ജെഫ്രി എപ്സ്റ്റീന്‍ കേസ്: ട്രംപിന്റേതടക്കം 16 നിര്‍ണായക ഫയലുകള്‍ യു.എസ് നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് മുക്കി

ജെഫ്രി എപ്സ്റ്റീന്‍ കേസ്:  ട്രംപിന്റേതടക്കം 16 നിര്‍ണായക  ഫയലുകള്‍ യു.എസ് നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് മുക്കി

വാഷിങ്ടണ്‍: യു.എസ് നീതിന്യായ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ചില ഫയലുകള്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായി.

ജെഫ്രി എപ്സ്റ്റീനുമായി പ്രമുഖര്‍ക്കുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങളിലെ 16 എണ്ണം വെബ്‌സൈറ്റില്‍ കാണാനില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഫയലുകളാണ് അപ്രത്യക്ഷമായത്. ഫയലുകള്‍ നീക്കം ചെയ്തതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബില്‍ ഗേറ്റ്‌സ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ ജെഫ്രി എപ്സ്റ്റീന്‍ ഫയലുകളിലുണ്ട്. നഗ്നചിത്രങ്ങളുടെ പെയിന്റിങുകളും ഡൊണാള്‍ഡ് ട്രംപ്, മെലാനിയ ട്രംപ്, എപ്സ്റ്റീന്‍, ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ എന്നിവര്‍ ഒരുമിച്ചുള്ള ചിത്രങ്ങളും അടങ്ങിയതായിരുന്നു വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട ഫയല്‍.

എപ്സ്റ്റീന്‍ എസ്റ്റേറ്റില്‍ നിന്ന് ലഭിച്ച 95,000 ത്തോളം ഫോട്ടോകളാണ് ഓവര്‍സൈറ്റ് കമ്മിറ്റിയുടെ പക്കലുള്ളത്. കൂടുതല്‍ ഫോട്ടോകള്‍ പുറത്തു വിടാനാണ് കമ്മിറ്റിയുടെ നീക്കമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എപ്സ്റ്റീനെതിരെയുള്ള കേസ് ഫയലുകള്‍ നീതിന്യായ വകുപ്പ് പുറത്തു വിടണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യത്തിന് പിന്നാലെയാണ് ഫയലുകള്‍ പരസ്യമായി പുറത്തുവിടാന്‍ നീതിന്യായ വകുപ്പിന് കോടതി അനുമതി നല്‍കിയത്.

2003 ല്‍ എപ്സ്റ്റീനും ട്രംപും സുഹൃത്തുക്കളായിരുന്നു. ജെഫ്രി എപ്സ്റ്റീന് ജന്മദിനാശംസ നേര്‍ന്ന് ഡൊണാള്‍ഡ് ട്രംപ് അയച്ചതായി പറയുന്ന വിവാദ അശ്ലീലക്കുറിപ്പും ചിത്രവും പുറത്തു വന്നിരുന്നു. നിരവധി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയാണ് എപ്സ്റ്റീന്‍. 2006 ലാണ് അറസ്റ്റിലായത്. അറസ്റ്റിലായത്.

2008 ല്‍ ഒരു കേസില്‍ വിചാരണ പൂര്‍ത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. മറ്റ് കേസുകളില്‍ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് എപ്സ്റ്റീനെ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.