ന്യൂഡൽഹി: രണ്ട് ദിവസത്തിന് ശേഷം ശംഭു അതിർത്തിയിൽ നിന്ന് പുനരാരംഭിച്ച കർഷക സംഘടനകളുടെ ദില്ലി ചലോ മാർച്ചിന് നേരെ വീണ്ടും ഹരിയാന പൊലീസിൻ്റെ അതിക്രമം. കഴിഞ്ഞ ദിവസത്തേതിന് സമാനമായി കർഷകരുടെ ജാഥയ്ക്ക് നേരെ ഇന്നും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സമാധാനപരമായി ഡൽഹിയിലേക്ക് മാർച്ച് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അതിന് അനുവദിക്കണമെന്നും കർഷക നേതാക്കൾ ആവശ്യം ഉന്നയിച്ചെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു.
തുടർന്ന് ഹരിയാനയിലേക്ക് കടക്കാനുള്ള കർഷകരുടെ ശ്രമം ബലം പ്രയോഗിച്ച് പൊലീസ് തടഞ്ഞു. ടിയർ ഗ്യാസ് ഷെല്ലിലെ പെല്ലറ്റ് തറച്ച് 15 കർഷകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമെ ഒരു മാധ്യമ പ്രവർത്തകനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ചണ്ഡീഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചാബ് - ഹരിയാന അതിർത്തിയായ ശംഭുവിൽ രാവിലെ മുതൽ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ഡിഎസ്‌പി ഷഹബാദ് രാംകുമാർ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഇന്നത്തെ ജാഥ പിൻവലിക്കാൻ തീരുമാനിച്ചതായി കർഷക നേതാവ് സർവാൻ സിങ് പന്ദേർ പറഞ്ഞു. പ്രക്ഷോഭം തുടരും, ഗുരുതരമായി പരുക്കേറ്റ ഒരു കർഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 കർഷകർക്ക് പരിക്കേറ്റു. അതിനാൽ ഞങ്ങൾ ഇന്നത്തെ ജാഥ പിൻവലിച്ചു. ഭാവി പരിപാടിയെക്കുറിച്ച് ഞങ്ങൾ മാധ്യമങ്ങളെ അറിയിക്കുമെന്നും സർവാൻ സിങ് പന്ദേർ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.