റായ്പൂര്‍: സീല്‍ ചെയ്ത കവര്‍ പൊട്ടിക്കാതെ എന്‍ഡോസ്‌കോപ്പി ക്യാമറ ഉപയോഗിച്ച് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ കോളജ് പ്രൊഫസറും അഞ്ച് വിദ്യാര്‍ഥികളും അറസ്റ്റിലായി. ഛത്തീസ്ഗഢിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിന് കീഴിലുള്ള ദുര്‍ഗ് ഭാരതി അഗ്രികള്‍ച്ചര്‍ കോളജ് പ്രൊഫസറായ യോഗേഷ് സോങ്കേസരിയ ആണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍. റായ്പൂരിലെ ടെലിബന്ധ പൊലീസും സൈബര്‍ സെല്ലും ചേര്‍ന്നാണ് പ്രതികളെ വലയിലാക്കിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി ചോദ്യ പേപ്പറുകളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്ന പ്രൊഫസര്‍, ബി.എസ്.സി രണ്ടാം വര്‍ഷ എന്‍ഡമോളജി പരീക്ഷയുടെ സീല്‍ ചെയ്ത ചോദ്യ പേപ്പര്‍ കവര്‍ സ്വന്തം വീട്ടിലേക്ക് കടത്തുകയായിരുന്നു. തുടര്‍ന്ന് കവറിന്റെ ഔദ്യോഗിക സീലിന് കേടുപാടുകള്‍ വരുത്താതെ സൂചിയും പോക്കര്‍ ടൂളും ഉപയോഗിച്ച് ഉണ്ടാക്കിയ ചെറിയ ദ്വാരത്തിലൂടെ, 2500 രൂപ വിലയുള്ള എന്‍ഡോസ്‌കോപ്പി ക്യാമറ ഉള്ളിലേക്ക് കടത്തിയാണ് ചോദ്യ പേപ്പറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഇങ്ങനെ ചോര്‍ത്തിയെടുത്ത ചോദ്യ പേപ്പര്‍ സ്വന്തം കോളജിലെ വിദ്യാര്‍ഥികള്‍ക്ക് 11000 രൂപയ്ക്കാണ് ഇയാള്‍ വിറ്റത്. തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഓഗസ്റ്റ് 20 ന് നടത്താനിരുന്ന പരീക്ഷ റദ്ദാക്കിയതായും സെപ്റ്റംബര്‍ ആദ്യവാരത്തില്‍ വീണ്ടും നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ആശങ്ക രേഖപ്പെടുത്തുകയും അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
കേസില്‍ ഒളിവിലുള്ള മറ്റ് രണ്ട് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.