ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ പക്കലുള്ള വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി. ഇത്തരം വിവരങ്ങളുടെ അനധികൃത ഉപയോഗം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. നിയമപരമായ ബാധ്യതയുടെ ഭാഗമായി വ്യക്തികള്‍ സര്‍ക്കാരിന് കൈമാറുന്ന വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു.
പിയൂഷ് ശര്‍മ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. പ്രൊവിഡന്റ് ഫണ്ട്, ആദായനികുതി രേഖകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യ തൊഴില്‍ പരിശോധനാ സംവിധാനങ്ങളിലൂടെ ലഭ്യമാക്കുന്നുവെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
പാന്‍, യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുകള്‍ എന്നിവ ഉപയോഗിച്ച് ഒരാളുടെ ജോലി സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതായി ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ഇതിനായി ഒ.ടി.പി പരിശോധന നടന്നില്ലെന്നും വ്യക്തമായ സമ്മതം തേടിയില്ലെന്നും തിരിച്ചറിയല്‍ സ്ഥിരീകരിക്കുന്നതിനുള്ള ആവശ്യമായ അനുമതി നടപടികളും ഉണ്ടായിരുന്നില്ലെന്നും അദേഹം ആരോപിച്ചു.
സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് ആരോപിക്കുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. എന്നാല്‍ വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കൈമാറുന്ന വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന സാഹചര്യം ഗൗരവമായി കാണേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
വിഷയം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ കോടതി ഇത് പ്രധാനമായും നയപരമായ തീരുമാനത്തിലൂടെ പരിഹരിക്കേണ്ട വിഷയമാണെന്ന് വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് രണ്ട് വിശദമായ നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.