ഗണേഷ് കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി: കുടുംബ പ്രശ്‌നമെന്ന് വിലയിരുത്തി ഇടതു മുന്നണി

ഗണേഷ് കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി: കുടുംബ  പ്രശ്‌നമെന്ന് വിലയിരുത്തി ഇടതു മുന്നണി

തിരുവനന്തപുരം: ആരോപണങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രാജി വെക്കില്ല. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ഗണേഷ് കുമാര്‍ സംഭവിച്ചത് കുടുംബ പ്രശ്നമാണെന്നും ഭാര്യയ്ക്ക് പരാതിയില്ലെന്നും അറിയിച്ചു.

മന്ത്രിസഭാ യോഗത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ ആരും ഗണേഷുമായി ബന്ധപ്പെട്ട വിവാദം ഉന്നയിച്ചില്ല. ഗണേഷ് മാപ്പ് പറഞ്ഞതിനാല്‍ പ്രശ്നം തീര്‍ന്നെന്ന ഭാര്യ ബിന്ദു മേനോന്റെ പ്രസ്താവനയോടെ വിവാദം അവസാനിച്ചുവെന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഗണേഷ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഏതു സാഹചര്യത്തിലാണ് 112 ല്‍ ഭാര്യ വിളിച്ചപ്പോള്‍ വീട്ടില്‍ പൊലീസ് എത്തിയതെന്നും എങ്ങനെയാണ് പൊലീസ് മടങ്ങിപ്പോകാനുണ്ടായ സാഹചര്യം എന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

കുടുംബ പ്രശ്നമാണെന്ന് ഭാര്യ ബിന്ദു പറഞ്ഞപ്പോഴാണ് പൊലീസ് മടങ്ങിപ്പോയതെന്നും ഗണേഷ് കുമാര്‍ അറിയിച്ചുവെന്നാണ് വിവരം. തുടര്‍ന്നാണ് രാജി വേണ്ടെന്ന് മുഖ്യമന്ത്രി അനുമാനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ബിന്ദുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവം വിവാദമായതോടെ മന്ത്രി ഗണേഷ് കുമാര്‍ ഇന്നലെ ഇടതുമുന്നണി നേതാക്കളെ വിളിച്ച് തന്റെ നിലപാട് വിശദീകരിച്ചിരുന്നു. ഇതിനുശേഷമാണ് ബിന്ദുവിന്റെ സഹോദരിയെ വിളിച്ചത്.

തുടര്‍ന്ന് ബിന്ദു മേനോനോട് സംസാരിച്ച ഗണേഷ് കുമാര്‍, സംഭവിച്ചതിലെല്ലാം ക്ഷമാപണം നടത്തി. തുടര്‍ന്നാണ് പരാതിയുമായി മുന്നോട്ടു പോകാനില്ലെന്നും പ്രശ്നം അവസാനിച്ചെന്നും ബിന്ദു മേനോന്‍ അറിയിച്ചത്.

അതേസമയം ഒത്തുതീര്‍പ്പിലൂടെ പ്രശ്നം അവസാനിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനാപുരത്ത് പ്രതിഷേധിച്ചു. ഗണേഷ് കുമാറിന്റെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.