ഗള്‍ഫ് രാജ്യങ്ങളും മിഡില്‍ ഈസ്റ്റും ഒന്നാണോ; ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെ?.. ഒരന്വേഷണം

ഗള്‍ഫ് രാജ്യങ്ങളും മിഡില്‍ ഈസ്റ്റും ഒന്നാണോ; ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെ?.. ഒരന്വേഷണം

റാനെതിരെ ഇസ്രയേലും അമേരിക്കയും നടത്തുന്ന സംയുക്ത ആക്രമണം മിഡില്‍ ഈസ്റ്റിനെ വീണ്ടും ആഗോള ശ്രദ്ധാ കേന്ദ്രമാക്കിയിരിക്കുകയാണ്. ഇതോടെ ഈ പ്രദേശം കേന്ദ്രീകരിച്ച് നിരവധി വാര്‍ത്തകള്‍ വരുമ്പോള്‍ മിഡില്‍ ഈസ്റ്റും ഗള്‍ഫ് രാജ്യങ്ങളും ഒന്നാണോ, അതോ വ്യത്യസ്തമായ രണ്ട് മേഖലയാണോ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇവ രണ്ടും വ്യത്യസ്തമാണ്.

പടിഞ്ഞാറ് ഈജിപ്ത് മുതല്‍ കിഴക്ക് ഇറാന്‍ വരെയും വടക്ക് തുര്‍ക്കി മുതല്‍ തെക്ക് യെമന്‍ വരെയും വ്യാപിച്ചു കിടക്കുന്ന ഇരുപതോളം രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിശാലമായ മേഖലയാണ് മിഡില്‍ ഈസ്റ്റ്. എന്നാല്‍ പേര്‍ഷ്യന്‍ ഗള്‍ഫിനോട് ചേര്‍ന്നു നില്‍ക്കുന്ന ആറ് രാജ ഭരണകൂടങ്ങളുടെ കൂട്ടായ്മയാണ് ഗള്‍ഫ് രാജ്യങ്ങള്‍.

ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ മിഡില്‍ ഈസ്റ്റ് മെഡിറ്ററേനിയന്‍ മുതല്‍ അറബിക്കടല്‍ വരെ വ്യാപിച്ചു കിടക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഗള്‍ഫ് തീരത്ത് ഒരു കൂട്ടമായി നിലകൊള്ളുന്നു. രാഷ്ട്രീയപരമായി മിഡില്‍ ഈസ്റ്റില്‍ റിപ്പബ്ലിക്കുകളും തിയോക്രസികളും ജനാധിപത്യ രാജ്യങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ പൂര്‍ണമായ രാജ ഭരണകൂടങ്ങളാണ്.

മിഡില്‍ ഈസ്റ്റ്

അറബ് രാഷ്ട്രങ്ങള്‍ക്ക് പുറമെ ഇസ്രയേല്‍, ഇറാന്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ അറബ് ഇതര രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സൈപ്രസിനെയും പലപ്പോഴും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താറുണ്ട്. ചിലപ്പോള്‍ സുഡാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെയും മിഡില്‍ ഈസ്റ്റിന്റെ ഭാഗമായി കണക്കാക്കാറുണ്ട്.

ഒട്ടോമന്‍ സാമ്രാജ്യം മുതല്‍ അറബ് ദേശീയത വരെയുള്ള ചരിത്രപരമായ ഒട്ടേറെ അടരുകള്‍ ഈ മേഖല പങ്കിടുന്നു. ഇസ്ലാം മതമാണ് ഇവിടുത്തെ പ്രധാന വിശ്വാസം. സുന്നി-ഷിയാ വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ ഇവിടുത്തെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നു.

40 കോടിയിലധികം ആളുകള്‍ താമസിക്കുന്ന ഈ മേഖലയിലെ സാമ്പത്തികാവസ്ഥയും വ്യത്യസ്തമാണ്. ഇസ്രയേല്‍ സാങ്കേതിക വിദ്യയിലും മറ്റും ഏറെ മുന്നിട്ടു നില്‍ക്കുമ്പോള്‍ യെമന്‍ ഇപ്പോഴും ദരിദ്ര രാഷ്ട്രങ്ങളില്‍ ഒന്നായി തുടരുന്നു. മിഡില്‍ ഈസ്റ്റിനെ പശ്ചിമേഷ്യ എന്നും വിശേഷിപ്പിക്കാറുണ്ട്. ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തെയാണ് പശ്ചിമേഷ്യ എന്നു പറയുന്നത്.

ഏഷ്യയുടെ പടിഞ്ഞാറന്‍ ഭാഗവും മിഡില്‍ ഈസ്റ്റും ഉള്‍പ്പെടുന്ന പശ്ചിമേഷ്യന്‍ മേഖലയില്‍ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഖത്തര്‍, കുവൈറ്റ്, ബഹ്റിന്‍, ഒമാന്‍, ഇറാന്‍, ഇറാഖ്, തുര്‍ക്കി, യെമന്‍, ജോര്‍ദാന്‍, ലെബനന്‍, സിറിയ, ഇസ്രയേല്‍, പാലസ്തീന്‍, എന്നീ രാഷ്ട്രങ്ങളും ചില നിര്‍വചനങ്ങളില്‍ കാക്കസസ് മേഖലയിലെ അര്‍മേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളും ഈജിപ്തിന്റെ ഭാഗമായ സീനായ് ഉപദ്വീപും വരുന്നു. ഇത് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയ്ക്കിടയില്‍ സ്ഥിതി ചെയ്യുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍

ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) ആറ് അംഗങ്ങളെയാണ് സാധാരണയായി 'ഗള്‍ഫ് രാജ്യങ്ങള്‍' എന്ന് വിളിക്കുന്നത്. സുരക്ഷാ-സാമ്പത്തിക സഹകരണത്തിനായി 1981 ല്‍ രൂപീകരിച്ച ഈ കൂട്ടായ്മയില്‍ സൗദി അറേബ്യ,
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തര്‍, കുവൈറ്റ്, ബഹ്റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണുള്ളത്.

ഈ ആറ് രാജ്യങ്ങളും പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. എല്ലായിടത്തും രാജഭരണകൂടങ്ങളാണ് നിലവിലുള്ളത്. ലോകത്തിലെ എണ്ണ ഉല്‍പാദനത്തിന്റെ 30 ശതമാനവും ഈ രാജ്യങ്ങളാണ് നിര്‍വ്വഹിക്കുന്നത് എന്നതും എടുത്തു പറയേണ്ടതാണ്.

വിശാലമായ 'ഗള്‍ഫ്' പ്രയോഗം

ചിലപ്പോള്‍ ഇറാന്‍, ഇറാഖ്, യെമന്‍ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയും 'ഗള്‍ഫ്' എന്ന പദം ഉപയോഗിക്കാറുണ്ട്. അറേബ്യന്‍ ഗള്‍ഫ് അല്ലെങ്കില്‍ പേര്‍ഷ്യന്‍ ഗള്‍ഫ് എന്ന പേരിനെച്ചൊല്ലിയുള്ള തര്‍ക്കം ഈ പദം എത്രത്തോളം സംവേദന ക്ഷമമാണെന്ന് വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.