എഫ്‌സിആര്‍എ ഭേദഗതി: ഞായറാഴ്ച രാജ്യ വ്യാപക പ്രാര്‍ഥന യോഗവുമായി കത്തോലിക്കാ സഭയുടെ പ്രതിഷേധം

എഫ്‌സിആര്‍എ ഭേദഗതി: ഞായറാഴ്ച രാജ്യ വ്യാപക പ്രാര്‍ഥന യോഗവുമായി കത്തോലിക്കാ സഭയുടെ പ്രതിഷേധം

എഫ്‌സിആര്‍എ ഉപയോഗിക്കാന്‍ അനുവദിക്കുന്ന കാര്യങ്ങള്‍ വായിക്കാം.

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) പുതിയ ചട്ടങ്ങളിലൂടെ രാജ്യത്തെ സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നീക്കത്തിനെതിരെ ജൂണ്‍ 28 ഞായറാഴ്ച കത്തോലിക്കാ സഭ രാജ്യ വ്യാപകമായി പ്രാര്‍ഥനാ യോഗം നടത്തും.

അടിക്കടിയുണ്ടാകുന്ന നിയമ ഭേദഗതികള്‍ എന്‍ജിഒകളുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിപ്പിക്കുന്ന രീതിയിലാണെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍ വാര്‍്തതാ സമ്മേളനത്തില്‍ പറഞ്ഞു. ഭേദഗതി പ്രകാരം ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് പ്രത്യേകം രജിസ്ട്രേഷന്‍ നിര്‍ബന്ധമാകും.

എന്‍ജിഒകള്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധത്തിലുള്ള കടുത്ത നിബന്ധനകളാണ് ഇതിലുള്ളത്. സംഘടനകളെ കടുത്ത വ്യവസ്ഥകളില്‍ തളച്ചിടുന്നതിനു പകരം, സാധാരണക്കാര്‍ക്ക് കൈത്താങ്ങാകുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായുള്ള നിയമങ്ങളാണ് സര്‍ക്കാര്‍ ഉണ്ടാക്കേണ്ടതെന്ന് അദേഹം ആവശ്യപ്പെട്ടു.

വിദേശ സംഭാവനകളുടെ ഉദ്ദേശ്യവും ഫണ്ട് ഉപയോഗിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സംഘടനകള്‍ വ്യക്തമായി വ്യക്തമാക്കണം. വിശാലമായ പ്രവര്‍ത്തന മേഖല വ്യക്തമാക്കുന്നതിന് പകരം, അപേക്ഷകര്‍ വിദ്യാഭ്യാസം, സംസ്‌കാരം, സാമൂഹിക ക്ഷേമം, സാമ്പത്തിക വികസനം, മതപരമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളെ ഉള്‍ക്കൊള്ളുന്ന 105 പട്ടികയില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കണം. അംഗീകൃത ഉദ്ദേശ്യങ്ങളും പ്രവര്‍ത്തന മേഖലകളും എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യും.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി വരുത്തി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. മതപരിവര്‍ത്തനം ആരോപിച്ച് എഫ്‌സിആര്‍എ ലൈസന്‍സ് എളുപ്പത്തില്‍ റദ്ദാക്കാവുന്ന തരത്തിലാണ് ഭേദഗതി. മതംമാറ്റമൊഴികെ 105 കാര്യങ്ങള്‍ക്കാണ് വിദേശഫണ്ട് ഉപയോഗിക്കാനുള്ള അനുമതി.

'റിലീജിയസ് കണ്‍വേര്‍ഷന്‍' (മതംമാറ്റം) എന്നതിന് പകരം 'റിലീജിയസ് പ്രോസിലിറ്റൈസേഷന്‍' (മതമോ വിശ്വാസമോ മാറ്റാനുള്ള ശ്രമം) എന്ന വാക്കാണ് ചട്ടത്തില്‍ ഉപയോഗിച്ചത്. ഈ ഭേദഗതിയുടെ മറവില്‍ ഏത് പരിപാടിയെയും മതപരിവര്‍ത്തന നീക്കമായി ആരോപിച്ച് നടപടി സ്വീകരിക്കാന്‍ കഴിയും. മത-സാംസ്‌കാരിക-സാമൂഹിക പരിപാടികളെ ഇതിനായുള്ള ശ്രമമായി വ്യാഖ്യാനിച്ച് കള്ളക്കേസ് എടുക്കാം. ഇതോടെ വിദേശ ഫണ്ട് തടയാനും സംഘടനകളുടെ പ്രവര്‍ത്തനം തന്നെ തടയാനും സാധിക്കും.

സംഘടനകള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കണം. രജിസ്‌ട്രേഷന് ശ്രമിക്കുന്ന എന്‍ജിഒകള്‍ ഉദ്ദേശ്യമെന്താണെന്നും പ്രവര്‍ത്തന മേഖല ഉള്‍പ്പെടുന്ന സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ ഏതാണെന്നും വ്യക്തമാക്കണം. ചട്ടങ്ങളുടെ അനുബന്ധത്തില്‍ കൊടുത്ത പട്ടികയില്‍ നിന്ന് ഉദ്ദേശ്യങ്ങള്‍ എന്താണെന്ന് തിരഞ്ഞെടുക്കണം. ഉദ്ദേശ്യങ്ങളുടെ പട്ടികയില്‍ മത, സാംസ്‌കാരിക, സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക വിഭാഗങ്ങളാണ് ഉണ്ടായിരിക്കുക.

ആരാധനാലയങ്ങളുടെ നിര്‍മാണം, മതബോധനം, ധ്യാനങ്ങള്‍, പ്രഭാഷണങ്ങള്‍, ഭക്തിഗാനങ്ങളുടെ പ്രചാരണം മുതലായ കാര്യങ്ങള്‍ക്ക് വിദേശ ഫണ്ട് വിനിയോഗിക്കാന്‍ അനുമതിയുണ്ട്. 2026 ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത അസോസിയേഷനുകള്‍ക്ക് പ്രവര്‍ത്തന ഉദ്ദേശ്യവും മേഖലയും വ്യക്തമാക്കാന്‍ ഒരു വര്‍ഷത്തെ സമയം അനുവദിക്കും. പ്രവര്‍ത്തനമേഖല മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അതനുസരിച്ച് രജിസ്‌ട്രേഷനില്‍ മാറ്റം വരുത്താന്‍ 300 രൂപ അധികമായി അടക്കണം.

എന്‍ജിഒകള്‍ വ്യക്തമാക്കിയിട്ടുള്ള ഉദ്ദേശ്യങ്ങള്‍ക്കായി കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ 10 ലക്ഷം രൂപയെങ്കിലും വിദേശ സംഭാവനയില്‍ നിന്ന് വിനിയോഗിച്ചിരിക്കണമെന്ന പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ജിഒകള്‍ എഫ്‌സിആര്‍എ രജിസ്‌ട്രേഷനോ പുതുക്കലിനോ നല്‍കുന്ന അപേക്ഷയില്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കാണിക്കണം.

പുസ്തകങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിക്കാറുണ്ടോ എന്ന കാര്യവും വ്യക്തമാക്കണം. കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു.

എഫ്‌സിആര്‍എ ഉപയോഗിക്കാന്‍ അനുവദിക്കുന്ന കാര്യങ്ങള്‍:

മതപരമായ പ്രവര്‍ത്തനങ്ങള്‍ - 16

ക്ഷേത്രങ്ങള്‍, മോസ്‌കുകള്‍, പള്ളികള്‍, ഗുരുദ്വാരകള്‍ തുടങ്ങിയ ആരാധനാലയങ്ങളുടെ നിര്‍മ്മാണം. വിശുദ്ധ ലിഖിതങ്ങളുടെ സംരക്ഷണം, അച്ചടി, പരിഭാഷ, ഡിജിറ്റൈസേഷന്‍. മതപരമായ തത്വശാസ്ത്രം, ആശയങ്ങള്‍, മതചരിത്രം എന്നിവയുടെ പഠനവും സംരക്ഷണവും. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍.

ധര്‍മ്മ ശാലകള്‍, ലങ്കറുകള്‍, അന്നദാനം, കമ്മ്യൂണിറ്റി കിച്ചണുകള്‍ എന്നിവയുടെ സ്ഥാപനം. മത വിദ്യാഭ്യാസ പരിപാടികള്‍, ധാര്‍മ്മിക ഉപദേശങ്ങള്‍, സത്സംഗങ്ങള്‍, പ്രഭാഷണങ്ങള്‍, ധ്യാനം എന്നിവ സംഘടിപ്പിക്കല്‍. ഭക്തിസംഗീതം, മന്ത്രോച്ചാരണം എന്നിവയുടെ പ്രോത്സാഹനം. തദ്ദേശീയ-ആദിവാസി വിഭാഗങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങളുടെ സംരക്ഷണം. മതപരമായ പൈതൃക കേന്ദ്രങ്ങളുടെയും സ്മാരകങ്ങളുടെയും സംരക്ഷണം.

വിശ്വാസ സമൂഹങ്ങളുടെ പാരമ്പര്യ രീതികള്‍, ഉത്സവങ്ങള്‍, വാമൊഴി പാരമ്പര്യങ്ങള്‍ എന്നിവയുടെ സംരക്ഷണവും ഡിജിറ്റൈസേഷനും. മതസൗഹാര്‍ദ സംഭാഷണങ്ങളും സമാധാനം ഉറപ്പാക്കാനുള്ള പരിപാടികളും. മതപരമായ പ്രസിദ്ധീകരണങ്ങള്‍, പത്രമാസികകള്‍, ഗവേഷണം എന്നിവ. മതപരമായ പുസ്തകശേഖരം, മ്യൂസിയം, ആര്‍ക്കൈവുകള്‍ എന്നിവ ഒരുക്കല്‍. വിശ്വാസത്തിലധിഷ്ഠിതമായ കൗണ്‍സലിങ്, ലഹരിവിമുക്ത കേന്ദ്രങ്ങള്‍. പരമ്പരാഗതവും വിശുദ്ധവുമായ കരകൗശല കലകളിലെ പരിശീലനം. മൃതദേഹ സംസ്‌കാരത്തിനുള്ള സ്ഥലങ്ങള്‍ വികസിപ്പിക്കല്‍.

സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ - 18

പുരാവസ്തു പര്യവേഷണം, സ്മാരകങ്ങളുടെയും പൈതൃക കേന്ദ്രങ്ങളുടെയും പുനരുദ്ധാരണം. മ്യൂസിയങ്ങള്‍, ആര്‍ക്കൈവുകള്‍, ലൈബ്രറികള്‍ എന്നിവയുടെ സ്ഥാപനവും പരിപാലനവും.നാടന്‍ കലകള്‍, നാടോടി നൃത്തങ്ങള്‍, പാവക്കൂത്ത് തുടങ്ങിയവയുടെ സംരക്ഷണം. ശാസ്ത്രീയ കലാരൂപങ്ങള്‍ക്ക് (ഭരതനാട്യം, കഥക്, സംഗീതം തുടങ്ങിയവ) പിന്തുണ നല്‍കല്‍.രാഷ്ട്രീയേതരമായ സമകാലിക കലകള്‍, സിനിമ, ഡിസൈന്‍ എന്നിവയുടെ പ്രോത്സാഹനം.

കരകൗശല തൊഴിലാളികള്‍ക്കുള്ള പരിശീലനവും ശേഷി വികസനവും. മതപരമല്ലാത്ത താളിയോല ഗ്രന്ഥങ്ങളുടെയും അപൂര്‍വ സാംസ്‌കാരിക വസ്തുക്കളുടെയും സംരക്ഷണം. പ്രാദേശിക ഭാഷകള്‍, ലിപികള്‍ എന്നിവയുടെ സംരക്ഷണവും വിവര്‍ത്തന പദ്ധതികളും. സാഹിത്യ അക്കാദമികള്‍ സ്ഥാപിക്കല്‍, എഴുത്തുകാര്‍ക്കുള്ള പിന്തുണ, പുസ്തക മേളകള്‍. ഗോത്രവര്‍ഗ പൈതൃക സംരക്ഷണം (മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി).

ദേശീയ-അന്തര്‍ദേശീയ സാംസ്‌കാരിക ഉത്സവങ്ങള്‍ സംഘടിപ്പിക്കല്‍. കരകൗശല ഗ്രാമങ്ങള്‍, പൈതൃക പര്യടന പാതകള്‍ എന്നിവ വികസിപ്പിക്കല്‍. പരമ്പരാഗത പാചകരീതികള്‍, തനത് കായിക വിനോദങ്ങള്‍ എന്നിവയുടെ സംരക്ഷണം. സാംസ്‌കാരിക നരവംശശാസ്ത്രം, നാടോടി പഠനങ്ങള്‍ എന്നിവയിലെ ഗവേഷണം.

സിനിമ, റേഡിയോ, നാടകം എന്നിവയുടെ ഡിജിറ്റൈസേഷന്‍. പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങളുടെ രേഖപ്പെടുത്തല്‍. ശാസ്ത്രീയവും വിജ്ഞാനപരവുമായ പൈതൃകത്തിന്റെ (ജ്യോതിശാസ്ത്രം, ഗണിതം തുടങ്ങിയവ) സംരക്ഷണം. ആധുനിക ചരിത്ര പ്രസ്ഥാനങ്ങളുടെയും വാമൊഴി ചരിത്രങ്ങളുടെയും ആര്‍ക്കൈവ് ശേഖരണം.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ - 19

കാര്‍ഷിക വികസനം, കര്‍ഷക പരിശീലനം, ജൈവകൃഷി പ്രോത്സാഹനം. അനുബന്ധ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ (ക്ഷീരകൃഷി, മൃഗസംരക്ഷണം, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ). കര്‍ഷക ഉല്‍പാദക സംഘടനകളുടെയും സഹകരണ സംഘങ്ങളുടെയും രൂപീകരണം. മൈക്രോഫിനാന്‍സ്, സ്വയംസഹായ സംഘങ്ങള്‍ എന്നിവയുടെ നടത്തിപ്പ്.
തൊഴിലധിഷ്ഠിത ഹ്രസ്വകാല നൈപുണ്യ പരിശീലനങ്ങള്‍. ഗ്രാമീണ-കുടില്‍ വ്യവസായങ്ങളുടെ (നെയ്ത്ത്, മണ്‍പാത്ര നിര്‍മ്മാണം തുടങ്ങിയവ) പ്രോത്സാഹനം.

ലാഭേച്ഛയില്ലാത്ത സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്ക് പിന്തുണ. വനിതാ സംരംഭകത്വ പ്രോത്സാഹനം. യുവജനങ്ങള്‍ക്കായി ഇന്‍കുബേഷന്‍ സെന്ററുകളും ഡിജിറ്റല്‍ നൈപുണ്യ പരിശീലനങ്ങളും. ഗ്രാമീണ ചന്തകള്‍, ശീതീകരണ സംഭരണശാലകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം. ഫെയര്‍ ട്രേഡ്, പരിസ്ഥിതി സൗഹൃദ വിതരണ ശൃംഖലകള്‍. സുസ്ഥിരവും സമൂഹ്യാധിഷ്ഠിതവുമായ വിനോദസഞ്ചാര മാതൃകകള്‍.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഉപജീവന പരിശീലനങ്ങള്‍. കാര്‍ബണ്‍ രഹിത സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍. തൊഴില്‍ വിനിമയ കേന്ദ്രങ്ങളും വിപണി ബന്ധങ്ങളും തയ്യാറാക്കുക. ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കല്‍. ഡിജിറ്റല്‍-സാമ്പത്തിക സാക്ഷരതാ പരിപാടികള്‍. കുടിയേറ്റ തൊഴിലാളികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും ഉപജീവന സഹായം. സൗരോര്‍ജം, ബയോഗ്യാസ് തുടങ്ങിയ നവീന ഊര്‍ജ്ജ സംരംഭങ്ങള്‍.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ - 22

സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, ഹോസ്റ്റലുകള്‍, ലൈബ്രറികള്‍ എന്നിവയുടെ നടത്തിപ്പ്. പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും സാമ്പത്തിക സഹായങ്ങളും. സാക്ഷരതാ പദ്ധതികള്‍, തൊഴിലാളികള്‍ക്കുള്ള രാത്രി വിദ്യാലയങ്ങള്‍. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സമഗ്ര വിദ്യാഭ്യാസം. അധ്യാപക പരിശീലന സ്ഥാപനങ്ങള്‍.

അംഗീകൃത സാങ്കേതിക-വ്യാവസായിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ്. ഗവേഷണ സ്ഥാപനങ്ങള്‍, നയപഠന കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കല്‍. ഡിജിറ്റല്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക പദ്ധതികള്‍. കുടിയേറ്റ-ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ പദ്ധതികള്‍. ബ്രിഡ്ജ് കോഴ്‌സുകള്‍, പഠനം ഉപേക്ഷിച്ചവരെ തിരികെ എത്തിക്കാനുള്ള പദ്ധതികള്‍.

പരിസ്ഥിതി വിദ്യാഭ്യാസം. എസ്.ടി.ഇ.എം (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം) വിദ്യാഭ്യാസ പദ്ധതികള്‍.
കായിക വിദ്യാഭ്യാസ-പരിശീലന അക്കാദമികള്‍. ഭാഷാ പഠനവും വിവര്‍ത്തന പഠനവും. കരിയര്‍ കൗണ്‍സലിങ് കേന്ദ്രങ്ങള്‍. മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ഉന്നത പഠനത്തിനുള്ള ഫെലോഷിപ്പുകള്‍.

മൂല്യാധിഷ്ഠിതവും ധാര്‍മികവുമായ വിദ്യാഭ്യാസം. ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയേതര ബോധവല്‍ക്കരണം. ദുരന്തനിവാരണ സന്നദ്ധതാ വിദ്യാഭ്യാസം. ഗ്രാമീണ ഇ-ലേണിങ് കേന്ദ്രങ്ങള്‍. യുവജന നേതൃത്വ വികസന പരിപാടികള്‍.

സാമൂഹിക പ്രവര്‍ത്തനങ്ങള്‍ - 30

ആശുപത്രികള്‍, മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍, ആംബുലന്‍സ് സേവനങ്ങള്‍. പ്രതിരോധ ആരോഗ്യ പരിപാലനം (കുത്തിവെപ്പ് ക്യാമ്പുകള്‍ തുടങ്ങിയവ). മാതൃ-ശിശു ആരോഗ്യ പരിപാലനവും പോഷകാഹാര പദ്ധതികളും ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ (ഉച്ചഭക്ഷണം, ധാന്യ ബാങ്കുകള്‍ തുടങ്ങിയവ). കുടിവെള്ള വിതരണ പദ്ധതികള്‍. ശുചിത്വ ബോധവല്‍ക്കരണവും ആര്‍ത്തവ ആരോഗ്യ സംരംഭങ്ങളും. അനാഥാലയങ്ങളും ശിശു സംരക്ഷണ കേന്ദ്രങ്ങളും.

വൃദ്ധസദനങ്ങളും വയോജന ക്ലിനിക്കുകളും. ഭിന്നശേഷിക്കാരുടെ പരിപാലനവും പുനരധിവാസവും.
ലഹരിവിമുക്ത കേന്ദ്രങ്ങള്‍. മാനസികാരോഗ്യ കൗണ്‍സലിങ്, ആത്മഹത്യാ പ്രതിരോധ ഹെല്‍പ്പ് ലൈനുകള്‍. വനിതാ സുരക്ഷ, അഭയകേന്ദ്രങ്ങള്‍, നിയമസഹായം. മനുഷ്യക്കടത്ത് വിരുദ്ധ പരിപാടികള്‍. ഭവന രഹിതര്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍, രാത്രി താമസ കേന്ദ്രങ്ങള്‍. നിയമസഹായ ക്ലിനിക്കുകള്‍. ദുരന്ത നിവാരണവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും.
ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ (റോഡ്, ലൈറ്റിങ് തുടങ്ങിയവ).

പരിസ്ഥിതി സംരക്ഷണം (വനവല്‍ക്കരണം, ജൈവവൈവിധ്യ പാര്‍ക്കുകള്‍). മഴവെള്ള സംഭരണവും ജലസ്രോതസ്സ് പരിപാലനവും. മാലിന്യ സംസ്‌കരണ പദ്ധതികള്‍. റോഡ് സുരക്ഷാ ബോധവല്‍ക്കരണവും ട്രോമ കെയര്‍ കേന്ദ്രങ്ങളും. കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍, ബോധവല്‍ക്കരണ പ്ലാറ്റ്ഫോമുകള്‍. ജയില്‍ മോചിതരുടെ പുനരധിവാസം,. ഗാര്‍ഹിക-സ്ത്രീധന പീഡന ഇരകള്‍ക്കുള്ള സഹായം.

പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള കായിക-വിനോദ സൗകര്യങ്ങള്‍. മൃഗസംരക്ഷണവും രക്ഷാപ്രവര്‍ത്തനവും. പൊതുജനാരോഗ്യ ഗവേഷണം. പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍. ബ്ലഡ് ബാങ്ക്, നേത്ര ബാങ്ക്, അവയവദാന ബോധവല്‍ക്കരണം. ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങളും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.