വാഷിങ്ടൺ ഡിസി: രണ്ടാം തവണ അധികാരമേറ്റെടുക്കുന്ന ചടങ്ങ് ചരിത്ര സംഭവമാക്കാൻ ഒരുങ്ങി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് പ്രസിഡൻ്റ് ഉൾപ്പെടെ പ്രധാന ലോക നേതാക്കളെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ടെക് ഭീമന്മാരും വൻ വ്യവസായികളുമടക്കം നീണ്ട നിരയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക. വാഷിങ്ടൺ ഡിസിയിലെ ക്യാപിറ്റോൾ ബിൽഡിങിലാകും ചടങ്ങ് നടക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി ദശലക്ഷക്കണക്കിന് ഡോളറിന്റെ സംഭാവന പ്രവാഹമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ജനുവരി 20 നാണ് 47 - മത് യുഎസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നത്. തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലെ യുഎസ് ക്യാപിറ്റോൾ ബിൽഡിങിൽ നടക്കുന്ന ചടങ്ങിൽ ട്രംപിനൊപ്പം വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും അധികാരമേൽക്കും. പാരമ്പര്യമനുസരിച്ച് യുഎസ് പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ലോകനേതാക്കൾക്ക് ക്ഷണമില്ല. എന്നാൽ ഇത്തവണ അത് ലംഘിച്ച് ട്രംപ് രണ്ടാം വരവ് ഗംഭീരമാക്കാനൊരുങ്ങുകയാണ്.
ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾക്ക് ഇതിനോടകം തന്നെ ക്ഷണം ലഭിച്ചു കഴിഞ്ഞു. ഇതിൽ ഏറ്റവും ശ്രദ്ധേയം ചൈനീസ് പ്രസിഡൻ്റിനുള്ള ക്ഷണമാണ്. ഷി ജിൻപിങ് ഉൾപ്പെടെയുള്ള ചില നേതാക്കളെ ട്രംപ് വ്യക്തിപരമായാണ് ക്ഷണിച്ചിരിക്കുന്നത്. യുഎസും ബീജിങും മത്സരത്തിൻ്റെ പശ്ചാത്തലത്തിൽ ക്ഷണത്തിന് പ്രാധാന്യമേറെയാണ്. എതിരാളികളോടും ട്രംപിന് തുറന്ന സമീപനമെന്നതിന് ഉദാഹരണമാണ് ചൈനീസ് പ്രസിഡൻ്റിൻ്റെ ക്ഷണമെന്ന് ട്രംപിൻ്റെ വക്താവ് കരോലി ലീവിറ്റ് പറഞ്ഞു.
എന്നാൽ ഷി ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും പകരം വൈസ് പ്രസിഡൻ്റ് ഹാൻ ഷെങ്ങിനെയോ വിദേശകാര്യമന്ത്രി വാങ് യീ യെയോ അയച്ചേക്കുമെന്നാണ് റിപ്പോർട്ട്. എൽ സാൽവഡോർ പ്രസിഡൻ്റ് നയിബ് ബുകെലെ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, അർജൻ്റീനിയൻ പ്രസിഡൻ്റ് ജാവിയർ മിലി എന്നിവരും ക്ഷണം ലഭിച്ചവരുടെ പട്ടികയിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.