ഗാസ: ഹമാസ് നിയന്ത്രിത മേഖലകളില്‍ നിന്ന് ഇസ്രയേല്‍ സേന പിന്മാറിയാല്‍ വെടിനിര്‍ത്തലിന്റെ ഭാഗമായി തങ്ങള്‍ ആയുധം താഴെ വയ്ക്കാമെന്ന് സംഘടനയുടെ പോളിറ്റ് ബ്യൂറോ അംഗം ബാസെം നയീം. അമേരിക്കയുടെ ഇടപെടലില്‍ ഇസ്രയേലും ഹമാസും രണ്ടാം ഘട്ട പ്രധാന സമാധാന ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് തൊട്ടു മുന്‍പാണ് ഹമാസിന്റെ പ്രഖ്യാപനം.
കൂടുതല്‍ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളും ഒഴിവാക്കാന്‍ വളരെ സമഗ്രമായൊരു സമീപനത്തിന് തങ്ങള്‍ തയ്യാറാണെന്നും നയീം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചത് പ്രതിരോധ പ്രവര്‍ത്തനമാണെന്ന് നയീം ന്യായീകരിച്ചു.
അമേരിക്ക മുന്‍കൈയെടുത്ത് തയ്യാറാക്കിയ രണ്ടാംഘട്ട സമാധാന കരാറില്‍ നിരവധി കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് ഹമാസ് നേതാവ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിന് മേല്‍നോട്ടം വഹിക്കാനും ലംഘനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും സംഘര്‍ഷങ്ങള്‍ തടയാനും അതിര്‍ത്തിക്കടുത്ത് ഐക്യരാഷ്ട്ര സഭയുടെ സേനയെ ഹമാസ് സ്വാഗതം ചെയ്യുന്നതായും അദേഹം വ്യക്തമാക്കി.
ഈ മാസം അവസാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കണ്ട് സമാധാന കരാറിന് അന്തിമ രൂപം നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാസിം നയീമിന്റെ പ്രതികരണം. നയീമിന്റെ ആയുധം താഴെ വയ്ക്കാമെന്ന പ്രസ്താവനയില്‍ ഇസ്രയേല്‍ തൃപ്തരാണോ എന്ന് വ്യക്തമല്ല.
പാലസ്തീന് സ്വാതന്ത്ര്യം നല്‍കുന്ന സമാധാന കരാറാണ് അമേരിക്ക തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്. പാലസ്തീന് സ്വാതന്ത്ര്യം നല്‍കുന്നത് ഹമാസിനുള്ള സമ്മാനമാകും എന്നാണ് നെതന്യാഹു പറയുന്നത്.
ഗാസയിലെ യെല്ലോ ലെയ്ന്‍ ആണ് തങ്ങളുടെ പുതിയ അതിര്‍ത്തിയായി ഇസ്രയേല്‍ കണക്കാക്കിയിരിക്കുന്നത്. ഗാസ സിറ്റിയുടെ 53 ശതമാനത്തിലേറെ സ്ഥലങ്ങളിലും സ്വാധീനം ഇപ്പോള്‍ തങ്ങള്‍ക്കാണെന്ന് ഇസ്രയേല്‍ സേന വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.