകര്‍പ്പ് കൈമാറാന്‍ ഇ.ഡി സമീപിച്ചെങ്കിലും അനുകൂല നിലപാടായിരുന്നില്ല പൊലീസ് സ്വീകരിച്ചത്.
ഇതേ തുടര്‍ന്ന് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുകയും പ്രത്യേക അന്വേഷണ സംഘം മികച്ച രീതിയിലാണ് അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.
മാത്രമല്ല, ഏതെങ്കിലും രീതിയിലുള്ള ഫെമ ലംഘനം കണ്ടെത്തിയിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ഇ.ഡിയോട് വിചാരണ കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധിയുണ്ടായത്. സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇ.ഡി ആരോപിക്കുന്നത്.
കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന സംശയത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഇ.ഡിയുടെ കൊച്ചി സോണല്‍ ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തായിരിക്കും അന്വേഷണം നടക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.