കൊച്ചി: വഖഫ് ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എംപി ഫ്രാന്‍സിസ് ജോര്‍ജ്.
നിതീക്കും ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കാന്‍ താനും പാര്‍ട്ടിയും തയ്യാറാണ്. നിലവിലുള്ള വഖഫ് നിയമത്തിലെ വകുപ്പുകളോട് യോജിക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഈ ബില്‍ അവതരണത്തില്‍ നിന്നു പിന്നോട്ടു പോകരുതെന്നും അദേഹം അഭ്യര്‍ത്ഥിച്ചു.
മുനമ്പം ഭൂസമരത്തിന്റെ നൂറാം ദിനത്തില്‍ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്റ്റ്സി(അസംബ്‌ളി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസ്) ന്റെ നേതൃത്വത്തില്‍ ആരംഭിച്ച രാപകല്‍ സമരത്തിന്റെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്.
അതേസമയം വഖഫ് നിയമം ഭേദഗതി ചെയ്ത് ഭരണഘടനയും ഇന്ത്യന്‍ മതേതരത്വവും സംരക്ഷിക്കണമെന്ന് ഭൂസംരക്ഷണ സമിതി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേരളത്തില്‍ നിന്നുള്ള എല്ലാ എം.പിമാര്‍ക്കും ഭൂസംരക്ഷണ സമിതി കത്തയയ്ക്കും.
നിലവിലുള്ള വഖഫ് നിയമത്തിലെ 3, 36, 40, 52, 83, 84, 107, 108 എന്നീ സെക്ഷനുകളില്‍ ഭരണഘടനയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും നിരക്കുന്ന തരത്തിലുള്ള ഭേദഗതികള്‍ വരുത്തണം എന്നതായിരിക്കും കത്തിലെ ഉള്ളടക്കം.
മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്നതിനുള്ള തെളിവുകള്‍ അനവധിയാണ്. മുഖ്യതെളിവ് സിദ്ദിഖ് സേട്ട് 1950 ല്‍ എഴുതിയ ആധാരം തന്നെയാണ്. വഖഫ് എന്ന് എഴുതിയതുകൊണ്ടു മാത്രം ഒരു ആധാരം വഖഫ് ആധാരമാകില്ല എന്ന് കേരള ഹൈക്കോടതിയില്‍ മറ്റൊരു കേസ് പരിഗണിക്കവേ പരാമര്‍ശിച്ചിട്ടുണ്ട്. വഖഫ് എന്ന ആശയത്തിനു തന്നെ നിരക്കാത്ത രണ്ട് വ്യവസ്ഥകള്‍ ആ രേഖയിലുള്ളതു വഖഫ് ബോര്‍ഡ് കണ്ടില്ലെന്ന് നടിച്ചതായും ഭൂസംരക്ഷണ സമിതി ആരോപിച്ചു.
വസ്തു വില്‍പനയെ അനുകൂലിക്കുന്ന വാചകവും ചില പ്രത്യേക സാഹചര്യമുണ്ടായാല്‍ വസ്തു തന്റെ കുടുംബത്തിലേക്ക് തിരികെയെത്തണമെന്ന വ്യവസ്ഥയും ആ രേഖ വഖഫല്ല എന്നതിന്റെ വ്യക്തമായ തെളിവുകളാണ്.
പറവൂര്‍ സബ് കോടതി 1971 സെപ്റ്റംബര്‍ 12 ന് പുറപ്പെടുവിച്ച വിധിയില്‍ വസ്തുക്കളെ വഖഫായി പ്രഖ്യാപിച്ചു എന്ന തെറ്റായ വാദമുന്നയിച്ചാണ് വഖഫ് ബോര്‍ഡ് വസ്തുക്കള്‍ ഏറ്റെടുത്തുകൊണ്ടുള്ള 2019 ലെ ഉത്തരവ് പുറപ്പെടുവിച്ചത്. വെറും ഒരു ഇഞ്ചങ്ഷന്‍ സ്യൂട്ട് മാത്രമായ ആ കേസിനെ വഖഫ് ഭൂമി വിധിയായി വ്യാഖ്യാനിക്കുകയാണെന്നും സമര സമിതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.