ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിന്‍ കായ് ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആമസോണ്‍, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ്ബാസ്‌കറ്റ് എന്നിവയുടെ ഭക്ഷ്യ ലൈസന്‍സുകള്‍ കര്‍ണാടക സര്‍ക്കാര്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു.
ഉമ്മത്തിന്‍ കായ്, അവയുടെ വിത്തുകള്‍ എന്നിവ ഓണ്‍ലൈനിലൂടെ വില്‍ക്കുന്നുവെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തുകയും വിഷാംശമുള്ള പഴങ്ങളും വിത്തുകളും വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഭക്ഷ്യവസ്തുക്കളെന്ന നിലയില്‍ വില്‍പനയ്ക്ക് പ്രദര്‍ശിപ്പിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു.
ചില പായ്ക്കറ്റുകളില്‍ ഭക്ഷ്യ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന്‍ നമ്പറുകളും രേഖപ്പെടുത്തിയിരുന്നു. മനുഷ്യര്‍ കഴിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ജീവഹാനി ഉള്‍പ്പെടെ സംഭവിക്കാനും ഇടയാക്കാവുന്ന ഉല്‍പ്പന്നമാണ് ഉമ്മത്തിന്‍ കായ് എന്ന് അധികൃതര്‍ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയുടെ പ്രതിനിധികളെ ഭക്ഷ്യസുരക്ഷാ വിഭാഗം വിളിച്ചു വരുത്തിയെങ്കിലും ആമസോണ്‍ അധികൃതര്‍ മറുപടി സമര്‍പ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് മറുപടി നല്‍കുന്നതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷാംശമുള്ള പഴങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിര്‍ത്തിയതായി ബിഗ്ബാസ്‌കറ്റ് സ്ഥിരീകരിച്ചു. ഭാവിയില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ലേബലില്‍ 'മനുഷ്യ ഉപഭോഗത്തിനല്ല' എന്ന് വ്യക്തമായി രേഖപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.
ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകള്‍ നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വിലയിരുത്തല്‍. വിഷമുള്ള പഴങ്ങളും വിത്തുകളും ഭക്ഷ്യവസ്തുവായി സംഭരിക്കുകയോ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാന്‍ അനുമതിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇതിനെ തുടര്‍ന്നാണ് ആമസോണ്‍, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ്ബാസ്‌കറ്റ് എന്നിവയുടെ ഭക്ഷ്യ ലൈസന്‍സുകള്‍ തുടര്‍ ഉത്തരവുണ്ടാകുന്നതുവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.