വ്യാജ മതനിന്ദാ കേസിൽ നീതി; അന്ധനായ ക്രൈസ്തവ വിശ്വാസിയെ പാകിസ്ഥാൻ കോടതി കുറ്റവിമുക്തനാക്കി

വ്യാജ മതനിന്ദാ കേസിൽ നീതി; അന്ധനായ ക്രൈസ്തവ വിശ്വാസിയെ പാകിസ്ഥാൻ കോടതി കുറ്റവിമുക്തനാക്കി

ലാഹോർ: വ്യാജ മതനിന്ദാ ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്ത അന്ധനായ കത്തോലിക്ക വിശ്വാസിക്ക് മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മോചനം. 51 വയസുള്ള നദീം മാസിഹിനെയാണ് മതിയായ തെളിവുകളുടെ അഭാവത്തിൽ ലാഹോർ കോടതി കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്.

മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന് ആരോപിച്ച് പാകിസ്ഥാൻ പീനൽ കോഡ് സെക്ഷൻ 295-സി പ്രകാരമാണ് മാസിഹിനെതിരെ കേസെടുത്തിരുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന അതീവ ഗൗരവമുള്ള വകുപ്പാണിത്. ഒകാര ജില്ലയിൽ നിന്നുള്ള മാസിഹ് വിധവയായ അമ്മയ്ക്കും കുടുംബത്തിനുമൊപ്പം മെച്ചപ്പെട്ട ഉപജീവനത്തിനായി ലാഹോറിലേക്ക് താമസം മാറിയതായിരുന്നു. ലാഹോറിലെ മോഡൽ ടൗൺ പാർക്കിൽ സന്ദർശകരുടെ ഭാരം പരിശോധിച്ചാണ് അദേഹം വരുമാനം കണ്ടെത്തിയിരുന്നത്.

ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് നിരന്തരമായ പീഡനത്തിനും വിവേചനത്തിനും ഇദേഹം ഇരയായിരുന്നു. 2025 ഓഗസ്റ്റ് 21 ന് ഇവർ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചതിനെത്തുടർന്നാണ് ചിലർ ചേർന്ന് മാസിഹിനെതിരെ വ്യാജ മതനിന്ദാ ആരോപണം ഉന്നയിച്ചത്.

2025 ഓഗസ്റ്റിൽ അറസ്റ്റിലായതു മുതൽ മാസിഹ് ജയിലിലായിരുന്നു. എന്നാൽ മാസിഹിനെതിരായ ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ലാഹോറിലെ അഡീഷണൽ സെഷൻസ് ജഡ്ജി നിരീക്ഷിച്ചു. തുടർന്നാണ് അദേഹത്തെ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ചത്. കുടുംബത്തിന്റെയും ബന്ധുക്കളുടെയും വലിയ പിന്തുണയോടെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് മാസിഹിന് നീതി ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.