ന്യൂഡല്‍ഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ഉയര്‍ത്തുന്ന യുദ്ധ ഭീഷണികള്‍ക്കും കടുത്ത പ്രസ്താവനകള്‍ക്കും ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ പൂര്‍ണമായും വിശ്വസനീയമായ രീതിയിലും ശാശ്വതമായും അവസാനിപ്പിക്കാതെ ഈ വിഷയത്തില്‍ യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന കരാറിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് സുസ്ഥിരമാണെന്നും അതില്‍ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്.
തങ്ങള്‍ക്ക് അവകാശപ്പെട്ട സിന്ധുനദീജല വിഹിതം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന കൈകള്‍ വെട്ടിമാറ്റുമെന്ന പാകിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്കിന്റെ പ്രസ്താവനയും ഇന്ത്യ വെള്ളം നിഷേധിക്കുന്നത് ആണവ യുദ്ധത്തിന് വരെ വഴിതെളിച്ചേക്കാമെന്ന പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദാര്‍, ബിലാവല്‍ ഭൂട്ടോ എന്നിവരുടെ ഭീഷണികളുമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ഇത്തരം പ്രസ്താവനകള്‍ പാകിസ്ഥാന്റെ ആഭ്യന്തര പരാജയങ്ങളില്‍ നിന്നും മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള വില കുറഞ്ഞ തന്ത്രങ്ങള്‍ മാത്രമാണെന്ന് ഇന്ത്യ പരിഹസിച്ചു.
ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകില്ലെന്ന നയം വ്യക്തമാക്കിയ ഇന്ത്യ, പാക് ഭീഷണികളെ പൂര്‍ണമായി തള്ളിക്കളയുകയാണ് ചെയ്തത്.
സിന്ധു നദീജല കരാര്‍
ലോക ബാങ്കിന്റെ മധ്യസ്ഥതയില്‍ 1960 ല്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ച ചരിത്രപരമായ കരാറാണിത്. ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന ആറ് പ്രധാന നദികളിലെ വെള്ളം പങ്കിടുന്നതിനുള്ള വ്യക്തമായ വ്യവസ്ഥകള്‍ ഇതിലുണ്ട്. കരാര്‍ പ്രകാരം കിഴക്കന്‍ നദികളായ റാവി, ബിയാസ്, സത്ലജ് എന്നിവയിലെ ജലം ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് പൂര്‍ണ അവകാശമുണ്ട്. എന്നാല്‍ പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജലം ഉപയോഗിക്കാനുള്ള അവകാശം പാകിസ്ഥാനാണ്. ഈ പടിഞ്ഞാറന്‍ നദികളില്‍ വലിയ അണക്കെട്ടുകള്‍ നിര്‍മിച്ച് വെള്ളം പൂര്‍ണമായി തടയാന്‍ ഇന്ത്യയ്ക്ക് അനുവാദമില്ല.
മരവിപ്പിക്കലിലേക്ക് നയിച്ച സാഹചര്യങ്ങള്‍
കഴിഞ്ഞ വര്‍ഷം ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കടുത്ത നടപടിയെന്നോണം സിന്ധു നദീജല കരാര്‍ ഔദ്യോഗികമായി മരവിപ്പിച്ചത്. 65 വര്‍ഷത്തോളം പഴക്കമുള്ള ഈ കരാര്‍ നിലവിലെ രാഷ്ട്രീയ-കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും ഇതില്‍ വലിയ പുനപരിശോധനകള്‍ ആവശ്യമാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. കരാര്‍ പാകിസ്ഥാന് കൂടുതല്‍ അനുകൂലമായതിനാല്‍ അവര്‍ മാറ്റങ്ങള്‍ക്ക് തയ്യാറാകുന്നില്ല.
അയല്‍ രാജ്യത്ത് ഭീകരത വിതയ്ക്കുന്ന പാകിസ്ഥാന് ഇന്ത്യയില്‍ നിന്നുള്ള ജലം ഒഴുക്കിക്കൊടുക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലേക്ക് ഇന്ത്യ നീങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര യുദ്ധം പുതിയ തലത്തിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.