'സമയമാം രഥത്തില്‍ ഞാന്‍...'; മലയാളിയുടെ ഹൃദയം കീഴടക്കിയ ഗാനത്തിന് 125 വയസ്

'സമയമാം രഥത്തില്‍ ഞാന്‍...'; മലയാളിയുടെ ഹൃദയം കീഴടക്കിയ ഗാനത്തിന് 125 വയസ്

'സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.'

ഈയൊരു ഗാനം കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. ജര്‍മ്മന്‍ മിഷനറിയായ വോള്‍ബ്രീറ്റ് നാഗല്‍ (വി നാഗല്‍) രചിച്ച സമയമാം രഥത്തിലിന് 125 വയസ് പൂര്‍ത്തിയാകുകയാണ്. അരനാഴിക നേരം എന്ന സിനിമയില്‍ വരികളില്‍ മാറ്റം വരുത്തി വയലാര്‍ രാമവര്‍മ്മ ഉപയോഗിച്ചതോടെയാണ് മലയാളത്തില്‍ ഈ ഗാനം പ്രശസ്തി നേടുന്നത്.

ആദ്യകാലത്ത് പ്രതീക്ഷയുടെ ഗാനം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് കേരളത്തിലെ ക്രൈസ്തവര്‍ ശവസംസ്‌കാര ചടങ്ങുകളില്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ മരണ ഗാനം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

പാട്ടിന്റെ വരികളില്‍ ചെറു തിരുത്തലുകള്‍ വരുത്തിയാണ് കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അരനാഴിക നേരത്തില്‍ ഈ പാട്ട് ഉപയോഗിക്കുന്നത്. 'എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.' എന്ന വരികള്‍ക്ക് പകരമായി 'എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു.' എന്നാണ് വയലാര്‍ ചേര്‍ത്തത്. 'യേശുവേ! നിനക്കു

സ്‌തോത്രം വേഗം നിന്നെ കാണും ഞാന്‍' എന്ന വരികള്‍ക്കു പകരമായി 'ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍' എന്ന വരികളും ചേര്‍ത്തു.

കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ നാഗലിന്റെ ഗാനങ്ങള്‍ സഭാ വ്യത്യാസമില്ലാതെ പാടാറുണ്ട്. നാഗല്‍ സായിപ്പ് എന്നാണ് അദ്ദേഹം ക്രൈസ്തവര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ദുഖിതര്‍ക്ക് ആശ്വാസം പകരുന്നവയും സ്‌തോത്ര ഗീതങ്ങളുമാണ് നാഗല്‍ എഴുതിയ പാട്ടുകളില്‍ ഭൂരിപക്ഷവും.

21 ഭാഷകളിലേക്ക് 'സമയമാം രഥത്തില്‍' മൊഴി മാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിത യാത്രയുടെ അവസാനം സ്വര്‍ഗത്തില്‍ ദൈവത്തിന്റെ കൈകളില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയാണ് ഈ പാട്ട് നല്‍കുന്നത്. 1897ല്‍ കുന്നംകുളത്തു നിന്നും കണ്ണൂരിലേക്കുള്ള യാത്രയിലാണ് സമയമാം രഥത്തില്‍ എഴുതിയതെന്ന് പറയപ്പെടുന്നു.

1867 നവംബര്‍ മൂന്നിന് ജര്‍മ്മനിയിലെ ഹെസല്‍ നഗരത്തിലാണ് വി നാഗലിന്റെ ജനനം. സുവിശേഷ വേലയ്ക്കായി 23 -ാം വയസിലാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. സുവിശേഷ പ്രഘോഷണം എളുപ്പമാക്കുന്നതിന് അദ്ദേഹം മലയാളം പഠിക്കുകയും അതില്‍ പ്രവീണ്യം നേടുകയും ചെയ്തു. എഴുപതില്‍ അധികം മലയാളം ഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

1914ല്‍ ജന്മനാട് സന്ദര്‍ശിക്കുന്നതിനായി ജര്‍മ്മനിയിലേക്ക് പോയ നാഗലിന് കേരളത്തിലേക്ക് മടങ്ങാന്‍ സാധിച്ചില്ല. ജന്മനാട്ടില്‍ പോയി ആറ് മാസത്തിനു ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാല്‍ തിരിച്ചുവരവ് സാധ്യമായില്ല. ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കാതിരുന്നതാണ് കാരണം. 1921 മെയ് 12 ന് അദ്ദേഹം മരണപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.