രണ്ട് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച പരീക്ഷണം; കോട്ടപ്പുറം കായലില്‍ കൂട് കൃഷിയിലൂടെ 'മത്സ്യവിപ്ലവം' സൃഷ്ടിച്ച് ഫാ. ജോണ്‍സണ്‍ പങ്കേത്ത്

രണ്ട് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച പരീക്ഷണം; കോട്ടപ്പുറം കായലില്‍ കൂട് കൃഷിയിലൂടെ 'മത്സ്യവിപ്ലവം' സൃഷ്ടിച്ച് ഫാ. ജോണ്‍സണ്‍ പങ്കേത്ത്

കൊച്ചി: എതിര്‍ അഭിപ്രായങ്ങള്‍ അവഗണിച്ച് രണ്ട് പതിറ്റാണ്ട് മുന്‍പ് ഒരു വൈദികന്‍ നടത്തിയ പരീക്ഷണം ഇന്ന് എറണാകുളം ജില്ലയിലെ കോട്ടപ്പുറം, തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ കായലോരങ്ങളിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിമാസം ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള വലിയൊരു ബിസിനസ് മോഡലായി മാറി.

തുടങ്ങുമ്പോള്‍ ആര്‍ക്കും കേട്ടുകേള്‍വി പോലുമില്ലാതിരുന്ന മത്സ്യക്കൂട് കൃഷിയാണ് ഇന്ന് നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമായി ഡോ. ഫാ. ജോണ്‍സണ്‍ പങ്കേത്ത് മാറ്റിയെടുത്തത്.

കൂട് കൃഷിയിലൂടെ തനിക്ക് ഇപ്പോള്‍ പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഈ മേഖലയില്‍ 20 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന കര്‍ഷകന്‍ കോട്ടപ്പുറം വലിയപറമ്പില്‍ ജോസഫ് ഷിബു പറഞ്ഞു. ഇത് ഫാ. ജോണ്‍സണ്‍ പങ്കേത്തിന്റെ ദീര്‍ഘ വീക്ഷണത്തിനുള്ള ഏറ്റവും വലിയ തെളിവാണെന്നും അദേഹം വ്യക്തമാക്കി.

2004ലെ സുനാമിക്ക് ശേഷം കടുത്ത ദുരിതത്തിലായ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കാനും അവരെ പുനരധിവസിപ്പിക്കാനുമുള്ള അന്വേഷണത്തിലാണ് കോട്ടപ്പുറം ലത്തീന്‍ രൂപതയുടെ സാമൂഹ്യസേവന സംഘടനയായ 'കിഡ്സ്' ഡയറക്ടറായിരുന്ന ഫാ. ജോണ്‍സണ്‍ പങ്കേത്ത് ന്യൂസിലന്‍ഡില്‍ പ്രചാരത്തിലുള്ള കൂട് കൃഷിയെപ്പറ്റി അറിയുന്നത്.

വലിയ ഇരുമ്പ് ഫ്രെയിമുകളുണ്ടാക്കി അതില്‍ വലകെട്ടി കായലിലിട്ട് അതിനുള്ളില്‍ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ഈ രീതി ആദ്യകാലങ്ങളില്‍ കര്‍ഷകര്‍ക്ക് പോലും സ്വീകാര്യമായിരുന്നില്ല.

തുടര്‍ന്ന് വിദഗ്ദ്ധരെ കൊണ്ടുവന്ന് ക്ലാസുകള്‍ നല്‍കിയും ബോധവല്‍ക്കരണം നടത്തിയും 25 ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ അദേഹം സംഘടിപ്പിച്ചു. ഇവര്‍ക്കാവശ്യമായ കൂടുകളും മറ്റ് സാമ്പത്തിക സഹായങ്ങളും നല്‍കി 'കാളാഞ്ചി' മത്സ്യക്കുഞ്ഞുങ്ങളെ കായലില്‍ നിക്ഷേപിച്ചു.

എന്നാല്‍ തുടക്കത്തില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ആദ്യ ഘട്ടത്തിലുണ്ടായിരുന്ന 25 പേരില്‍ പലരും ഇതോടെ പദ്ധതി ഉപേക്ഷിച്ചു പോയെങ്കിലും തോറ്റു പിന്മാറാന്‍ ഫാ. ജോണ്‍സണ്‍ തയ്യാറായില്ല. മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ പ്രതിവിധി കണ്ടെത്തുകയും ശേഷിച്ച തൊഴിലാളികളെ ചേര്‍ത്തു നിര്‍ത്തി വീണ്ടും കൃഷിയിറക്കുകയും ചെയ്തു.

നീണ്ട കാത്തിരിപ്പിനൊടുവില്‍ വലകള്‍ പൊട്ടിപ്പോകുന്ന തരത്തില്‍ കാളാഞ്ചി മത്സ്യങ്ങള്‍ വളര്‍ന്നു വലുതായി. ആദ്യ വിളവെടുപ്പ് വന്‍ വിജയമായതോടെ നാട്ടുകാര്‍ക്കും മറ്റ് കര്‍ഷകര്‍ക്കും ഇത് വലിയ ആവേശമായി മാറി. ഇന്ന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ അഞ്ച് കിലോ വരെയുള്ള വമ്പന്‍ കാളാഞ്ചികളാണ് ഇവിടുത്തെ കൂടുകളിലുള്ളത്.

ആവശ്യക്കാര്‍ക്ക് ഏത് തൂക്കത്തിലുള്ള മത്സ്യങ്ങളും എത്രയെണ്ണം വേണമെങ്കിലും ഒരേസമയം ജീവനോടെ നല്‍കാനാകുമെന്നതാണ് ഈ കൃഷിയുടെ പ്രത്യേകത. കിലോയ്ക്ക് 600 രൂപ നിരക്കിലാണ് ഇവിടെ കാളാഞ്ചി വില്‍ക്കുന്നത്. കുഞ്ഞുങ്ങളെ നിക്ഷേപിച്ചാല്‍ വെറും 45 ദിവസത്തിനുള്ളില്‍ വിളവെടുക്കാനാകും. ഹാര്‍ബറുകളില്‍ നിന്ന് ശേഖരിക്കുന്ന ചെറുമീനുകളാണ് ഇവയ്ക്ക് പ്രധാനമായും ഭക്ഷണമായി നല്‍കുന്നത്.

നിലവില്‍ ഓരോ കര്‍ഷകര്‍ക്കും 15 ഓളം കൂടുകളുണ്ട്. എറണാകുളം, തൃശൂര്‍ ഭാഗങ്ങളിലെ വന്‍കിട ഹോട്ടലുകളിലേക്കാണ് ഇവിടെനിന്നും പ്രധാനമായും മത്സ്യങ്ങള്‍ എത്തിക്കുന്നത്. ജീവനുള്ള കാളാഞ്ചി മത്സ്യങ്ങളെ പ്രത്യേകം തയ്യാറാക്കിയ ബോക്‌സുകളിലാക്കിയാണ് ഹോട്ടലുകളില്‍ എത്തിച്ചു കൊടുക്കുന്നത്.

സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് ഫിഷറീസ് വകുപ്പ് വഴി കൂടുതല്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്ന രീതിയില്‍ ഈ മേഖലയെ ഒരു പ്രധാന വ്യവസായമായി വികസിപ്പിക്കണമെന്നാണ് ഫാ. ജോണ്‍സണ്‍ പങ്കേത്തിന്റെ പ്രധാന ആവശ്യം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.