വത്തിക്കാൻ: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് പ്രാർത്ഥനയുടെയും പരസ്പര ബന്ധത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് 2027 ലേക്കുള്ള പ്രാർത്ഥനാ നിയോഗങ്ങൾ ലെയോ പാപ്പ പ്രഖ്യാപിച്ചു. നിർമ്മിത ബുദ്ധി, തൊഴിൽ മേഖലയിലെ മാറ്റങ്ങൾ, പരിസ്ഥിതി, കുടിയേറ്റം തുടങ്ങി ആധുനിക ലോകം നേരിടുന്ന വെല്ലുവിളികൾക്കും സഭാ ജീവിതത്തിലെ കാതലായ വിഷയങ്ങൾക്കും പാപ്പയുടെ പ്രാർത്ഥനാ പട്ടികയിൽ ഇടം ലഭിച്ചു.
"വളരെ വേഗത്തിൽ ചലിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. കർത്താവുമായും സഹജീവികളുമായും ആഴത്തിലുള്ള ബന്ധം നിലനിർത്തേണ്ടത് അനിവാര്യമാണ്," പ്രാർത്ഥനാ നിയോഗങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് പാപ്പ പറഞ്ഞു. വേൾഡ് വൈഡ് പ്രയർ നെറ്റ്‌വർക്കാണ് 2027-ലെ നിയോഗങ്ങൾ തയ്യാറാക്കിയത്.
ജനുവരി
സഭയിലെ എല്ലാവരും തങ്ങളുടെ ഹൃദയങ്ങളെയും ലോകത്തെയും രൂപാന്തരപ്പെടുത്തുന്ന കർത്താവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയായി പ്രാർഥനയെ കണ്ടെത്തട്ടെ എന്ന് നമുക്ക്പ്രാർഥിക്കാം.
ഫെബ്രുവരി (മറ്റുള്ളവരെ പരിപാലിക്കുന്നവർക്ക് പരിചരണം ലഭിക്കട്ടെ)
മറ്റുള്ളവരുടെ സമഗ്ര ആരോഗ്യത്തിനായി കരുതുന്നവർക്ക് ആവശ്യമായ പിന്തുണ ലഭിക്കട്ടെ എന്നും, ക്ഷമ, ജ്ഞാനം, ധൈര്യം എന്നിവയാൽ ആന്തരിക രോഗശാന്തിയുടെയും പ്രത്യാശയുടെയും വഴികൾ തുറക്കട്ടെ എന്നും നമുക്ക് പ്രാർഥിക്കാം.
മാർച്ച് (മനുഷ്യജീവിതത്തിന്റെ അന്തസ് ബഹുമാനിക്കപ്പെടട്ടെ)
ഓരോ വ്യക്തിയുടെയും നമ്മുടെയും മറ്റുള്ളവരുടെയും അതുല്യമായ അന്തസ്സ് കണ്ടെത്താനും വിലമതിക്കാനും നമ്മെ പ്രാപ്തരാകണമെന്ന് നമുക്ക് പ്രാർഥിക്കാം.
ഏപ്രിൽ (കല മനുഷ്യവൽക്കരിക്കുന്ന ഒരു സമ്മാനമാണ്)
നമ്മെ മനുഷ്യവൽക്കരിക്കുകയും, ആത്മാവിനെ ഉയർത്തുകയും, സൃഷ്ടിയിലെ ദൈവത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു യഥാർഥ സമ്മാനമായി കലയെ കാണുന്നതിനു വേണ്ടി നമുക്ക് പ്രാർഥിക്കാം.
മെയ് (എല്ലാവർക്കും തൊഴിലവസരങ്ങൾ ഉണ്ടാകട്ടെ)
സാങ്കേതിക വികസനം മാന്യമായ തൊഴിൽ അവസരങ്ങൾ തുറക്കട്ടെ എന്നും, തലമുറകൾ തമ്മിലുള്ള സഹകരണം ഓരോ വ്യക്തിക്കും പൊതുനന്മയ്ക്കായി അവരുടെ കഴിവുകൾ വിനിയോഗിക്കാൻ കഴിയുന്ന ഒരു ഭാവി കൊണ്ടുവരട്ടെ എന്നും നമുക്ക് പ്രാർഥിക്കാം.
ജൂൺ (നിർമ്മിത ബുദ്ധിയുടെ നല്ല ഉപയോഗത്തിനായി)
മനുഷ്യന്റെ അന്തസ്സിനെ സേവിക്കുന്നതിനായി നിർമ്മിത ബുദ്ധി എപ്പോഴും വികസിപ്പിച്ചെടുക്കട്ടെ എന്നും അത് എങ്ങനെ ജ്ഞാനപൂർവം ഉപയോഗിക്കണമെന്ന് തിരിച്ചറിയാനും വേണ്ടി നമുക്ക് പ്രാർഥിക്കാം.
ജൂലൈ (മുത്തശി മുത്തശന്മാർക്കും വൃദ്ധർക്കും വേണ്ടി)
മുത്തശ്ശീമുത്തശ്ശന്മാരും വൃദ്ധരും നമുക്ക് നൽകുന്ന വിശ്വാസത്തിന്റെയും ജ്ഞാനത്തിന്റെയും നിധിയെ സഭാംഗങ്ങൾ എപ്പോഴും വിലമതിക്കുകയും അവരുടെ അനുഭവത്തിൽ നിന്ന് പഠിക്കാൻ തയ്യാറാകുകയും ചെയ്യട്ടെ എന്നും നമുക്ക് പ്രാർഥിക്കാം.
ഓഗസ്റ്റ് (സ്വന്തം വിളിയെ അന്വേഷിക്കുന്ന യുവജനങ്ങൾക്ക്)
യേശുക്രിസ്തുവിൽ ഹൃദയങ്ങൾ തുറക്കാൻ കഴിയുന്ന കൂട്ടുകാരെ കണ്ടെത്താൻ കഴിയട്ടെ എന്നും നമുക്ക് പ്രാർഥിക്കാം.
സെപ്റ്റംബർ (സമഗ്ര പാരിസ്ഥിതിക പരിവർത്തനത്തിനായി)
സൃഷ്ടിയുമായി ഒരു പുതിയ ബന്ധത്തിൽ എങ്ങനെ ജീവിക്കാമെന്നും, നീതിയാൽ അതിനെ എങ്ങനെ സംരക്ഷിക്കാമെന്നും, സൃഷ്ടിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, കൂടുതൽ യോജിപ്പും നന്ദിയുള്ളതുമായ നിലനിൽപ്പിലേക്കുള്ള പാത കണ്ടെത്തുന്നതിന് നമുക്ക് പ്രാർഥിക്കാം.
ഒക്ടോബർ (ക്രിസ്ത്യൻ സമൂഹങ്ങൾക്ക്)
ഓരോ ഇടവകയും, സമൂഹവും, സുവിശേഷ ശുശ്രൂഷയിൽ പുതിയ ശിഷ്യന്മാരെ രൂപപ്പെടുത്തുന്ന മിഷനറി പ്രവർത്തനത്തിന്റെ കേന്ദ്രമായി മാറട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.
നവംബർ (കുടിയേറ്റക്കാരുടെ സംയോജനത്തിനായി)
വേരോടെ പിഴുതെറിയപ്പെട്ട സ്വന്തം യാത്രയിൽ തിരുക്കുടുംബം അനുഗമിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന കുടിയേറ്റക്കാരും കുടിയിറക്കപ്പെട്ടവരും അന്തസ്സോടെയും ഐക്യദാർഢ്യത്തോടെയും അവരെ സ്വാഗതം ചെയ്യുന്ന സമൂഹങ്ങൾ കണ്ടെത്തട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.
ഡിസംബർ (കുടുംബത്തിന്റെ ക്രിസ്തീയ വിളിക്ക് വേണ്ടി)
ക്രിസ്തീയ കുടുംബങ്ങൾ സമൂഹത്തിൽ സുവിശേഷത്തിന്റെ ജീവിക്കുന്ന സാക്ഷികളാകാനും വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവ വളർത്തിയെടുക്കുന്നവരാകാനും നമുക്ക് പ്രാർഥിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.