ഫ്രാന്‍സിസ് പാപ്പയ്ക്ക് പുതിയ ഇലക്ട്രിക് കാര്‍; 'പോപ്പ് മൊബൈല്‍' സമ്മാനിച്ച് മെഴ്സിഡസ് ബെന്‍സ്

ഫ്രാന്‍സിസ് പാപ്പയ്ക്ക് പുതിയ ഇലക്ട്രിക് കാര്‍; 'പോപ്പ് മൊബൈല്‍' സമ്മാനിച്ച് മെഴ്സിഡസ് ബെന്‍സ്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയ്ക്ക് പുതിയ ഇലക്ട്രിക് വാഹനം സമ്മാനിച്ച് ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ്. മാര്‍പാപ്പയുടെ പരിസ്ഥിതി സംരക്ഷണ ആഹ്വാനം ഉയര്‍ത്തിപ്പിടിച്ചാണ് ഇലക്ട്രിക് കാര്‍ സമ്മാനിച്ചത്.

വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ ആശിര്‍വദിക്കാന്‍ ഉപയോഗിക്കുന്ന വാഹനം പോപ്മൊബൈല്‍ എന്നാണ് അറിയപ്പെടുന്നത്. തൂവെള്ള നിറത്തിലുള്ള വാഹനം ഇന്നലെ വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചു. മെഴ്സിഡസ് ബെന്‍സിന്റെ ഇലക്ട്രിക് ജി ക്ലാസ് എസ്യുവി പരിഷ്‌ക്കരിച്ചതാണ് പുതിയ വാഹനം.

കുറഞ്ഞ വേഗതയേ ഈ വാഹനത്തിനുള്ളൂ. വാഹനത്തിന്റെ ഗ്ലാസ് മേലാപ്പിന് താഴെ മാര്‍പാപ്പയ്ക്കായി ഉയരം ക്രമീകരിക്കാവുന്ന തരത്തിലുള്ള ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ഇതിലിരുന്ന് പരിശുദ്ധ പിതാവിന് വിശ്വാസികളെ അഭിവാദ്യം ചെയ്യാം. ഇരുവശങ്ങളിലേക്കും തിരിയാന്‍ കഴിയുന്ന രീതിയിലാണ് സീറ്റ് സജ്ജീകരിച്ചിരിക്കുന്നത്.



2025 ജൂബിലിയിലായിരിക്കും വാഹനം ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ജൂബിലിയില്‍ ദശലക്ഷക്കണക്കിന് ആളുകളെയാണ് റോമില്‍ പ്രതീക്ഷിക്കുന്നത്. വത്തിക്കാനിലേക്ക് മെഴ്സിഡസ് ബെന്‍സാണ് വാഹനം വിതരണം ചെയ്യുന്നത്. വത്തിക്കാന്റെ ആവശ്യത്തിനനുസരിച്ചുള്ള തരത്തിലാണ് പുതിയ വണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൂര്‍ണമായും ഇലക്ട്രിക് വാഹനമായിരിക്കുമിതെന്ന് ബെന്‍സ് അറിയിച്ചു.

'മാര്‍പാപ്പയ്ക്ക് വേണ്ടി കാറുകള്‍ നിര്‍മിക്കുന്നത് ഞങ്ങളുടെ കമ്പനിക്ക് ലഭിച്ച പ്രത്യേക ബഹുമതിയാണെ'ന്ന് സിഇഒ ഓല കല്ലേനിയസ് പറഞ്ഞു. കഴിഞ്ഞ 45 വര്‍ഷമായി വത്തിക്കാനിലേക്ക് പോപ്‌മൊബൈലുകള്‍ വിതരണം ചെയ്യുന്നത് ബെന്‍സ് ആണ്.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചര്‍ച്ചകളില്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. പൊതുപരിപാടികളില്‍ മുഴുവനായും ഇലക്ട്രിക് മെഴ്സിഡസ് ബെന്‍സില്‍ യാത്രചെയ്യുന്ന ആദ്യത്തെ പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.

1930 മുതലാണ് വത്തിക്കാനും മെഴ്‌സിഡസ് ബെന്‍സുമായുള്ള വാഹന ബന്ധം ആരംഭിച്ചത്. പഴയ പോപ്‌മൊബൈലുകളെല്ലാം വത്തിക്കാന്‍ സിറ്റിയിലും ഒപ്പം മെഴ്‌സിഡസ് ബെന്‍സ് മ്യൂസിയത്തിലുമായാണ് പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.