'പത്ത് വർഷത്തെ ഭാരം ഇറക്കിവെച്ചു'; കുമ്പസാരക്കൂട്ടിലേക്ക് മടങ്ങി പ്രശസ്ത അമേരിക്കൻ ഇൻഫ്ലുവൻസർ വില്ലി പ്രിൻസ്-മാത

'പത്ത് വർഷത്തെ ഭാരം ഇറക്കിവെച്ചു'; കുമ്പസാരക്കൂട്ടിലേക്ക് മടങ്ങി പ്രശസ്ത അമേരിക്കൻ ഇൻഫ്ലുവൻസർ വില്ലി പ്രിൻസ്-മാത

ന്യൂയോർക്ക്: ജീവിതശൈലി, കായികം, ഭക്ഷണം എന്നീ മേഖലകളിൽ ലക്ഷക്കണക്കിന് ആരാധകരുള്ള അമേരിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വില്ലി പ്രിൻസ്-മാതയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കത്തോലിക്കാ സഭയിലെ കുമ്പസാരമെന്ന കൂദാശയിലേക്ക് താൻ മടങ്ങിയെത്തിയ ഹൃദയസ്പർശിയായ അനുഭവമാണ് അദേഹം പങ്കുവെച്ചത്. 4.5 ലക്ഷത്തിലധികം അനുയായികളുള്ള തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ സാക്ഷ്യം വെളിപ്പെടുത്തിയത്.

കത്തോലിക്കാ വിശ്വാസത്തിൽ വളർന്ന വില്ലി കഴിഞ്ഞ കുറെ വർഷങ്ങളായി സഭയിൽ നിന്നും കൂദാശകളിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. സഭയിലേക്ക് മടങ്ങിവരാൻ തനിക്ക് ഏറ്റവും വലിയ തടസമായി നിന്നത് കുമ്പസാരത്തോടുള്ള ഭയമായിരുന്നുവെന്ന് അദേഹം തുറന്നു പറയുന്നു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുത്തപ്പോൾ മറ്റുള്ളവർ ദിവ്യകാരുണ്യം സ്വീകരിക്കുന്നത് കണ്ടത് തന്റെ ഉള്ളിൽ വലിയ വേദനയുണ്ടാക്കി. ക്രിസ്തുവിനോട് ഒന്നാകാനുള്ള ആ തീവ്രമായ ആഗ്രഹമാണ് തന്നെ കുമ്പസാരക്കൂട്ടിലേക്ക് നയിച്ചതെന്ന് വില്ലി പറഞ്ഞു.

നോമ്പിന്റെ പതിനൊന്നാം ദിനത്തിലാണ് വില്ലി പത്തു വർഷത്തിന് ശേഷം കുമ്പസാരം നടത്തിയത്. "മനസ്സിൽ വലിയ പരിഭ്രമത്തോടെയാണ് ഞാൻ പോയത്. എന്നാൽ അത്രമേൽ ദയയുള്ള ഒരു വൈദികനെയാണ് എനിക്ക് ലഭിച്ചത്. കുമ്പസാരം കഴിഞ്ഞിറങ്ങിയപ്പോൾ എന്റെ ചുമലിൽ നിന്ന് വലിയൊരു ഭാരം ഇറക്കിവച്ചതുപോലെയാണ് തോന്നിയത്. പാപമോചനം മാത്രമല്ല, മനസിന് വലിയൊരു വിടുതൽ കൂടി എനിക്ക് ലഭിച്ചു." - വില്ലി വീഡിയോയിൽ സാക്ഷ്യപ്പെടുത്തുന്നു.

തന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്നവരോട് കുമ്പസാരത്തിന് പോകാൻ വില്ലി ആഹ്വാനം ചെയ്തു. കുമ്പസാരം എന്നത് ഭയപ്പെടുത്തുന്ന ഒന്നായി തോന്നാമെങ്കിലും ആ ഭയത്തെ മറികടക്കാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്നും എളിമയോടെയുള്ള ആ മടക്കയാത്ര നിങ്ങളെ പുതിയൊരു മനുഷ്യനാക്കുമെന്നും അദേഹം ഉപദേശിക്കുന്നു. വില്ലിയുടെ ഈ വീഡിയോ ഇതിനോടകം വൈറലാവുകയും നൂറുകണക്കിന് ആളുകൾ തങ്ങളുടെ സമാനമായ ആത്മീയ അനുഭവങ്ങൾ കമന്റുകളിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.