കൊളംബോ: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നിഷേധിച്ച് ശ്രീലങ്ക. ജിബൂട്ടിയിലെ സൈനിക താവളത്തില്‍ നിന്നുള്ള രണ്ട് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ മാര്‍ച്ച് നാലിനും എട്ടിനും മട്ടാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ശ്രീലങ്ക അത് നിരസിച്ചുവെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ പാര്‍ലമെന്റില്‍ അറിയിക്കുകയായിരുന്നു.
തുറമുഖങ്ങളുടെ സുരക്ഷയും വ്യാപാര ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവെങ്കിലും തങ്ങളുടെ മണ്ണ് സൈനിക നീക്കങ്ങള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയതായി പ്രസിഡന്റ് പറഞ്ഞു. എട്ട് ആന്റി-ഷിപ്പ് മിസൈലുകള്‍ വഹിച്ചിരുന്ന ഈ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും നിഷ്പക്ഷതയെയും ബാധിക്കുമെന്ന് വിലയിരുത്തിയാണ് തീരുമാനം എടുത്തത്. അമേരിക്കന്‍ പ്രത്യേക പ്രതിനിധി സെര്‍ജിയോ ഗോറുമായി പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.
വിദേശ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് നാലിന് ഗാലിന് സമീപം ഇറാന്റെ യുദ്ധക്കപ്പലായ ഐ.ആര്‍.ഐ.എസ് ദേന അമേരിക്കന്‍ അന്തര്‍വാഹിനിയുടെ ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ന്ന സംഭവം മേഖലയില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു.
ഈ ആക്രമണത്തില്‍ 84 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെടുകയും 32 പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് 219 ക്രൂ അംഗങ്ങളുമായി എത്തിയ മറ്റൊരു ഇറാനിയന്‍ കപ്പലായ ഐ.ആര്‍.ഐ.എന്‍.എസ് ബുഷെര്‍ കൊളംബോ തുറമുഖത്ത് പ്രവേശിക്കാന്‍ അനുമതി തേടിയെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അവരെ കിഴക്കന്‍ തുറമുഖമായ ട്രിങ്കോമാലിയിലേക്ക് തിരിച്ച് വിടുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.