ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശ നയങ്ങളും നിലപാടുകളും ആഗോളതലത്തില്‍ ഗുരുതരമായ ആണവ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായി ഇറാന്‍. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായിയാണ് അമേരിക്കയ്ക്കെതിരെ രൂക്ഷ വമിര്‍ശനവുമായി രംഗത്തെത്തിയത്. ട്രംപിന്റെ വീണ്ടുവിചാരമില്ലാത്ത ഭരണ നടപടികള്‍ ലോകത്തെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് പകരം മറ്റ് രാജ്യങ്ങളില്‍ ആണവായുധം സ്വന്തമാക്കാനുള്ള പ്രവണത വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് അദേഹം കുറ്റപ്പെടുത്തി.
ഇറാനെ ലക്ഷ്യമിട്ടുള്ള യുഎസിന്റെ നിഷ്ഠൂരമായ ആക്രമണങ്ങളും ഭീഷണികളും മറ്റ് രാജ്യങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി, ആണവ വ്യാപന നിരോധന കരാര്‍ എന്നിവയില്‍ അംഗത്വമുണ്ടായിരുന്നിട്ടും ഇറാനെതിരായ യു.എസ് നീക്കങ്ങള്‍ തടയാന്‍ അവയ്ക്കായില്ല. എന്‍പിടി, ഐഎഇഎ സുരക്ഷാ കവചങ്ങള്‍ കൊണ്ട് മാത്രം അമേരിക്കന്‍ അധിനിവേശത്തെയും ആക്രമണങ്ങളെയും പ്രതിരോധിക്കാന്‍ കഴിയില്ലെന്ന തോന്നല്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ശക്തമാകാന്‍ ഇത് വഴിവെച്ചു. ഇതോടെയാണ് തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ ആണവായുധം നിര്‍മിക്കുകയെ നിവൃത്തിയുള്ളൂ എന്ന ചിന്തയിലേക്ക് മറ്റ് രാജ്യങ്ങളും എത്തിച്ചേരുന്നതെന്ന് റെസായി ചൂണ്ടിക്കാട്ടി.
അതേസമയം അന്താരാഷ്ട്ര ആണവ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും ചട്ടങ്ങളും പൂര്‍ണമായി അംഗീകരിക്കുകയും പാലിക്കുകയും ചെയ്ത രാജ്യമാണ് ഇറാനെന്ന് റെസായി വ്യക്തമാക്കി. എന്‍പിടി അംഗമെന്ന നിലയില്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ ഏത് തരത്തിലുള്ള പരിശോധനകള്‍ക്കും ഇറാന്‍ എപ്പോഴും സന്നദ്ധമാണ്. ആണവ നിയമങ്ങളോടും അന്താരാഷ്ട്ര നിര്‍ദേശങ്ങളോടും മറ്റ് ഏതൊരു രാജ്യത്തേക്കാളും ഉയര്‍ന്ന പ്രതിബദ്ധത ഇറാനുണ്ടെന്നും ട്രംപിന്റെ നയങ്ങള്‍ കാരണം തകര്‍ന്നടിയുന്നത് ആഗോള ആണവ സുരക്ഷയുടെ അടിത്തറയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.