പ്രതിസന്ധികൾക്കിടയിൽ ഇറാന് വൻ ഊർജ്ജ നിക്ഷേപം; 10,500 കോടി ഡോളറിന്റെ പുതിയ ശേഖരം കണ്ടെത്തി

പ്രതിസന്ധികൾക്കിടയിൽ ഇറാന് വൻ ഊർജ്ജ നിക്ഷേപം; 10,500 കോടി ഡോളറിന്റെ പുതിയ ശേഖരം കണ്ടെത്തി

ടെഹ്റാൻ: അമേരിക്കൻ ഉപരോധവും സംഘർഷങ്ങളും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ രാജ്യത്തിന് വലിയ ആശ്വാസമായി പുതിയ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി ഇറാൻ. 10,500 കോടി ഡോളർ മൂല്യംമതിപ്പുള്ള പുതിയ ഊർജ ശേഖരമാണ് ഇറാൻ പെട്രോളിയം മന്ത്രി മൊഹ്സെൻ പക്നെജാദ് ഔദ്യോഗികമായി പുറത്തുവിട്ടത്.

ഏകദേശം 7.5 ട്രില്യൺ ക്യുബിക് അടി പ്രകൃതി വാതകമാണ് പുതിയതായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ നിന്ന് 5.7 ട്രില്യൺ ക്യൂബിക് അടി വാതകം വാണിജ്യാടിസ്ഥാനത്തിൽ സുരക്ഷിതമായി ഖനനം ചെയ്തെടുക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള 'സ്വീറ്റ് ഗ്യാസ്' വിഭാഗത്തിൽ പെട്ടതാണിത്.

ഹൈഡ്രജൻ സൾഫൈഡ് പോലുള്ള മാലിന്യങ്ങൾ വളരെ കുറവായതിനാൽ ഇവ സംസ്കരിച്ചെടുക്കാനുള്ള പ്രവർത്തനച്ചിലവ് വളരെ കുറവായിരിക്കും. പ്രകൃതി വാതകത്തിന് പുറമേ ശതകോടിക്കണക്കിന് ഡോളർ മൂല്യം വരുന്ന ഗ്യാസ് കോൺഡൻസേറ്റുകളും ഈ ശേഖരത്തിലുണ്ട്.

ഇറാന്റെയും ലോകത്തെയും ഏറ്റവും വലിയ പ്രകൃതി വാതക പാടങ്ങളിലൊന്നായ 'സൗത്ത് പാർസ്' ഗ്യാസ് ഫീൽഡിൽ നിന്നുള്ള പതിനഞ്ച് വർഷത്തെ ഉൽപ്പാദനത്തിന് തുല്യമാണ് പുതിയ കണ്ടെത്തലെന്ന് പെട്രോളിയം മന്ത്രി വ്യക്തമാക്കി. അമേരിക്കയുമായുള്ള സംഘർഷങ്ങളെത്തുടർന്ന് രാജ്യത്തിന്റെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾക്ക് കാര്യമായ നാശനഷ്ടം സംഭവിക്കുകയും പ്രതിദിനം ദശലക്ഷക്കണക്കിന് ക്യുബിക് മീറ്റർ വാതക ഉൽപ്പാദനം തടസപ്പെടുകയും ചെയ്തിരുന്നു. തകരാറിലായ ഊർജ മേഖലയെ തിരിച്ചു പിടിക്കാൻ രാജ്യം ശ്രമിക്കുന്നതിനിടയിലാണ് ഈ നിർണായക നേട്ടം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.