പഴയ കാറുകള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശന വിലക്ക്; നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍

പഴയ കാറുകള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശന വിലക്ക്; നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ പഴയ കാറുകള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശനം നിഷേധിച്ചു. ബിഎസ്-VI എഞ്ചിനുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ക്കാണ് ഇന്ന് മുതല്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനവും ലഭിക്കില്ല.

അതിരൂക്ഷമായ മലിനീകരണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. ബിഎസ്-VI എഞ്ചിനുകളുള്ള കാറുകള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാനുള്ള നീക്കം തൊട്ടടുത്തുള്ള ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്ന 12 ലക്ഷം വാഹനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

നടപടിയുടെ ഭാഗമായി നോയിഡയില്‍ നിന്ന് നാല് ലക്ഷത്തിലധികം വാഹനങ്ങളും ഗുഡ്ഗാവില്‍ നിന്ന് രണ്ട് ലക്ഷവും ഗാസിയാബാദില്‍ നിന്ന് 5.5 ലക്ഷത്തിലധികം വാഹനങ്ങളും ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് നിരോധിക്കപ്പെടും. വാഹന പരിശോധനയ്ക്കായി 580 പൊലീസുകാരെയും 126 ചെക്ക്‌പോസ്റ്റുകളിലായി 37 എന്‍ഫോഴ്‌സ്‌മെന്റ് വാനുകളെയും വിന്യസിക്കും. ഗതാഗത വകുപ്പ്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ഭക്ഷ്യ വകുപ്പ് എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ പെട്രോള്‍ പമ്പുകളില്‍ വിന്യസിക്കും. മാത്രമല്ല സാധുവായ പുക സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത വാഹനങ്ങളെ തിരിച്ചറിയാന്‍ പെട്രോള്‍ പമ്പുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ കാമറകള്‍ ഡല്‍ഹിയില്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ 10 വര്‍ഷം പഴകിയ ഡീസല്‍ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള പെട്രോല്‍ വാഹനങ്ങളും വിലക്കിക്കൊണ്ട് സുപ്രീം കോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബിഎസ്-4 നിലവാരത്തില്‍ താഴെയുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു. എന്നാല്‍ ജനരോഷം ഭയന്ന് 48 മണിക്കൂറിനുള്ളില്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.