കൊച്ചി: കോതമംഗലം കോട്ടപ്പടി, പിണ്ടിമന മേഖലകളില്‍ ആഴ്ചകളായി ജനങ്ങളുടെ ഉറക്കം കെടുത്തിയ കാട്ടാനയെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ ആനയ്ക്ക് റേഡിയോ കോളര്‍ ധരിപ്പിക്കുകയും ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. വായില്‍ ഗുരുതരമായി പരുക്കേറ്റിരുന്ന ആനയ്ക്ക് വിദഗ്ധ സംഘം പ്രാഥമിക ചികിത്സയും നല്‍കി.
വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും വെറ്ററിനറി സര്‍ജനും അടങ്ങുന്ന സംഘം ദൗത്യം ആരംഭിച്ചത്. കോട്ടപ്പാറ വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ മേഖലയില്‍ വെച്ച് ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ആന വേഗത്തില്‍ ഉള്‍ക്കാട്ടിലേക്ക് നീങ്ങുകയായിരുന്നു. കാട്ടിനുള്ളില്‍ മറ്റ് ആനക്കൂട്ടങ്ങള്‍ക്കൊപ്പം ഈ ആനയും ചേര്‍ന്നതോടെ റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന നടപടികള്‍ ആദ്യ ഘട്ടത്തില്‍ തടസപ്പെട്ടു.
തുടര്‍ന്ന് വനപാലകര്‍ ആനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് മാറ്റിയ ശേഷമാണ് ദൗത്യം പൂര്‍ത്തിയാക്കാനായത്. ആന പൂര്‍ണമായും മയങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം രണ്ട് ഡോസ് മയക്കുവെടിയുടെ സഹായത്തോടെയാണ് റേഡിയോ കോളര്‍ വിജയകരമായി ഘടിപ്പിച്ചത്. വായിലെ മുറിവ് കാരണം കട്ടിയുള്ള വനാഹാരങ്ങള്‍ കഴിക്കാന്‍ സാധിക്കാത്തതിനാലാണ് ആന നിരന്തരം കൃഷിയിടങ്ങളിലേക്കും ജനവാസമേഖലയിലേക്കും ഇറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂള്‍ ബസിന് മുന്നില്‍ വരെ ആന എത്തിയതോടെ പ്രദേശവാസികള്‍ വലിയ പ്രതിഷേധത്തിലായിരുന്നു.
റേഡിയോ കോളര്‍ സിഗ്‌നലുകള്‍ വഴി വരും ദിവസങ്ങളില്‍ ആനയുടെ സഞ്ചാരപഥം വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കും. വരും ദിവസങ്ങളില്‍ ഇതിനെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിടാനാണ് വനം വകുപ്പ് പദ്ധതിയിടുന്നത്. സ്ഥലത്ത് ക്യാമ്പ് ചെയ്ത ഡീന്‍ കുര്യാക്കോസ് എം.പി, ഷിബു തെക്കുംപുറം എം.എല്‍.എ എന്നിവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.
അതേസമയം ആനയെ കേവലം കാട്ടിലേക്ക് തുരത്തുന്നതില്‍ നാട്ടുകാര്‍ പൂര്‍ണ തൃപ്തരല്ല. അരിക്കൊമ്പന്‍ ദൗത്യ മാതൃകയില്‍ ഈ ആനയെയും ഈ പ്രദേശത്ത് നിന്ന് ജനവാസമില്ലാത്ത മറ്റൊരു വനമേഖലയിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. വരും ദിവസങ്ങളിലെ ആനയുടെ സ്വഭാവം വിലയിരുത്തിയാകും ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.