അമീബിക് മസ്തിഷ്‌ക ജ്വരം: വീട്ടില്‍ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നു; ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

അമീബിക് മസ്തിഷ്‌ക ജ്വരം:  വീട്ടില്‍ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നു;  ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

കപ്പിത്താന്‍ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പല്‍ മുങ്ങിയെന്നും പ്രതിപക്ഷ പരിഹാസം.

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്ത് പടരുന്നുമായി ബന്ധപ്പെട്ട് നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനും ആരോഗ്യ വകുപ്പിനുമെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം.

സംസ്ഥാനത്ത് അമീബിക് മസിഷ്‌ക ജ്വരം അതിവേഗം പടര്‍ന്നു പിടിക്കുകയാണെന്നും വീട്ടില്‍ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും കുറ്റപ്പെടുത്തിയ പ്രതിപക്ഷം, കപ്പിത്താന്‍ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പല്‍ മുങ്ങിയെന്നും പരിഹസിച്ചു.

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച മുസ്ലീം ലീഗ് എംഎല്‍എ എന്‍. ഷംസുദ്ദീന്‍ ആരോഗ്യ വകുപ്പിനും ആരോഗ്യ മന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. നൂറോളം പേര്‍ക്ക് രോഗബാധ ഉണ്ടായി. പകര്‍ച്ച വ്യാധി അല്ലാതിരുന്നിട്ടും രോഗം പടരുകയാണ്.

രോഗബാധയില്‍ ശാസ്ത്രീയ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനാകുന്നില്ല. രോഗം പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്നും ഇരുട്ടില്‍ തപ്പുകയാണെന്നും എന്‍. ഷംസുദ്ദീന്‍ വിമര്‍ശിച്ചു.

സാധാരണഗതിയില്‍ പ്രാദേശികമായി കാണുന്ന രോഗം ഇപ്പോള്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂര്‍, കോഴിക്കോട്, പാലക്കാട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അമീബയുള്ള വെള്ളത്തില്‍ കുളിക്കുന്ന 26 ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം വരാന്‍ സാധ്യതയുള്ള അത്യപൂര്‍വമായ ഈ രോഗം കേരളത്തില്‍ വ്യാപകമാകുന്നതില്‍ ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്ന് അമേരിക്കന്‍ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പഠനം ഉദ്ധരിച്ച് അദേഹം പറഞ്ഞു.

കുളത്തിലോ പുഴയിലോ കുളിക്കുന്നതിലൂടെയാണ് രോഗം വരുന്നതെന്നായിരുന്നു ആദ്യ ധാരണ. എന്നാല്‍ വീട്ടില്‍ കുളിച്ചവര്‍ക്കും നാലുമാസം പ്രായമായ കുഞ്ഞിനും രോഗം വന്ന് മരിച്ചത് രോഗ വ്യാപനത്തെക്കുറിച്ച് കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നുവെന്നും പ്രതിപക്ഷം ആശങ്ക ഉന്നയിച്ചു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.