കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചെങ്കില്‍ ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പം എന്നിവ ഉള്‍പ്പെടെ സ്വര്‍ണം പൂശുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് ഏല്‍പ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞപ്പോഴായിരുന്നു ഹൈക്കോടതി ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചത്.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്‍, ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ഗോവര്‍ദ്ധന്റെ ജാമ്യഹര്‍ജിയിലാണ് പ്രധാനമായും വാദം കേട്ടത്.
താന്‍ 1.40 കോടി രൂപയോളം പല ആവശ്യങ്ങള്‍ക്കായി ശബരിമലയില്‍ ചെലവഴിച്ചു. ഇപ്പോള്‍ 25 ദിവസമായി താന്‍ ജയിലില്‍ കിടക്കുകയാണെന്ന് ഗോവര്‍ദ്ധന്‍ കോടതി മുമ്പാകെ അറിയിച്ചു. എന്നാല്‍, എസ്ഐടി എതിര്‍പ്പ് ഉന്നയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ദ്ധനും സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുണ്ടെന്ന് എസ്ഐടി കോടതിയില്‍ വ്യക്തമാക്കി.
ശബരിമല ശ്രീകോവിലിന്റെ വാതില്‍ 35 ലക്ഷം രൂപ മുടക്കി പണിതുകൊടുത്തെന്നും ശ്രീകോവിലിന്റെ മുമ്പിലെ കാണിക്കവഞ്ചി നിര്‍മിച്ച് കൊടുത്തത് താനാണെന്നും ഗോവര്‍ദ്ധന്‍ കോടതിയില്‍ പറഞ്ഞു. അയ്യപ്പന്റെ തികഞ്ഞ വിശ്വാസിയാണ് താന്‍. കേസില്‍ കുടുക്കിയതാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലിരുന്ന തന്നെ പെട്ടെന്ന് പിടിച്ച് അറസ്റ്റ് ചെയ്തതാണെന്നും ഗോവര്‍ദ്ധന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.