ദുബായ്: രാജ്യത്തെ കുട്ടികളുടെ മാനസിക-സാമൂഹിക സുരക്ഷിതത്വം മുന്‍നിര്‍ത്തി നിര്‍ണായക നിയമ നിര്‍മാണവുമായി യുഎഇ. 15 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് യു.എ.ഇ പൂര്‍ണമായി നിരോധിച്ചു. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പുതിയ പ്രമേയത്തോടെ, ഓസ്ട്രേലിയ, ബ്രിട്ടന്‍, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളുടെ മാതൃകയിലേക്ക് യുഎഇയും ചുവടുവെച്ചിരിക്കുകയാണ്.
ഡിജിറ്റല്‍ യുഗത്തിലെ വെല്ലുവിളികളില്‍ നിന്ന് കുട്ടികള്‍ക്ക് പരമാവധി സുരക്ഷയൊരുക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സ്വന്തമായി അക്കൗണ്ട് നിര്‍മിക്കാനോ ഉപയോഗിക്കാനോ അനുമതിയുണ്ടാവില്ല. മെസേജുകള്‍ അയക്കുക, പോസ്റ്റുകള്‍ പങ്കുവെക്കുക, കമന്റ് ചെയ്യുക, പബ്ലിക് ഗ്രൂപ്പുകളിലോ ഓപ്പണ്‍ ചാനലുകളിലോ ചേരുക തുടങ്ങിയ ഒരു ഫീച്ചറും ഇവര്‍ക്ക് ലഭ്യമാകില്ല. മാതാപിതാക്കള്‍ അനുവാദം നല്‍കിയാല്‍ പോലും 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഈ നിയമത്തില്‍ ഇളവ് ലഭിക്കില്ല. 15 നും 16 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമേ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.
സ്വയം സാക്ഷ്യപ്പെടുത്തല്‍ ഇനി നടക്കില്ല
കുട്ടികളുടെ പ്രായം നിര്‍ണയിക്കുന്നതില്‍ ഇനി മുതല്‍ ഉപയോക്താക്കളുടെ സ്വയം സാക്ഷ്യപ്പെടുത്തല്‍ രീതി അനുവദിക്കില്ല. പ്രായം കൃത്യമായി പരിശോധിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ ബയോമെട്രിക് ടൂളുകള്‍ ഉള്‍പ്പെടെയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ഐഡന്റിറ്റി പരിശോധന നടത്തണം. ചൈല്‍ഡ് ഡിജിറ്റല്‍ സേഫ്റ്റി കൗണ്‍സില്‍ അംഗീകരിച്ച സുരക്ഷിത മാര്‍ഗങ്ങള്‍ അതിനായി ഉപയോഗിക്കണം.
നിയമം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ പൂര്‍ണമായോ ഭാഗികമായോ ഉള്ള നിരോധനം ഉള്‍പ്പെടെയുള്ള കര്‍ശനമായ നിയമനടപടികള്‍ യുഎഇ സ്വീകരിക്കും. യുഎഇയിലെ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന എല്ലാ ആഗോള പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിയമം ബാധകമാണ്. കൂടാതെ 15-16 വയസിലുള്ള കൗമാരക്കാരുടെ അക്കൗണ്ടുകളില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ താഴെ പറയുന്ന നിയന്ത്രണങ്ങള്‍ ഉറപ്പ് വരുത്തണം.
പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കങ്ങള്‍ മാത്രം ലഭ്യമാക്കുക.
അപരിചിതരുമായി ഇടപഴകാന്‍ സാധ്യതയുള്ള ഫീച്ചറുകള്‍ റദ്ദാക്കുക.
കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന സമയം കൃത്യമായി നിയന്ത്രിക്കുക.
രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള 'പാരന്റല്‍ കണ്‍ട്രോള്‍' സംവിധാനങ്ങള്‍ ഒരുക്കുക.
പുതിയ മാനദണ്ഡങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിനായി യുഎഇയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് 12 മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്ട്രേലിയയാണ് ലോകത്ത് ആദ്യമായി 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎഇയും ചരിത്രപരമായ ഈ സുരക്ഷാ നിയമം നടപ്പിലാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.