കെപിസിസി പുനസംഘടന ഉടന്‍; അധ്യക്ഷ പദവിയിലേക്ക് ഷാഫി പറമ്പിലിനായി ചരടുവലി ശക്തമാക്കി കെ.സി പക്ഷം

കെപിസിസി പുനസംഘടന ഉടന്‍; അധ്യക്ഷ പദവിയിലേക്ക് ഷാഫി പറമ്പിലിനായി  ചരടുവലി ശക്തമാക്കി കെ.സി പക്ഷം

ന്യൂഡല്‍ഹി: വടകര എംപി ഷാഫി പറമ്പിലിനെ കെപിസിസി അധ്യക്ഷ പദവിയില്‍ എത്തിക്കാന്‍ കെ.സി വേണുഗോപാല്‍ പക്ഷം നീക്കം സജീവമാക്കി.

കര്‍ണാടകയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി പുനസംഘടനയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നിലുള്ള മുഖ്യ പരിഗണനാ വിഷയം. ഈ പശ്ചാത്തലത്തിലാണ് ഷാഫിക്കായി കെ.സി പക്ഷത്തിന്റെ ചരടുവലി.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വൈദ്യുതി മന്ത്രി ആയതിനെ തുടര്‍ന്ന് രണ്ട് മാസമായി കെപിസിസി മുഴുവന്‍ സമയ അധ്യക്ഷനില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതു സംഘടനയ്ക്കുള്ളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

നേതാക്കള്‍ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും മറ്റു മുന്‍ഗണനകള്‍ പറഞ്ഞ് എഐസിസി ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ അധ്യക്ഷ പദവി ലാക്കാക്കി എംപിമാരായ കൊടിക്കുന്നില്‍ സുരേഷും ആന്റോ ആന്റണിയും ലോബിയിങ് ശക്തമാക്കുകയും ചെയ്തു.

ദലിത് വിഭാഗത്തില്‍ നിന്നുള്ള കൊടിക്കുന്നിലിനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ദലിത് വിഭാഗത്തില്‍നിന്നു തന്നെയുള്ള എഐസിസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് താല്‍പര്യമുണ്ട്. ഇതു പാര്‍ട്ടിക്ക് പുതിയൊരു മുഖം നല്‍കുമെന്നും പിന്നാക്കാര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാക്കുമെന്നും ഖാര്‍ഗെ കരുതുന്നു.

എന്നാല്‍ പ്രിയങ്ക ഗാന്ധിക്ക് ആന്റോ ആന്റണിയെ അധ്യക്ഷനാക്കുന്നതിനോടാണ് താല്‍പര്യമെന്നാണ് സൂചന. രാഹുല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഷാഫി പറമ്പിലിനായി കെ.സി വേണുഗോപാല്‍ രാഹുലിനെ സമീപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ഷാഫിയെ അധ്യക്ഷനാക്കുന്നതിലൂടെ ന്യൂനപക്ഷ വിഭാഗത്തെയും യുവാക്കളെയും ഒപ്പം കൂട്ടാന്‍ കഴിയുമെന്നാണ് കെ.സി പക്ഷം ഹൈക്കമാന്‍ഡിനു മുന്നില്‍ വാദിക്കുന്നത്. അതേസമയം മുഖ്യമന്ത്രിപദം കൈവിട്ട കെ.സി വേണുഗോപാല്‍ കേരളത്തിലെ പാര്‍ട്ടിയില്‍ പിടിമുറുക്കി അതുവഴി ഭരണത്തെ കൈപ്പിടിയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു.

കെപിസിസിക്ക് ശക്തമായ നേതൃത്വം ഇല്ലാത്ത സാഹചര്യത്തില്‍ ഭരണത്തില്‍ മുഖ്യമന്ത്രിയുടെ വണ്‍ മാന്‍ഷോയാണ് നടക്കുന്നതെന്ന പരാതി ഇവര്‍ക്കുണ്ട്. ഭരണ നേതൃത്വത്തിനു മേല്‍ പാര്‍ട്ടിക്കു കര്‍ശനമായ നിയന്ത്രണം വേണമെന്ന് നേതാക്കളില്‍ പലര്‍ക്കും അഭിപ്രായമുണ്ട്.

അതുകൊണ്ടു തന്നെ ഷാഫിയെ നേതൃത്വത്തില്‍ എത്തിക്കാനുള്ള കെ.സിയുടെ നീക്കത്തിന് സതീശന്റെ രീതികളോട് എതിര്‍പ്പുള്ളവരുടെ നിശബ്ദ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസില്‍നിന്നു തന്നെയുള്ള സൂചന.

സണ്ണി ജോസഫിന്റെ പിന്‍ഗാമിയായി ജോസഫ് വാഴയ്ക്കന്‍, ബെന്നി ബഹനാന്‍ എംപി എന്നിവരുടെ പേരുകള്‍ തുടക്കം മുതല്‍ പരിഗണനയിലുണ്ട്. സാമുദായിക സന്തുലിതാവസ്ഥ പരിഗണിക്കുമ്പോള്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവിനാണ് കെപിസിസി അധ്യക്ഷ പദവി ലഭിക്കേണ്ടത്.

എന്നാല്‍ നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും കെ.സിയെ മുഖ്യമന്ത്രിപദത്തില്‍ നിന്നു മാറ്റിനിര്‍ത്തേണ്ടി വന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നാണ് ഒപ്പമുള്ളവരുടെ പ്രതീക്ഷ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.