പാക്-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ തള്ളി ഇന്ത്യ; കാശ്മീരും ലഡാക്കും അവിഭാജ്യ ഘടകമെന്ന് വിദേശകാര്യ മന്ത്രാലയം

പാക്-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ തള്ളി ഇന്ത്യ; കാശ്മീരും ലഡാക്കും അവിഭാജ്യ ഘടകമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: പാകിസ്ഥാനും ചൈനയും ചേര്‍ന്ന് രൂപവല്‍കരിച്ച പാകിസ്ഥാന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ നടപടികളെ ഇന്ത്യ പൂര്‍ണമായും തള്ളി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അംഗീകൃത അതിര്‍ത്തി നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയ ഇന്ത്യ, ഇത്തരം കമ്മീഷനുകള്‍ക്ക് യാതൊരു നിയമ സാധുതയുമില്ലെന്ന് വ്യക്തമാക്കി. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് എന്നും വ്യക്തവും സ്ഥിരതയുള്ളതുമാണെന്നും നിയമപരമായ അടിത്തറയില്ലാത്ത കമ്മീഷനെ അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയസ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

1963 ലെ ചൈന-പാകിസ്ഥാന്‍ അതിര്‍ത്തി കരാര്‍ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അത് നിയമ വിരുദ്ധമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. അനധികൃതമായി കൈയേറിയ പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി മാറ്റാനോ നിയമവിരുദ്ധ അധിനിവേശത്തിന് സാധുത നല്‍കാനോ ഉള്ള ശ്രമങ്ങളെ ഇന്ത്യ ശക്തമായി എതിര്‍ക്കും. ഇന്ത്യന്‍ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ചൈനയും പാകിസ്ഥാനും നടത്തുന്ന ഏതൊരു അതിര്‍ത്തി സഹകരണവും അംഗീകരിക്കാനാവാത്തതാണെന്നും ഈ പ്രദേശങ്ങളിന്മേലുള്ള ഇന്ത്യയുടെ പരമാധികാരത്തെ അത് ഒരു തരത്തിലും ബാധിക്കില്ലെന്നും അദേഹം വ്യക്തമാക്കി.

ജമ്മു-കാശ്മീരും ലഡാക്കും ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ബലപ്രയോഗത്തിലൂടെ അനധികൃതമായി കൈയടക്കിവെച്ചിരിക്കുന്ന ഇന്ത്യന്‍ പ്രദേശങ്ങളെക്കുറിച്ച് കരാറുകളില്‍ ഏര്‍പ്പെടാന്‍ പാകിസ്ഥാന് യാതൊരു അവകാശവുമില്ല.

നേരത്തെ പാകിസ്ഥാന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതിനെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ആദ്യ യോഗത്തെക്കുറിച്ചും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരുന്നു. അതിര്‍ത്തി പരിപാലനം, സംയുക്ത അതിര്‍ത്തി സര്‍വേകള്‍, വ്യാപാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിന് കമ്മീഷന്‍ വഴിയൊരുക്കുമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന നാഴികക്കല്ലാണെന്നുമായിരുന്നു പാകിസ്ഥാന്റെ അവകാശ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.